ന്യൂയോർക്കിലെ റെയിൽവേ സ്റ്റേഷനിൽ കാള കയറി; ട്രാക്കിലൂടെ ഓട്ടം, ട്രെയിൻ നിർത്തിവച്ചു
Mail This Article
യുഎസിൽ റെയിൽവേ ട്രാക്കിൽ കാളകയറിയതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ന്യൂജഴ്സിക്കും ന്യൂയോർക്കിനുമിടയിലുള്ള ട്രെയിൻ ഗതാഗതമാണ് മുക്കാൽ മണിക്കൂർ തടസ്സപ്പെട്ടത്. നെവാർക്ക് പെൻ സ്റ്റേഷനിലെ ട്രാക്കിലൂടെ കാള ഓടുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ വൈറലാണ്. ഡിസംബർ 14നായിരുന്നു സംഭവം.
രാവിലെ 10.30ഓടെയാണ് കാള റെയിൽവേ സ്റ്റേഷനിലേക്ക് കടന്നത്. ട്രാക്കിൽ കയറിയതോടെ അതുവഴി വരുന്ന ട്രെയിനുകളെല്ലാം നിർത്തിവച്ചു. പിന്നീട് പൊലീസെത്തി കാളയെ ട്രാക്കിൽ നിന്നും മാറ്റി. എന്നാൽ സ്റ്റേഷന്റെ പലഭാഗത്തായി കാളയുടെ യാത്ര തുടർന്നു. ഒടുവിൽ ഉച്ചയോടെ കാളയെ പിടികൂടുകയായിരുന്നു.
കാളയുടെ വിഡിയോ ന്യൂജഴ്സി ഗവർണർ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. ‘ന്യൂജഴ്സിയുടെ ഭാവിയെക്കുറിച്ച് ഞാൻ എപ്പോഴും ബുള്ളിഷ് ആയിരുന്നു. എന്നാൽ ഇത് അതിനും മുകളിലാണ്.’– അദ്ദേഹം കുറിച്ചു. ഇതിനുമുൻപും ന്യൂയോർക്കിൽ പലയിടങ്ങളിൽ കാളകൾ റോഡിലിറങ്ങുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.