ADVERTISEMENT

കേരളത്തിന്റെ മണ്ണിൽ ജീവിക്കുന്ന നാല് ഭൂഗർഭമീനുകൾ വംശനാശഭീഷണിയിൽ. ക്രിപ്റ്റോഗ്ലാനിസ് ഷാജി, ഹൊറഗ്ലാനിസ് അബ്ദുൽ കലാമി, പാഞ്ചിയോ ഭുജിയ, എനിഗ്മചന്ന ഗൊല്ലം എന്നിവയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) എന്ന ഏജൻസിയാണ് പട്ടിക തയാറാക്കിയത്. ഷാജിയും കലാമിയും ഭുജിയയും അതീവസംരക്ഷണം ലഭിക്കേണ്ട ഇനങ്ങളാണെന്ന് ഏജൻസി വ്യക്തമാക്കുന്നു.

2011ൽ തൃശൂർ പേരാമ്പ്രയിലെ ഒരു വീട്ടിൽനിന്നാണ് ക്രിപ്റ്റോഗ്ലാനിസ് ഷാജിയെ കണ്ടെത്തിയത്. വീട്ടിലെ പൈപ്പിലൂടെ വന്ന മീനിനെ മിഡു എന്ന പെൺകുട്ടിയാണ് ആദ്യം കണ്ടത്. അതിനാൽ ഈ മീനിനെ മിഡു മീൻ എന്നും ശാസ്ത്രജ്ഞർ വിളിക്കാറുണ്ട്. സംസ്ഥാന ജൈവവൈവിധ്യബോർഡ് മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി.പി. ഷാജിയോടുള്ള ബഹുമാനാർഥമാണ് ശാസ്ത്രനാമത്തിൽ ഷാജി എന്ന പേര് ഉൾപ്പെടുത്തിയത്. ആറ് സെന്റിമീറ്റർ നീളം, വികാസംപ്രാപിക്കാത്ത കണ്ണ്, സുതാര്യമായ ത്വക്ക് എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ.

ഹൊറഗ്ലാനിസ് അബ്ദുൽ കലാമി (Photo: X /@JayachandranPR)
ഹൊറഗ്ലാനിസ് അബ്ദുൽ കലാമി (Photo: X /@JayachandranPR)

2012ല്‍ തൃശൂർ പുതുക്കാടിനു സമീപമാണ് കലാമിയെ കണ്ടെത്തുന്നത്. മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനോടുള്ള ബഹുമാനാർഥമാണ് പേരിട്ടത്. മീശരോമമുള്ള കണ്ണില്ലാത്ത ഈ മീനിന് നാല് സെന്റിമീറ്റർ നീളമുണ്ട്. കിണറിൽ മാത്രം വസിക്കുന്ന ഇവ പുതുക്കാടിനു 5 കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് കാണപ്പെടുന്നത്.

കോഴിക്കോട് ചേരിഞ്ചാലിൽ നിന്ന് 2019ലാണ് ഭുജിയയെ കണ്ടെത്തുന്നത്. വടക്കേ ഇന്ത്യയിലെ ഭുജിയ മിക്സചറുമായി രൂപസാദൃശ്യമുള്ളതുകൊണ്ടാണ് ഈ പേരിട്ടത്. പാതാളപ്പൂന്തരകൻ എന്ന പേരിലും അറിയപ്പെടുന്നു. ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോ ഇതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. കോട്ടയ്ക്കൽ, തൃശൂർ, വിയ്യൂർ എന്നിവിടങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

pathalapoontharakan

അതേ വർഷം മലപ്പുറം വേങ്ങരയിൽ കണ്ടെത്തിയ മീൻ ആണ് എ നിഗ്മചന്ന ഗൊല്ലം. 120 വർഷം പഴക്കമുള്ള ജീവിവർഗം കോഴിക്കോട് പേരാമ്പ്ര, തിരുവല്ല, മലയാറ്റൂർ എന്നിവിടങ്ങളിലും കാണപ്പെടുന്നു. 12 സെന്റിമീറ്റർ നീളമുള്ള ഗൊല്ലം പാമ്പിനെ പോലെയാണ് സഞ്ചരിക്കുക.

എനിഗ്മചന്ന ഗൊല്ലം  (Photo: X /@gabbysfishes)
എനിഗ്മചന്ന ഗൊല്ലം (Photo: X /@gabbysfishes)
English Summary:

Under the Soil of Kerala: The Plight of Four Mysterious Underground Fish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com