ADVERTISEMENT

വരൾച്ച രൂക്ഷമായതിനെത്തുടർന്ന് സിംബാവെയിലെ ഹ്വാംഗെ ദേശീയോദ്യാനത്തിൽ നൂറിൽപരം ആനകൾ ചരിഞ്ഞതായി റിപ്പോർട്ട്. എൽ നിനോ പ്രതിഭാസത്തിന്റെ ഫലമായി ഉണ്ടായ വരൾച്ചയെ തുടർന്ന് ജീവൻ നിലനിർത്താൻ വെള്ളം ലഭിക്കാത്തതു മൂലമാണ് ആനകൾ ചെരിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. സിംബാവെയിലെ ഏറ്റവും വലിയ ഗെയിം റിസർവാണ് ഹ്വാംഗെ ദേശീയോദ്യാനം. 

എൽ നിനോ പ്രതിഭാസം മൂലം പ്രദേശത്ത് വേനൽ മഴ അഞ്ചാഴ്ചയിൽ അധികമായി വൈകിയ സ്ഥിതിയുണ്ട്. ഇതാണ് ജലലഭ്യത അപകടകരമാം വിധത്തിൽ കുറയാനുള്ള കാരണം. ദേശീയോദ്യാനത്തിന്റെ പല മേഖലകളിലായി ഡസൻ കണക്കിന് ആനകളുടെ ജഡങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കണക്കാക്കപ്പെട്ടിട്ടുള്ളവയുടെ എണ്ണം തന്നെ നൂറിനു മുകളിൽ വരുമെന്ന് ഇന്റർനാഷണൽ ഫണ്ട് ഫോർ ആനിമൽ വെൽഫെയർ എന്ന സംഘടന അറിയിക്കുന്നു. മഴ ഇനിയും ലഭിക്കാതിരുന്നാൽ കൂടുതൽ ആനകളുടെ ജീവൻ നഷ്ടമായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഹ്വാംഗെ ദേശീയോദ്യാനത്തിൽ ചരിഞ്ഞ ആന ([Photo: X/ @TOPXNews)
ഹ്വാംഗെ ദേശീയോദ്യാനത്തിൽ ചരിഞ്ഞ ആന ([Photo: X/ @TOPXNews)

ഹ്വാംഗെ ദേശീയോദ്യാനത്തിൽ പ്രധാന നദികളുടെ ഒന്നും സാന്നിധ്യമില്ല. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോർഹോളുകളെയാണ് ഇവിടുത്തെ മൃഗങ്ങൾ ജലത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. ഇത്തരത്തിൽ 104 ബോർ ഹോളുകൾ പലഭാഗങ്ങളിലായി നിലവിലുണ്ടെങ്കിലും കൊടുംചൂടു മൂലം ഇത് അപര്യാപ്തമായ അവസ്ഥയാണ്. വനത്തിലെ സ്വാഭാവിക ജലാശയങ്ങൾ വറ്റിവരണ്ടു കഴിഞ്ഞു. ഇത് മൂലം ഭക്ഷണവും വെള്ളവും തേടി ദീർഘദൂരം മൃഗങ്ങൾ അലയുന്ന സ്ഥിതിയുമുണ്ട്. 

ഹ്വാംഗെ ദേശിയോദ്യാനത്തിലെ ആനകളുടെ എണ്ണം 45,000 ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. പൂർണവളർച്ചയെത്തിയ ഒരാനയ്ക്ക് പ്രതിദിനം 200 ലിറ്റർ വെള്ളമെങ്കിലും ആവശ്യമായി വരും. എന്നാൽ ഇതിന്റെ പകുതി പോലും ലഭിക്കാനുള്ള സാധ്യത നിലവിലില്ല. ആനകളുടെ ജഡങ്ങളിൽ ഏറെയും ജലാശയങ്ങൾക്ക് സമീപമാണ് കണ്ടെത്തിയിരിക്കുന്നത്. ചുരുക്കം ചിലത് മാത്രം കുറ്റിക്കാടുകളിലും അവശേഷിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എത്രത്തോളം തീവ്രമാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഹ്വാംഗെ ദേശീയോദ്യാനത്തിലെ നിലവിലെ അവസ്ഥ എന്ന് പാർക്കിലെ പ്രിൻസിപ്പൽ ഇക്കോളജിസ്റ്റായ ഡാഫിൻ മദ്‌ലമോട്ടോ പറയുന്നു.

ഹ്വാംഗെ ദേശീയോദ്യാനത്തിൽ ചരിഞ്ഞ ആന ([Photo: X/ @ifawglobal)
ഹ്വാംഗെ ദേശീയോദ്യാനത്തിൽ ചരിഞ്ഞ ആന ([Photo: X/ @ifawglobal)

നവംബർ മുതൽ മാർച്ച് വരെയുള്ള കാലയളവാണ് സിംബാവെയിലെ മഴക്കാലം. പക്ഷേ ഈ വർഷം ഇതുവരെയും ആവശ്യത്തിനു മഴ ലഭിച്ചിട്ടില്ല. 2024ലും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമെന്ന സൂചനയല്ല കാലാവസ്ഥ കേന്ദ്രം നൽകുന്നത്. വരുംവർഷവും വരൾച്ച ഇതേ നിലയിൽ തുടരാനാണ് സാധ്യത. അതേസമയം വെള്ളം കിട്ടാക്കനിയായതോടെ ആനകൾ കൂട്ടമായി ബോട്സ്വാനയിലേയ്ക്ക് നീങ്ങാൻ നിർബന്ധിതരാകുന്നുവെന്നും പാർക്ക് റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ പ്രതിസന്ധിയെ മറികടക്കാനും കൂടുതൽ മൃഗങ്ങളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും ജലസംഭരണികളിലെ ചെളി നീക്കി സോളാർ കിണറുകളിലൂടെ കൂടുതൽ വെള്ളം പമ്പ് ചെയ്‌ത് അധിക ജലം വിതരണം ചെയ്യാനാണ് കൺസർവേഷൻ ഗ്രൂപ്പുകളുടെ ശ്രമം.

English Summary:

Crisis in Hwange: El Nino-Driven Drought Claims Lives of More Than 100 Elephants in Zimbabwe's Largest Reserve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com