പിന്നിൽ ബാഗുമിട്ട് കടയിൽ പോയി മീൻ വാങ്ങിവരും; ജപ്പാന്‍കാരുടെ പ്രിയപ്പെട്ട പെൻഗ്വിൻ ‘ലാല’
Mail This Article
1996ൽ ജപ്പാനിൽ ഒരു ഡോക്യുമെന്ററി ഇറങ്ങി. വീട്ടിൽ വളർത്തുന്ന പെൻഗ്വിൻ ‘ലാല’യെക്കുറിച്ച്. മത്സ്യത്തൊഴിലാളി കണ്ടെത്തിയ പെൻഗ്വിൻ ഒരു കുടുംബത്തിന്റെ അരുമയായി വളർന്ന കഥ പുറംലോകം അറിഞ്ഞതോടെ ലാല സെലബ്രിറ്റിയായി മാറുകയായിരുന്നു. 1998ൽ ലോകത്തോട് വിടപറഞ്ഞ ലാലയുടെ വിഡിയോ ഇന്‍സ്റ്റഗ്രാമിൽ വർഷങ്ങൾക്കുശേഷം ഇടംപിടിച്ചിരിക്കുകയാണ്.
പരുക്കേറ്റ് വലയിൽ കുടുങ്ങിയ പെൻഗ്വിനെ മത്സ്യത്തൊഴിലാളി രക്ഷിക്കുകയായിരുന്നു. അവനെ രക്ഷിക്കുകയും പരിചരിക്കാനായി മറ്റൊരു കുടുംബത്തെ ഏൽപ്പിക്കുകയും ചെയ്തു. അവർ അവനെ പൊന്നുപോലെ നോക്കി. ലാല എന്ന് പേരിട്ട് വിളിച്ചു. കിടക്കാനായി എസി മുറിയൊരുക്കി. ഒടുവിൽ അരുമയായി ലാല അവർക്കൊപ്പം തന്നെ തുടരുകയായിരുന്നു.
നിരവധി മാധ്യമങ്ങൾ ലാലയുടെ വിശേഷങ്ങൾ അറിയാന്‍ കുടുംബവുമായി അഭിമുഖം നടത്താൻ ആഗ്രഹിച്ചു. എന്നാൽ റിയൽ ടിവിക്ക് മാത്രമാണ് ഡോക്യുമെന്ററി ചെയ്യാൻ അനുവാദം നൽകിയത്. ലാലയ്ക്ക് 10 വയസുള്ളപ്പോഴാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.
വീട്ടുകാർ ലാലയ്ക്ക് കടയിൽ പോയി അവനുവേണ്ട മീൻ വാങ്ങിവരാൻ പരിശീലിപ്പിച്ചു. ബാഗും പിന്നിലിട്ട് കടയിലേക്ക് പോകും. ജീവനക്കാരി കഴിക്കാൻ ഒരു മീൻ കൊടുക്കുകയും ബാക്കി ബാഗിലുംവച്ച് വീട്ടിലേക്ക് മടങ്ങുന്നതും വിഡിയോയിൽ കാണാം.