അമ്പോ, എന്തൊരു വില ! ലേലത്തിൽ 20 ലക്ഷം രൂപ നേടിയ മധുരമത്തങ്ങ
Mail This Article
പഴങ്ങൾ നമുക്കെല്ലാം ഇഷ്ടമാണ്. എന്തെല്ലാം തരത്തിലുള്ള പഴങ്ങൾ ലോകത്തുണ്ട്, ആപ്പിൾ, ഓറഞ്ച്, മാമ്പഴം, ചക്കപ്പഴം, ഡ്രാഗൺഫ്രൂട്ട്, മാതളനാരങ്ങ. എന്നാൽ ലോകത്തെ ഏറ്റവും വില കൂടി പഴമേതെന്ന് അറിയുമോ. ആ പഴത്തിന്റെ പേരാണ് യുബാരി കിങ് മെലോൺ. മധുരമത്തങ്ങ വിഭാഗത്തിൽപെടുന്നതാണ് ഈ പഴം. ജപ്പാനിലെ ഹൊക്കെയ്‌ഡോ ദ്വീപിലുള്ള യുബാരി എന്ന സ്ഥലത്തുമാത്രമാണ് യുബാരി കിങ് മെലോൺ വളരുന്നത്. യുബാരിയിലെ കാലാവസ്ഥ മൂലമാണ് ഈ മത്തന് ഇത്രയും വലിയ വില വരുന്നത്. യുബാരിയിൽ രാത്രിയും പകലും തമ്മിലുള്ള താപനിലയിൽ വലിയ വ്യത്യാസമുണ്ട്. ഇതു മൂലം നല്ല മധുരവും രുചിയും ഈ പഴത്തിൽനിന്നു ലഭിക്കുന്നു. ഇതുമൂലമാണ് ഇത്രയും വലിയ വില ഇതിനാകുന്നത്.
സാധാരണഗതിയിൽ 200 യുഎസ് ഡോളറൊക്കെ ഈ പഴങ്ങളിലൊന്നിന് വില കിട്ടും. എന്നാൽ 2022ൽ ഇത്തരമൊരു പഴം ലേലം ചെയ്തപ്പോൾ ലഭിച്ച തുക 20 ലക്ഷം രൂപയ്ക്കടുത്താണ്. അപാരമായ രുചിക്കു പുറമേ രോഗപ്രതിരോധവ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന ഗുണങ്ങളും ഈ പഴത്തിനുണ്ട്. പൊട്ടാസ്യം ധാരാളമായി ഇതിലടങ്ങിയിട്ടുണ്ട്. അതിനു പുറമെ വൈറ്റമിൻ സി, ഫോസ്ഫറസ്, വൈറ്റമിൻ എ, കാൽസ്യം തുടങ്ങിയവയും ഈ പഴത്തിലുണ്ട്. ജപ്പാനിൽ പഴംവളർത്തലിന് ഒരാഢംബര മുഖം കൂടിയുണ്ട്. വളരെ സ്വാദേറിയ പ്രീമിയം പഴവർഗങ്ങൾ ജപ്പാനിലുണ്ട്. ഇക്കൂട്ടത്തിലുള്ളതാണ് യുബാരിയും.
യുബാരി കൂടാതെ ലോകത്ത് വേറെയും വിലകൂടിയ പഴങ്ങളുണ്ട്. ജപ്പാനിലുള്ള വൈറ്റ് ജ്യുവൽ സ്‌ട്രോബറി ഇതിലൊന്നാണ്. സാധാരണ സ്‌ട്രോബറികൾക്ക് ചുവപ്പ് നിറമാണല്ലോ. എന്നാൽ ഇവയ്ക്ക് വെളുത്ത നിറമാണ്. ചുവന്ന കുത്തുകളുമുള്ള ഇവ കാണാൻ വളരെ രസമാണ്. ജപ്പാനിൽ നിന്നുതന്നെയുള്ള സെകായ് ഇച്ചി ആപ്പിളുകളാണ് വിലകൂടിയ മറ്റൊരു പഴം. ലോകത്തെ തന്നെ ഏറ്റവും വലിയ ആപ്പിളുകളിലൊന്നായ സെകായ് ജപ്പാനിൽ സമ്മാനമായും മറ്റും നൽകാറുണ്ട്.
മിയാസാകി മാമ്പഴം, ഡെൻസുക് തണ്ണിമത്തൻ, റൂബി റോമൻ മുന്തിരിങ്ങ തുടങ്ങിയവയൊക്കെ ലോകത്തെ വിലയേറിയ പഴങ്ങളുടെ ലിസ്റ്റിൽപെട്ടതാണ്.