ശവശരീരം മറവ് ചെയ്യാൻപോലും വഴിയില്ല; യുദ്ധത്തിൽ മലിനമായ ഗാസയിൽ ഉടലെടുത്ത അജ്ഞാത ഫംഗസുകൾ
Mail This Article
ആധുനിക മനുഷ്യന്റെ ചരിത്രത്തിൽ യുദ്ധങ്ങൾ ഉണ്ടാക്കിയ വഴിത്തിരിവുകൾ വളരെ വലുതാണ്. ഒട്ടേറെ സംസ്കാരങ്ങളുടെ പതനത്തിനും ജനനത്തിനും യുദ്ധങ്ങൾ കാരണമായിട്ടുണ്ട്. മധ്യ ഏഷ്യയിൽ പതിറ്റാണ്ടുകളായി നടന്ന് വരുന്ന ഇസ്രയേൽ പലസ്തീൻ സംഘർഷവും സമാനമാണ്. ചരിത്ര പ്രാധാന്യമുള്ള ഈ മേഖല ഇന്ന് യുദ്ധത്തിൽ തകർന്ന് ഏറിയ ഭാഗവും തിരിച്ചറിയാൻ കഴിയാത്ത വിധം നശിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഗാസ ഉൾപ്പെടെയുള്ള പലസ്തീനിലെ മേഖലകൾ.
യുദ്ധത്തിൽ തകർന്ന മേഖലകളിലെ പരിസ്ഥിതി പ്രതിസന്ധികളിൽ മുൻപന്തിയിലാണ് വ്യാപകമാകുന്ന ഫംഗസുകളും അണുക്കളും. പ്രത്യേകിച്ചും, മരിച്ച മനുഷ്യരുടെയും മറ്റ് ജീവികളുടെയും ശവശരീരങ്ങൾ കൃത്യമായി മറവ് ചെയ്യാൻ പോലും പറ്റാതെ അത് മേഖലയുടെ ജൈവിക അവസ്ഥയെ തന്നെ പ്രതികൂലമായി ബാധിച്ചു തുടങ്ങും. ഇതിനൊപ്പം വ്യത്യസ്ത രാസപദാർഥങ്ങളും കൂടി ചേരുന്നതോടെ വ്യത്യസ്ത രോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കുമെല്ലാം ഈ മേഖല കീഴടങ്ങും.
ഇസ്രയേൽ മുന്നേറ്റത്തെ ചെറുക്കുന്ന ഗാസയിലെ അജ്ഞാത ഫംഗസ്
ഇസ്രയേൽ–ഹമാസ് പോരാട്ടം ആരംഭിച്ചിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് ഇടവേളകൾ ഇല്ലാതെ ഇത്രയും നാൾ തുടർച്ചയായി ഇസ്രായേൽ പലസ്തീൻ സംഘർഷം തുടരുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ളവരെ ബന്ദിയാക്കിയതിലും, കൂട്ടക്കൊലയ്ക്കും ജൈവായുധ ഉപയോഗത്തിനും എല്ലാം നിരന്തരം പഴികേട്ടിരുന്ന ഇസ്രയേൽ സൈന്യം ഇപ്പോൾ ഗാസയിൽ മറ്റൊരു പ്രതിസന്ധി നേരിടുകയാണ്. അജ്ഞാതമായൊരു ഫംഗസ് ബാധയാണ് ഇസ്രായേൽ സൈന്യത്തെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.
ഡിസംബർ 26 നാണ് ഈ ഫംഗൽ ബാധ ഗാസ മേഖലയിലുള്ള ഇസ്രായേൽ സൈനികനിൽ റിപ്പോർട്ട് ചെയ്തത്. ആരോഗ്യനില അതീവ വഷളായ നിലയിൽ ചികിത്സക്ക് വിധേയമാക്കിയപ്പോഴാണ് ഫംഗസ് ബാധ തിരിച്ചറിഞ്ഞത്. വൈകാതെ ഈ സൈനികൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു. തുടർന്ന് ഇതുവരെ പത്തിലധികം ഇസ്രായേൽ സൈനികരിൽ ഫംഗസ് ബാധ കണ്ടെത്തി. ഹമാസിന്റെ ജൈവായുധ ആക്രമണമാണ് ഈ ഫംഗസ് ബാധയ്ക്ക് പിന്നിലെന്ന് തുടക്കത്തിൽ ആരോപണം ഉയർന്നെങ്കിലും അതിനൊന്നും തെളിവുകൾ ഉണ്ടായിരുന്നില്ല.
മലിനമായ മണ്ണും രോഗങ്ങളും
തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ യുദ്ധങ്ങൾ നശിപ്പിക്കുന്നത് ഒരു മേഖലയുടെ പരിസ്ഥിതിയെ തന്നെയാണ്. ഇതിലൂടെ മണ്ണും വലിയ തോതിൽ മലിനമാക്കപ്പെട്ടു. മണ്ണിന് അപരിചിതമായതും, ഉൾക്കൊള്ളാൻ കഴിയുന്ന ശേഷിക്ക് അപ്പുറമുള്ളതുമായ വസ്തുക്കൾ പെട്ടെന്ന് വന്ന് ചേരുമ്പോഴാണ് ഇത്തരം ഫംഗസുകളും, മറ്റ് സൂക്ഷ്മജീവികളും ഉണ്ടാകുന്നത്. ഗാസയിലും ഇത് തന്നെയാകും സംഭവിച്ചിരിക്കുക എന്നതാണ് പ്രാഥമിക നിഗമനം.
ഗാസയിലെ മണ്ണിലെ സൂക്ഷ്മാണുക്കളുടെയും, ഫംഗസുകളുടെയും പെരുകൽ ഒട്ടും അപ്രതീക്ഷിതമല്ലെന്ന് ഗവേഷകർ പറയുന്നു. ഇത് ഗാസയിലെ മാത്രം സ്ഥിതിയല്ല. വലിയ തോതിൽ വ്യാവസായിക മലിനീകരണം നടക്കുന്ന മേഖലകൾ, വനനശീകരണം നേരിടുന്ന പ്രദേശങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുരുകി ഒലിക്കുന്ന ധ്രുവമേഖലകൾ ഇങ്ങലെ പല ഭൂപ്രദേശങ്ങളും ഇന്ന് മനുഷ്യർക്ക് പരിചയമില്ലാത്ത സൂക്ഷ്മാണുക്കളുടെ പെരുകലിന് സാക്ഷ്യം വഹിക്കുകയാണ്.
റസിസ്റ്റന്റ് മൈക്രോബുകൾ
തിരിച്ചറിയാത്ത മരുന്നുകളെ ശക്തമായി തന്നെ പ്രതിരോധിക്കാൻ കഴിയുന്ന സൂക്ഷ്മജീവികളെയാണ് ഗാസയിൽ കണ്ടെത്തിയത്. ഇവയെല്ലാം തന്നെ ഇത് വരെ ഗാസക്ക് പുറത്ത് റിപ്പോർട്ട് ചെയ്യപ്പെടാത്തവ കൂടിയാണ്. റസിസ്റ്റന്റ് മൈക്രോബുകൾ എന്നാണ് ഇവയെ ഗവേഷകർ ഇപ്പോൾ വിളിക്കുന്നത്. ഗാസയിൽ കണ്ടെത്തിയ ഇവ സൈനികരിലൂടെ ഇസ്രായേലിലേക്കും അത് വഴി മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമോ എന്ന ഭീതി കൂടി നിലനിൽക്കുന്നുണ്ട്.
ബാക്ടീരിയയും, ഫംഗസുകളും തുടങ്ങി പാരസൈറ്റുകൾ വരെ ഈ റസിസ്റ്റന്റ് മൈക്രോബുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. മണ്ണിൽ, കീടനാശിനികൾ മുതൽ ബോംബുകളും, ജൈവായുധങ്ങളും വരെയുള്ളവയുടെ പ്രയോഗം നിമിത്തം ആന്റി മൈക്രോബയലിന്റെ സാന്നിധ്യം വർധിക്കുന്നതാണ് ഇത്തരത്തിലുള്ള റസിസ്റ്റന്റ് മൈക്രോബുകളുടെ വർധനവിന് കാരണം. ആന്റി മൈക്രോബയലുകളുടെ സാന്നിധ്യത്തിൽ സൂക്ഷ്മജീവികളുടെ പ്രതിരോധ ശേഷി വർധിക്കുകയും, പിന്നീട് ഇവയുടെ അതിജീവിനത്തെ അത് സഹായിക്കുകയും ചെയ്യും. ഇതോടെ നിലവിൽ ഉപയോഗിക്കുന്ന മരുന്നുകൾ കൊണ്ട് ഇവയെ ശരീരത്തിൽ നിന്ന് പുറത്താക്കാനോ നശിപ്പിക്കാനോ മനുഷ്യർക്ക് കഴിയാതെ വരികയും ചെയ്യും.
മറ്റൊരു ആശങ്ക ഗാസയിലെ പ്രദേശവാസികളെ കുറിച്ചാണ്. ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമായത് കൊണ്ടാണ് ഇസ്രയേല്‍ സൈനികരുടെ അസുഖബാധയ്ക്ക് പിന്നിൽ റസിസ്റ്റന്റ് മൈക്രോബുകൾ ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ ഇസ്രയേൽ സൈന്യം ബോംബുകൾ വർഷിച്ച് തകർത്ത് ഇട്ടിരിക്കുന്ന ഗാസയിൽ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ഈ സാഹചര്യത്തിൽ ഗാസയിൽ ജീവിക്കുന്ന ആളുകളിൽ ഇത്തരം ഫംഗസ് ബാധകൾ വ്യാപകമായാൽ പോലും തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല