ഇണചേരും മുൻപ് ആൺപക്ഷി പെൺപക്ഷിക്ക് സമ്മാനം നൽകും! ലക്ഷദ്വീപിന്റെ ഔദ്യോഗിക പക്ഷിയെ അറിയുമോ?
Mail This Article
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ ഔദ്യോഗിക പക്ഷിയാണ് ബ്രൗൺ നോഡി എന്ന കിളി. ഒരു കടൽപ്പക്ഷിയായ ഇത് ലാരിഡെ എന്ന പക്ഷികുടുംബത്തിലെ നോഡിസ് എന്ന ജനുസ്സിൽപെട്ടതാണ്. ഈ ജനുസ്സിൽ അനേകം പക്ഷിവിഭാഗങ്ങളുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വലുതാണ് ബ്രൗൺ നോഡി.
ലോകമെമ്പാടും കടൽമേഖലകളിൽ വ്യാപിച്ചിരിക്കുന്ന ഒരു പക്ഷിവിഭാഗമാണ് ബ്രൗൺ നോഡി. ഹവായി, ഫ്രഞ്ച് പോളിനേഷ്യൻ ദ്വീപസമൂഹമായ ടുവമോട്ടു, ഓസ്‌ട്രേലിയ, ചെങ്കടൽതീരങ്ങൾ, കരീബിയൻ മേഖല, അറ്റ്‌ലാന്‌റിക് തീരങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ പക്ഷിയെ കാണാം. ധാരാളം അംഗങ്ങളടങ്ങിയ സംഘങ്ങളായി ജീവിക്കുന്ന ഈ പക്ഷികൾ ഉയരമുള്ള ഇടങ്ങളിൽ കൂടുകൂട്ടുന്നവയാണ്. ഒരു പ്രജനന കാലത്ത് ഒരൊറ്റ മുട്ടമാത്രമാണ് പെൺപക്ഷി ഇടുന്നത്.
ലക്ഷദ്വീപിൽ സ്ഥിതി ചെയ്യുന്ന പക്ഷി സംരക്ഷണ സങ്കേതമായ പിഎം സയീദ് മറൈൻ ബേഡ്‌സ് കൺസർവേഷൻ റിസർവിൽ ഈ പക്ഷികളെ സംരക്ഷിക്കുന്നുണ്ട്. ഗ്രേറ്റർ ക്രെസ്റ്റഡ് ടേൺ, ലെസ്സർ ക്രെസ്റ്റഡ് ടേൺ, സൂട്ടി ടേൺ എന്നീയിനം പക്ഷികളെയും ഇവിടെ കാണാം. 64 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നതാണ് ഈ പക്ഷിസങ്കേതം.
38 മുതൽ 45 സെന്‌റിമീറ്റർ നീളവും 75 മുതൽ 86 വരെ ചിറകുവിരിവുമുള്ള പക്ഷികളാണ് ബ്രൗൺ നോഡി. ചോക്കലേറ്റ് ബ്രൗൺ നിറത്തിലുള്ള തൂവലുകളുള്ള ഇവയുടെ തലഭാഗത്ത് ചാരനിറം അല്ലെങ്കിൽ വെള്ളനിറമാണ്.
ഇണചേരുന്നതിന് മുൻപ് ആൺപക്ഷിയും പെൺപക്ഷിയും പരസ്പരം തലകുനിക്കുകയും തല കുലുക്കുകയും ചെയ്യും. പിന്നീട് കുറേദൂരം ഒരുമിച്ചു പറക്കും. ആൺപക്ഷി ഒരു മീൻപിടിച്ച് സമ്മാനമായി പെൺപക്ഷിക്കു നൽകുകയും ചെയ്യും. തുടർന്നാണ് ഇണചേരുക.
കണവകൾ, കീടങ്ങൾ, മത്തിപോലുള്ള മീനുകൾ എന്നിവയാണ് ബ്രൗൺ നോഡികളുടെ പ്രധാന ആഹാരം. സ്‌ക്രൂപൈൻ ഫ്രൂട്ട് പോലുള്ള ചില പഴങ്ങളും ഇവ ഭക്ഷിക്കാറുണ്ട്.