ADVERTISEMENT

ഇന്ത്യയിൽ ജീവിച്ചിരുന്ന കുതിരകളിൽ ഏറ്റവും പ്രശസ്തമായ ഒന്നായിരുന്നു ചേതക്. രാജസ്ഥാനിലെ മേവാർ രാജാവായിരുന്ന മഹാറാണാ പ്രതാപിന്റെ കുതിരയായിരുന്നു ചേതക്. രാജസ്ഥാനിലുള്ള വിവിധ കഥകളിൽ ചേതക്കിനെക്കുറിച്ച് പരാമർശമുണ്ട്. നീണ്ടമുഖവും തിളക്കമുള്ള കണ്ണുകളും തമ്മിൽ മുട്ടുന്ന ചെവികളുമൊക്കെയുള്ള സുന്ദരൻ കുതിരയായിരുന്നു ചേതക്. ചേതക്കിന്‌റെ രോമത്തിന് ഒരു നീലനിറമുണ്ടായിരുന്നതിനാൽ നീലക്കുതിരയെന്നും പേര് ലഭിച്ചു.

മഹാറാണ പ്രതാപിനെ മാത്രം അനുസരിച്ചിരുന്ന ചേതക്ക് യുദ്ധത്തിലും മിടുക്കനായിരുന്നു. ഉയരമുള്ള മതിലുകളും മറ്റും ചാടിക്കടക്കാൻ ചേതക്കിനു കഴിവുണ്ടായിരുന്നു. മുഗൾ ചക്രവർത്തി അക്ബറിനെതിരെ മഹാറാണാ പ്രതാപ് നടത്തിയ ഹൽഡിഘാട്ടി യുദ്ധമാണ് ചേതക്കിനെ പ്രശസ്തനാക്കിയത്. ഈ യുദ്ധത്തിൽ പരുക്കേറ്റ റാണാപ്രതാപിനെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചശേഷം ചേതക് മരിച്ചുവീണത്രേ. രാജസ്ഥാനിലെ ഹൽഡിഘാട്ടിയിൽ ഇന്നും ചേതക്കിന്‌റെ പേരിൽ സ്മാരകമുണ്ട്.

ആനയുടെ മാസ്ക് ധരിച്ച് യുദ്ധം ചെയ്യുന്ന ചേതക് (Photo: X/@MohdMuzzammilK)
ആനയുടെ മാസ്ക് ധരിച്ച് യുദ്ധം ചെയ്യുന്ന ചേതക്. സ്മാരകം (Photo: X/@MohdMuzzammilK).

ഇന്ത്യൻ കുതിര ബ്രീഡുകൾ ലോകപ്രശസ്തമാണ്. മാർവാറി, കത്തിയവാഡി, ഭൂട്ടിയ, സ്പിതി, സൻസ്‌കാരി, മണിപ്പൂരി തുടങ്ങിയവ ഇതിൽ ചിലതാണ്. ഇക്കൂട്ടത്തിൽ മാർവാറി വിഭാഗത്തിൽ ഉൾപ്പെടുന്ന കുതിരയായിരുന്നു ചേതക്.

ഇന്നത്തെ രാജസ്ഥാനിലെ ജോധ്പുർ മേഖലയിൽ നിന്നുള്ളതാണ് മാർവാറി കുതിരകൾ. കത്തിയവാഡി കുതിരകളുമായി അനേകം സാമ്യങ്ങൾ ഇവ പുലർത്തുന്നു. സവിശേഷത ആകൃതിയിലുള്ള ചെവികളാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. വളരെ അപൂർവമാണ് ഈ ബ്രീഡെന്നത് കുതിരപ്രേമികൾക്കിടയിൽ മാർവാറി കുതിരകളുടെ വില കൂട്ടുന്ന കാര്യമാണ്. ഉയർന്ന സ്റ്റാമിനയും സാഹചര്യങ്ങളോടിണങ്ങാനുള്ള സന്നദ്ധതയും ധീരതയും മാർവാറി കുതിരകൾക്കുണ്ട്. മറ്റു കുതിരകളെ അപേക്ഷിച്ച് മണം പിടിക്കാനും തിരിച്ചറിയാനുമുള്ള കഴിവും ഇവയ്ക്കു കൂടുതലാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.

കത്തിയവാഡി കുതിര. (Photo: X/@yatishjoshi)
കത്തിയവാഡി കുതിര. (Photo: X/@yatishjoshi)

മാർവാറി കുതിരകളെ പ്രമോട്ട് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമായി മാർവാറി ഹോഴ്‌സ് സൊസൈറ്റി 1998ൽ സ്ഥാപിതമായി. അത്യപൂർവ ഇനമായതിനാൽ മാർവാറി കുതിരകളെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത് രാജ്യം പല വർഷങ്ങളിലായി വിലക്കിയിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ മൂവായിരത്തോളം മാർവാറി കുതിരകളുണ്ടെന്നാണു കണക്ക്. ബേ, ബ്രൗൺ, ചെസ്റ്റ്‌നട്ട്, ഗ്രേ നിറങ്ങളിൽ മാർവാറി കുതിരകൾ കാണപ്പെടാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com