‘ധോണി’യെ പിടിച്ചിട്ട് ഒരു വർഷം; ആളിപ്പോൾ ‘കൂളാ’ണ്: പടയപ്പയും വൈകാതെ കൂട്ടിലാകുമോ?
Mail This Article
പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച കാട്ടാന പി.ടി. സെവൻ എന്ന ധോണിയുടെ ‘കൂടുജീവിത’ ത്തിന് ഒരു വർഷം. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ വർഷം ജനുവരി 22നാണ് വനംവകുപ്പ് കൂട്ടിലാക്കിയത്. നാലു വർഷത്തോളം നാടുവിറപ്പിച്ച കാട്ടാനയെ മയക്കുവെടി വച്ചാണ് പിടികൂടിയത്. ഇന്ന് പഴയ ശൗര്യമൊക്കെ ഉപേക്ഷിച്ച് കാട്ടാന, ശാന്തനായി ധോണിയിലെ ക്യാംപിൽ കഴിയുകയാണ്.
ധോണി, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ എന്നിവിടങ്ങളിൽ ഓരോ ദിവസം മാറിമാറി ഇറങ്ങിയ പി.ടി സെവനെ പിടിക്കാൻ അത്ര എളുപ്പമായിരുന്നില്ല. 2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ മായാപുരം സ്വദേശി ശിരാമനെ പി.ടി സെവൻ കൊന്നതോടെ ജനം രോഷാകുലരായി. ആനയെ ഉടൻതന്നെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുയർന്നു. തുടർന്ന് 52 അംഗ ദൗത്യസംഘവും മൂന്ന് കുങ്കിയാനകളും കാട്ടാനയെ തളയ്ക്കാൻ ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് 72 അംഗ സംഘത്തെയാണ് ആനയെ പിടികൂടാൻ നിയോഗിച്ചത്. അമ്പത് മീറ്റര്‍ മാത്രം അകലെ വച്ച് ഡോ. അരുൺ സക്കറിയ ഇടത് ചെവിക്ക് താഴെ മുൻ കാലിന് മുകളിലായി ഉന്നം പിടിച്ച് മയക്ക് വെടി വച്ചു. ഇതോടെ പി.ടി സെവൻ കീഴടങ്ങി.
ധോണിയിൽ നിന്നും പിടിച്ചതിനാൽ കാട്ടാനയ്ക്ക് ധോണിയെന്ന് തന്നെ വനംവകുപ്പ് പേരിട്ടു. പിടിയിലായ ആദ്യം അഞ്ചു മാസത്തോളം പ്രത്യേകം നിർമിച്ച കൂട്ടിലായിരുന്നു വാസം. ആദ്യമൊക്കെ ആക്രമണ സ്വഭാവം പുറത്തെടുത്തെങ്കിലും പതിയെ ശാന്തനായി. ആനയെ ചട്ടം പഠിപ്പിക്കാനായി പൊള്ളാച്ചി ആന വളർത്തൽ കേന്ദ്രത്തിൽ നിന്നു 2 പാപ്പാൻമാരെയും എത്തിച്ചിരുന്നു. പാപ്പാൻമാരുടെ നിർദേശങ്ങൾ ആന അനുസരിക്കാൻ തുടങ്ങിയതോടെ കൂടുജീവിതം അവസാനിച്ചു. ഇപ്പോൾ കൂടിനു പുറത്താണു കെട്ടിയിടുന്നത്.
പാപ്പാന്മാരുടെ നിരീക്ഷണത്തിൽ കാട്ടിൽ മേയാനും പോകുന്നുണ്ട്. വൈകിട്ട് തിരിച്ചെത്തിക്കും. അതേസമയം, ആനയുടെ ‘ഭാവി’ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. കാഴ്ചക്കുറവു കണ്ടെത്തിയതിനെ തുടർന്നു ചികിത്സ നടത്തിയതോടെ കാഴ്ച മെച്ചപ്പെട്ടെന്നാണു കണ്ടെത്തൽ. കാഴ്ച തിരികെ കിട്ടിയാൽ ആനയെ കാട്ടിലേക്കു തുറന്നു വിടണമെന്നാശ്യപ്പെട്ടു ചില സംഘടനകൾ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.ആനയുടെ ആരോഗ്യസ്ഥിതിയും കാട്ടിലേക്കു തുറന്നുവിടണോയെന്നും പരിശോധിക്കാൻ കോടതി വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ആനയെ കാട്ടിൽ തുറന്നുവിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും കുങ്കിയാന ആക്കാതിരുന്നാൽ മതിയെന്നുമാണു സമിതിയുടെ നിലപാട്. കുങ്കിയാന ആക്കില്ലെന്നു വനംവകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്. കാട്ടിലേക്കു വിട്ടാൽ അതിജീവിക്കുക പ്രയാസമാണെന്നാണു വനംവകുപ്പിന്റെ വിലയിരുത്തൽ.
പടയപ്പയ്ക്ക് എന്ന് പിടിവീഴും?
മൂന്നാറിൽ പടയപ്പയുടെ ആക്രമണം തുടരുകയാണ്. വേനൽക്കാലമാരംഭിച്ചതോടെ ഈ മേഖലയിൽ കാട്ടാനകളുടെ ഒഴുക്കാണ്. മൂന്നാർ ഇക്കോ പോയിന്റിലിറങ്ങിയ പടയപ്പ
താത്‌കാലിക കടകൾ തകർക്കുകയും വിൽപനയ്ക്ക് വയ്ക്കുന്ന ചോളം, പൈനാപ്പിൾ എന്നിവ അകത്താക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി 5 തവണ പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം പെരിയവര ടോപ്പ്, കന്നിമല ലോവർ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ വീടുകൾക്ക് സമീപമുണ്ടായിരുന്ന കൃഷികൾ നശിപ്പിച്ചു.
വേനൽക്കാലമാരംഭിച്ചതോടെ മൂന്നാർ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി. പെരിയവര, കന്നിമല മേഖലകളിൽ പടയപ്പയും 6 പിടിയാനകളുടെ മറ്റൊരു സംഘവുമാണ് കഴിഞ്ഞ ഒരാഴ്ചയായി ജനവാസ മേഖലയിൽ കറങ്ങി നടന്നിരുന്നത്. പെരിയവര ടോപ്പ്, കന്നിമല ലോവർ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ വീടുകൾക്ക് സമീപമുണ്ടായിരുന്ന പച്ചക്കറി, വാഴ കൃഷികൾ പടയപ്പ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി എക്കോ പോയിന്റിലിറങ്ങിയ പടയപ്പ 4 വഴിയോരക്കടകൾ തകർത്ത് സാധനങ്ങൾ തിന്നു നശിപ്പിച്ചു.
മാട്ടുപ്പെട്ടി സ്വദേശികളായ ലക്ഷ്മണൻ, തോമസ്, ഗോവിന്ദൻ,പരമൻ എന്നിവരുടെ കടകളാണ് ഇന്നലെ രാവിലെ പടയപ്പ തകർത്തത്. കടകളിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ചോളം, പൈനാപ്പിൾ, മറ്റ് പഴങ്ങൾ എന്നിവ പടയപ്പ തിന്നു. തോട്ടം മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാന ശല്യം രൂക്ഷമാണ്. പെരിയവര, കന്നിമല, മാട്ടുപ്പെട്ടി മേഖലകളിലാണ് ശല്യം കൂടുതലുള്ളത്.
മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിനു സമീപമുള്ള പുൽമേട്ടിൽ രണ്ടു കുഞ്ഞുങ്ങളടക്കം 5 ആനകളാണ് കഴിഞ്ഞ ഒരാഴ്ചയായി പകൽ സമയത്ത് മേഞ്ഞു നടക്കുന്നത്. ഉൾവനങ്ങളിൽ വേനൽ കടുത്തതോടെയാണ് കാട്ടാനകൾ കൂട്ടമായി തോട്ടം മേഖലയിലേക്ക് തീറ്റ തേടിയെത്തിയിരിക്കുന്നത്. പകലും രാത്രിയിലും തൊഴിലാളികൾ താമസിക്കുന്ന ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങുന്നതുമൂലം കുട്ടികളടക്കമുള്ളവർക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണുളളത്. കാട്ടാനകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കടക്കം ഒട്ടേറെ പരാതി നൽകിയിട്ടും ഒരു നടപടികളുമുണ്ടായില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. മൂന്നാർ ജനത പ്രതിഷേധം കടുപ്പിച്ചാൽ ധോണിയുടെ അവസ്ഥ തന്നെയാകും പടയപ്പയ്ക്കുമുണ്ടാവുക.