വെള്ളത്തിൽ നിന്ന് ഉയർന്നുപൊങ്ങി മഞ്ഞുപാളി; അത്യപൂർവ കാഴ്ചയിൽ അമ്പരന്ന് ആളുകൾ
Mail This Article
നദിയിലൂടെ മഞ്ഞുമലകൾ ആസ്വദിച്ച് നീങ്ങുന്നതിനിടെയാണ് ബോട്ട് യാത്രക്കാർ ആ കാഴ്ച കണ്ടത്. മഞ്ഞുമലയോട് ചേർന്ന ഭാഗത്തെ വെള്ളം നിറംമാറുകയും പെട്ടെന്ന് ഒരു മഞ്ഞുപാളി കടലിൽ നിന്നും ഉയർന്നുപൊങ്ങുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അത് താഴുകയും ചെയ്യുന്നുണ്ട്. അപൂർവ പ്രതിഭാസം നേരിൽകണ്ട് ആളുകൾ ആർത്തുവിളിക്കുകയായിരുന്നു.
ലോകത്തെ ഏറ്റവും വലുപ്പമുള്ള ഏഴാമത്തെ മഞ്ഞുപാളിയാണ് പെരിറ്റോ മൊറേനോ. അർജന്റീനയിലെ സാന്റ ക്രൂസിലുള്ള ലോസ് ഗ്ലേസിയഴ്സ് നാഷനൽ പാർക്കിന്റെ ഭാഗമാണിത്. അർജന്റിനോ നദിയിലൂടെ ഈ ഹിമാനിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനിടെയാണ് അടിത്തട്ടിലുണ്ടായിരുന്ന ഹിമപാളി പൊട്ടി പുറത്തേക്ക് വന്നത്. 500 വർഷത്തോളം പഴക്കമുള്ളതിനാൽ ഇവ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു. പ്രകൃതി ഒരേ സമയം മനോഹരവും ഭീകരവുമാണെന്ന് വിഡിയോ കണ്ടവർ കുറിച്ചു. പെട്ടെന്ന് മഞ്ഞുപാളി പൊങ്ങുന്നത് കണ്ടപ്പോൾ ടൈറ്റാനിക് ദുരന്തമാണ് ഓർമവന്നതെന്ന് ചിലർ പറഞ്ഞു.
2019 ഏപ്രിലിൽ ഐസ്‌ലൻഡിലെ വട്നാജോകുൾ ദേശീയോദ്യാനത്തിൽ ബ്രെയ്മെർകുർജോകുൾ ഹിമാനി കാണാനെത്തിയവർക്ക് മുന്നിൽ കൂറ്റൻ ഹിമാനി തകർന്നുവീണത് വലിയ സംഭവമായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. പലയിടങ്ങളിലും ഹിമാനികൾ ഉരുകുന്നതും അടർന്നുവീഴുന്നതും പതിവുകാഴ്ചയാണ്. ആഗോള കാലാവസ്ഥാ വ്യതിയാനമാണ് ഹിമാനികളിലെ മാറ്റത്തിനു പിന്നിലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.