1700 വർഷം പഴക്കമുള്ള മുട്ട കണ്ടെത്തി; ഗവേഷകരെ അദ്ഭുതപ്പെടുത്തിയത് അതിനുള്ളിലെ വസ്തു
Mail This Article
യുകെയിലെ ബക്കിംഗ്ഹാംഷെയറിൽ 1700 വർഷം പഴക്കമുള്ള മുട്ടകൾ കണ്ടെത്തി. ഇത്രയും വർഷം പഴക്കമുള്ള മുട്ട കണ്ടെത്തിയതിനേക്കാൾ ഗവേഷകരെ അദ്ഭുതപ്പെടുത്തിയത് അതിനുള്ളിലെ ജലാംശമാണ്. ഇത് കോഴിമുട്ടകളാണെന്നാണ് പ്രാഥമിക നിഗമനം. നൂറ്റാണ്ടുകളായി മണ്ണിനടിയിൽ കിടന്നിട്ടും മുട്ടയ്ക്കകത്തെ ജലാംശം നിലനിൽക്കുന്നത് ഞെട്ടിപ്പിച്ചെന്ന് ഗവേഷകർ പറയുന്നു.
ബക്കിംഗ്ഹാംഷെയറിലെ എയ്‌ലസ്ബറിയിലാണ് മുട്ടകളെ കണ്ടെത്തിയത്. വെള്ളം നിറഞ്ഞ കുഴിയിൽ നിന്ന് നാല് മുട്ടകളെ കണ്ടെത്തിയെങ്കിലും പുറത്തെടുക്കുന്ന സമയം മൂന്നെണ്ണം പൊട്ടിയതായി ഗവേഷകർ വ്യക്തമാക്കി. അതിശക്തമായ ദുർഗന്ധമായിരുന്നുവെന്നും ഇവർ പറയുന്നു. അവശേഷിച്ച ഒരു മുട്ടയെ മൈക്രോ സിടി സ്കാനിന് വിധേയമാക്കിയപ്പോഴാണ് അതിനകത്ത് ദ്രാവകമുണ്ടെന്ന് മനസ്സിലായത്. ഇത് റോമിൽ നിന്നും കൊണ്ടുവന്ന കോഴിമുട്ടകളാണെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും ഗവേഷകർ ഇത് നിരസിച്ചു.
മുട്ടകൾക്കൊപ്പം നാണയങ്ങൾ, ഷൂസ്, തടി ഉപകരണങ്ങൾ, മൃഗങ്ങളുടെയും കോഴിയുടെയും അസ്ഥികൾ എന്നിവ കണ്ടെത്തി. മനുഷ്യന്റെയും പ്രകൃതിയുടെയും ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന കണ്ടെത്താലാണിതെന്നാണ് ഗവേഷകർ പറയുന്നത്. ഇത്രയുംകാലം ഈ മുട്ടകൾ അതിജീവിച്ചത് എങ്ങനെയെന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു.