ADVERTISEMENT

പ്ലാസ്റ്റിക് മാലിന്യങ്ങൾകൊണ്ട് ഭൂമിയെ ജീവിക്കാനാവാത്ത ഇടമായി മാറ്റിയിരിക്കുകയാണ് മനുഷ്യർ. കടലാഴങ്ങളിലും കൊടുമുടികൾക്ക് മുകളിലും അങ്ങനെ മനുഷ്യ സാന്നിധ്യം ഇല്ലാത്ത ഇടങ്ങളിൽ പോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു കഴിഞ്ഞു. ഇതിന്റെ ഭീകരത വെളിവാക്കുന്ന പുതിയ ദൃശ്യം പുറത്തുവന്നു. മഹാരാഷ്ട്രയിലെ തഡോബാ അന്ധാരി കടുവാ സങ്കേതത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം. വനത്തിനുള്ളിലെ ജലാശയത്തിൽ നിന്നും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി കടിച്ചെടുത്ത് നടന്നു നീങ്ങുകയാണ് ഒരു കടുവ. വന്യജീവി ഫോട്ടോഗ്രാഫറായ ദീപ് കതികാർ പകർത്തിയ കടുവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

‘കടുവ പരിസരം വൃത്തിയാക്കുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് ദീപ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ ഇതത്ര സന്തോഷത്തിന് വക നൽകുന്ന കാഴ്ചയല്ലെന്ന് വിഡിയോ കണ്ടവർ ഒന്നടങ്കം പറയുന്നു. പ്ലാസ്റ്റിക് മാലിന്യമാണെന്ന് മനസ്സിലാക്കാതെ ഭക്ഷണ വസ്തുവാണെന്ന് കരുതിയാവണം കടുവ കുപ്പി കടിച്ചെടുത്ത് നീങ്ങിയത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തിയിരിക്കുന്ന ദേശീയ ഉദ്യാനങ്ങളിൽ പോലും മാലിന്യങ്ങൾ ഇങ്ങനെ ദൃശ്യമാകുന്നത് നല്ല സൂചനയല്ലെന്ന് ചിലർ വ്യക്തമാക്കി.

ദൃശ്യങ്ങളിൽ കാണുന്ന കടുവ ഭാനുഷ്ഖിന്ദി എന്ന പെൺകടുവയുടെ കുഞ്ഞാണ്. മഹാരാഷ്ട്രയിലെ ഏറ്റവും പഴക്കമേറിയ കടുവാ സങ്കേതങ്ങളിൽ ഒന്നായ തഡോബാ അന്ധാരിയിൽ മൊത്തം 88 കടുവകളുണ്ട്. ഇവയ്ക്കുപുറമെ പുള്ളിപ്പുലികളും കരടികളും മാനുകളും അടക്കം ധാരാളം വന്യജീവികൾ വിഹരിക്കുന്ന വനമേഖലയാണിത്. ക്യാമറ കണ്ണുകളിൽ പതിഞ്ഞത് ഒരു കടുവയുടെ മാത്രം കാര്യമാകാം എന്നും ദിനംപ്രതി മറ്റു ധാരാളം വന്യജീവികൾ സമാനമായ രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷണമാക്കുന്നുണ്ടാവാമെന്നുമുള്ള ആശങ്കയും ഉയരുന്നുണ്ട്. 

ഈ കാഴ്ച കണ്ട് മനുഷ്യൻ എന്ന നിലയിൽ ലജ്ജ തോന്നുന്നുവെന്നാണ് ഒരാളുടെ പ്രതികരണം. മനുഷ്യനെക്കാൾ നന്നായി പരിസരം സൂക്ഷിക്കാൻ സാധിക്കുന്ന മൃഗങ്ങളെ കണ്ട് നാം പഠിക്കുകയാണ് ഇനി വേണ്ടതെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് ഉപയോഗത്തിന് പൂർണ്ണമായി വിരാമമിടാൻ സാധിക്കുന്ന തരത്തിൽ ബദൽ മാർഗങ്ങൾ  കണ്ടെത്താനും അവ വ്യാപകമായി ഉപയോഗിച്ചുതുടങ്ങാനും ഇനിയും വൈകിയാൽ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഭൂമിയിൽ ജീവൻ തന്നെ ഇല്ലാതായേക്കുമെന്ന് ഓർമപ്പെടുത്തുന്നവരും കുറവല്ല. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയാൽ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റക്കാരെ കണ്ടെത്തുകയും നടപടിയെടുക്കുകയും വേണമെന്ന് ഭൂരിഭാഗം കാഴ്ച്ചക്കാരും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com