ഐസ് ഉരുകുന്നു, ഇരയെ കിട്ടാനില്ല; ബെറിപ്പഴങ്ങളും പക്ഷിമുട്ടയും തിന്ന് വിശപ്പടക്കി ഹിമക്കരടികൾ
Mail This Article
കാലാവസ്ഥാ വ്യതിയാനം കാരണം ആർട്ടിക്കിൽ മഞ്ഞുരുകൽ ശക്തമാവുകയാണ്. ഇത് ഹിമക്കരടികളെ (ധ്രുവക്കരടി– Polar Bear) സാരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു. ഐസ് ഉരുകുന്നതിനാൽ ആവശ്യമായ ഇരയെ കിട്ടാതാവുകയും ഹിമക്കരടികൾ വിശപ്പടക്കാനായി ബെറിപ്പഴങ്ങളും പക്ഷിമുട്ടകളും കഴിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നേച്ചർ കമ്മ്യുണിക്കേഷൻസ് എന്ന ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
20 ഹിമക്കരടികളെ നിരീക്ഷിച്ചാണ് ഗവേഷകർ പഠനം പുറത്തുവിട്ടത്. ജിപിഎസ് സംവിധാനമുള്ള വിഡിയോ ക്യാമറ കോളറുകൾ ഹിമക്കരടികളിൽ ഘടിപ്പിക്കുകയായിരുന്നു. ഇതുമൂലം അവയുടെ സഞ്ചാരപാത, ഭക്ഷ്യലഭ്യതക്കുറവ് എന്നിവ വിലയിരുത്താൻ കഴിഞ്ഞു.
ഇവ പ്രധാനമായും മഞ്ഞിലാണ് വേട്ടയാടുന്നത്. മഞ്ഞിന്റെ അളവ് കുറയുന്നത് ഇവയ്ക്ക് വേട്ടയാടാനുള്ള സ്ഥലം കുറയുന്നതിന് സമമാണ്. വളര്‍ച്ചയെത്തിയ ഓരോ ധ്രുവക്കരടിക്കും ജീവിക്കണമെങ്കില്‍ പ്രതിവര്‍ഷം ചുരുങ്ങിയത് 75 നീര്‍നായ്ക്കളെ ഭക്ഷണമാക്കണം. ഓരോ ഭക്ഷണശേഷവും ഇവയുടെ ശരീരഭാരം 45 കിലോഗ്രാം വരെ കൂടും! ഇത് മഞ്ഞില്‍ ജീവിക്കുന്നതിനാവശ്യമായ കൊഴുപ്പ് ലഭിക്കുന്നതിന് സഹായിക്കുന്നു. പ്രധാന ഭക്ഷണമായ നീര്‍നായയെ കിട്ടിയില്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കുകയെന്നത് മാത്രമാണ് ഹിമക്കരടിക്ക് മുന്നിലെ വഴി. ഭക്ഷണമില്ലായ്മ ഇവരുടെ മരണം വേഗത്തിലാക്കുന്നു.
ശരാശരി കണക്കാക്കിയാൽ വേനൽക്കാലത്ത് ഹിമക്കരടികളുടെ ശരീരഭാരം ദിനംപ്രതി ഒരു കിലോഗ്രാം വരെ കുറയുന്നുണ്ട്. ചിലതിന് ശരീരം തളർന്ന് ഭക്ഷണം മുഴുവൻ കഴിക്കാനാകാതെ വരുന്നു. അതേസമയം, കൂടുതൽ സമയം വിശ്രമിക്കുകയും ശരീരത്തിലെ ഊർജം സംരക്ഷിച്ച് പട്ടിണിയെ നേരിടുന്നവരുമുണ്ട്. മൃതദേഹാവശിഷ്ടം കഴിച്ച് വിശ്രമിക്കുന്ന ഹിമക്കരടിക്ക് ശരീരഭാരം കൂടുന്നതായും കണ്ടെത്തി.
ഭക്ഷണമില്ലാതാകുമ്പോൾ പരസ്പരം കൊന്നുതിന്നുന്ന സ്വഭാവം ഇവയ്ക്കുണ്ട്. സ്വന്തം കുഞ്ഞിനെ ആഹാരമാക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇക്കാര്യത്തിൽ മുന്നിൽ ആണ്‍ഹിമക്കരടികളാണ്. ശരീരവലിപ്പം കൂടുതലുള്ള ആണ്‍ ഹിമക്കരടികള്‍ക്ക് തന്നെയാണ് അക്രമോത്സുകത കൂടുതല്‍. കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയുള്ളതിനാല്‍ ആണുങ്ങളേക്കാള്‍ വിശപ്പ് കൂടുതല്‍ അനുഭവിക്കേണ്ടി വരിക പെണ്‍ ഹിമക്കരടികള്‍ക്കായിരിക്കും. എന്നാല്‍ ഇവ കുഞ്ഞുങ്ങളെ പൊതുവെ കൊന്നു തിന്നാറില്ല. ആണ്‍ ഹിമക്കരടികളേക്കാള്‍ വലിപ്പം കുറഞ്ഞ പെണ്‍ ഹിമക്കരടികള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ഓടാനാകും. അങ്ങനെയാണ് ഇവ പലപ്പോഴും സ്വന്തം ജീവന്‍ രക്ഷിക്കുന്നത്.