ADVERTISEMENT

മാർത്തോമ്മാ ക്രിസ്ത്യൻ സഭയിലെ 16 ലക്ഷം അംഗങ്ങൾ ഇപ്രാവശ്യം കേവലമൊരു വലിയ നോമ്പല്ല, കാർബൺ നോമ്പാണ് നോൽക്കുന്നത്. പരിസ്ഥിതിയെ മറന്നുള്ള ആത്മീയതയ്ക്ക് പ്രസക്തിയില്ലെന്നും കേവലം മത്സ്യമാംസാദികൾ വർജ്ജിക്കുന്നതിനപ്പുറം ഓരോ വ്യക്തിയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിന്റെ അളവിലും മിതത്വം പാലിക്കണമെന്ന തത്വം ഉൾക്കൊള്ളുന്ന ഹരിതപ്രാർഥനയാണ് കാർബൺ നോമ്പ്. കാലാവസ്ഥാമാറ്റത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന  അമേരിക്കയിലെ 'ക്ലൈമറ്റ് കെയർ ടേക്കേഴ്സ് ' എന്ന കൂട്ടായ്മ എല്ലാ വർഷവും കാർബൺ നോമ്പ് ആചരിക്കുന്നു. എന്നാൽ ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പ്രവർത്തനം ഒരു മതസംഘടനയിൽ നിന്നുണ്ടാകുന്നത്. എന്തായാലും കാർബൺ പുറന്തള്ളൽ, അതു പ്രകൃതിക്ക് വരുത്തുന്ന ദോഷങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം എന്നിവ വിശ്വാസികളിൽ വളർത്താൻ ഈ ശ്രമത്തിനു സാധിക്കുമെന്നാണ് സഭയുടെ പരിസ്ഥിതി കമ്മിഷന്റെ വിശ്വാസം. ‘‘കരുതാം കാലാവസ്ഥയെ കാർബൺ നോമ്പിലൂടെ’’ എന്ന പേരാണ് സഭ തങ്ങളുടെ ദൗത്യത്തിനു നൽകിയിരിക്കുന്നത്.

ഏഴ് ആഴ്ചകൾ, ഏഴ് വിഷയങ്ങൾ

നാം ചെയ്യുന്ന പ്രവൃത്തികൾ പ്രത്യക്ഷമായോ പരോക്ഷമായോ കാർബൺ പുറത്തേക്കു വിടുന്നതിലേക്ക് നയിക്കുന്നു. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാൻ ഓരോ ആഴ്ചയിലും ഓരോ വിഷയങ്ങൾ പഠിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദിവസവും രാത്രി എട്ടര മുതൽ 10 വരെ ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും. വേദപഠനം എന്നാണ് പരിശീലന ക്ലാസുകളുടെ പേരെങ്കിലും പരിസ്ഥിതി വിഷയങ്ങളാകും ചർച്ച ചെയ്യപ്പെടുന്നത്. വലിയ നോമ്പിന്റെ ഏഴാഴ്ചകളിൽ പഠനവിഷയമാക്കുന്ന വിഷയങ്ങൾ താഴെക്കൊടുക്കുന്നു.

ആഴ്ച ഒന്ന്: കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന വിപത്തുകളെക്കുറിച്ചുള്ള അറിവ്
ആഴ്ച രണ്ട്: വൈദ്യുതിയുടെ വിവേകത്തോടെയുള്ള ഉപയോഗം
ആഴ്ച മൂന്ന്: ഭക്ഷണത്തിലെ മിതത്വം. ഫാസ്റ്റ്ഫുഡ് ഒഴിവാക്കൽ
ആഴ്ച നാല്: മിതവ്യയം. അനാവശ്യ വാങ്ങലുകൾ ഒഴിവാക്കൽ
ആഴ്ച അഞ്ച്: പ്ലാസ്റ്റിക് വിപത്തിനെതിരെ പ്രതിരോധം
ആഴ്ച ആറ്: സ്വകാര്യ വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം. പൊതുഗതാഗതം ആശ്രയം
ആഴ്ച ഏഴ്: സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുക. ആളുകളോട് നേരിട്ടു സംസാരിക്കാൻ ശ്രമിക്കുക

സഭകൾ തിരിച്ചറിയുന്ന പാരിസ്ഥിതിക ദൗത്യം

ഭൂമിയുടെ സംരക്ഷണം ഒരു രാഷ്ട്രീയ പാർട്ടിയും സജീവമായി തങ്ങളുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല. 1992-ൽ ഇന്ത്യയിലാദ്യമായി സിഎസ്ഐ സഭ പരിസ്ഥിതി കമ്മിഷൻ രൂപീകരിക്കുകയും പരിസ്ഥിതി സംരക്ഷണം തങ്ങളുടെ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ചെറുക്കാനുള്ള ശ്രമങ്ങളിൽ കൂടുതൽ ആത്മാർത്ഥത കാണിക്കാൻ തന്റെ പുതിയ ചാക്രിക ലേഖനത്തിൽ കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. ഭൂമിയെ അമ്മയായി കാണുന്നതാണ് ഭാരതത്തിലെ മതങ്ങളുടെ പൊതുരീതി. കാർബൺ നോമ്പാചാരണത്തിലൂടെ ഇത്തരം മുന്നേറ്റങ്ങൾക്കൊപ്പം ചേരുകയാണ് മാർത്തോമ്മാ സഭയും.

English Summary:

Marthoma Church's Revolutionary Step: 16 Lakh Members Unite for a Carbon Fast to Combat Climate Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com