പേരിന്റെ പേരിലും പോര്; വംശവെറിയുടെ ഭാരം വഹിച്ച് ജന്തു, സസ്യ ജാലങ്ങളും
Mail This Article
മനുഷ്യർ ഗോത്രങ്ങളായി ജീവിക്കാൻ ആരംഭിച്ചപ്പോഴേ കൂടെയുള്ളതാണ് വംശീയതയും വർഗീയതയും. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും എല്ലാം പേരിൽ വേർതിരിവുകൾ നേരിട്ട വലിയൊരു വിഭാഗം മനുഷ്യർ ഭൂമിയിലുണ്ടായിട്ടുണ്ട്. ഇപ്പോഴും അനവധി പേർ ഈ വിവേചനങ്ങൾ അനുഭവിക്കുന്നുമുണ്ട്. തൊഴിലിടങ്ങളിൽ മുതൽ വിമാനത്താവളങ്ങളിൽ വരെ ഇത്തരം വിവേചനങ്ങൾ പ്രകടമാകുന്നു. എന്നാൽ ഈ വംശീയ വേർതിരിവിന്റെ ഭാരം പേറുന്നത് മനുഷ്യർ മാത്രമല്ല. ഇത്തരം വേർതിരിവുകളുടെ ചരിത്രത്തെ ഓർമിപ്പിക്കുന്ന ജന്തു-സസ്യാദികളും ഭൂമിയിലുണ്ട്.
സ്കോട്ട് ഒറിയോൾ എന്ന പക്ഷിയുടെ പേരിന്റെ ഭാരം
അമേരിക്കയിലെ യൂറോപ്യൻ അധിനിവേശവും അതിന്റെ ഭാഗമായുണ്ടായ തദ്ദേശീയ അമേരിക്കൻ വംശജരുടെ കൂട്ടക്കൊലയും കുപ്രസിദ്ധമാണ്. ലക്ഷക്കണക്കിന് റെഡ് ഇന്ത്യൻ അഥവാ അമേരിക്കൻ വംശജരെ ആണ് അധിനിവേശക്കാർ കൊന്നൊടുക്കിയത്. ഈ കൂട്ടക്കൊലയിൽ അമേരിക്കയിലെ പ്രദേശിക ഗോത്രങ്ങളിൽ പലതും അന്യംനിന്നു പോയി. ഇത്തരത്തിൽ വലിയ തോതിൽ യൂറോപ്യൻമാർ കൂട്ടക്കൊല ചെയ്ത ഒരു ഗോത്രമായിരുന്നു ചെറോക്കികൾ. ചെറോക്കി ദേശത്തേക്ക് യൂറോപ്യൻ അധിനിവേശ സൈന്യത്തെ നയിച്ച് ഈ ഗോത്രത്തെ കൂട്ടക്കൊല ചെയ്ത ആളാണ് വിൻഫീൽ സ്കോട്ട്.
അമേരിക്കയിലെ ഒറിയോൾ വിഭാഗത്തിൽ പെട്ട ഒരു പക്ഷിക്ക് പേര് നൽകിയിരിക്കുന്നത് വിൻഫീൽ സ്കോട്ടിന്റെ ഓർമയ്ക്കായാണ്. സ്കോട്ട് ഒറിയോൾ എന്നാണ് ഈ പക്ഷിയുടെ പേര്. യൂറോപ്യൻ വംശജരുടെ പിൻതുടർച്ചക്കാരായ ഗവേഷകർക്ക്, അവർ വലിയ പോരാളികളിൽ ഒരാളായി കാണുന്ന സ്കോട്ടിന്റെ പേര് പക്ഷിക്ക് നൽകിയതിൽ കുഴപ്പമൊന്നും തോന്നിയില്ല. എന്നാൽ തങ്ങളുടെ വംശത്തിന്റെ വലിയൊരു ശതമാനത്തെയും കൊന്നൊടുക്കിയ ഒരാളുടെ പേര് തങ്ങളുടെ ദേശത്തെ ഒരു പക്ഷിക്കു നൽകുന്നത് തദ്ദേശീയ അമേരിക്കൻ വംശജർക്ക് അത്ര സുഖകരമായ കാര്യമല്ല. പക്ഷിനിരീക്ഷകൻ കൂടിയായ ചെറോക്കി വംശജൻ സ്റ്റഫൻ ഹാംപ്റ്റൺ ഈ പക്ഷിയുടെ പേര് തനിക്ക് ഉണ്ടാക്കുന്ന വിഷമത്തെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നു.
ഏതായാലും തെറ്റു തിരിച്ചറിഞ്ഞ് പക്ഷിയുടെ പേര് മാറ്റാൻ ഒരുങ്ങുകയാണ് ശാസ്ത്രലോകം. നാരങ്ങാ നിറവും കറുപ്പും കലർന്ന തൂവലുകളുമായി മരുഭൂമിയിലൂടെ ഒരു തീനാളം പോലെ പറന്നു പോകുന്ന പക്ഷിയെന്നാണ് ഗവേഷകർ ഇവയെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ഈ പക്ഷികൾ തീ പടർത്തുന്ന ഓർമകളാണ് ചെറോക്കികളുടെ ഇപ്പോഴത്തെ പിൻതലമുറക്കാർക്ക് നൽകുന്നത്. ഇന്ന് പക്ഷി ചുമക്കുന്ന പേരിന്റെ ഉടമ വിൻഫീൽഡ് സ്കോട്ടും സൈന്യവും നൂറ്റാണ്ടുകൾക്ക് മുൻപ് കൊന്നൊടുക്കിയത് നാലായിരത്തിൽ അധികം ചെറോക്കികളെയാണ്. സ്വന്തം നാട്ടിൽനിന്നു പുറത്താക്കപ്പെട്ടത് ഒരു ലക്ഷത്തിലധികം ചെറോക്കികളും. ഈ വേദനയുടെ പശ്ചാത്തലത്തിലാണ് ഒറിയോൾ പക്ഷിയുടെ പേര് മാറ്റാൻ ഗവേഷകർ ശ്രമിക്കുന്നതും.
വംശീയതയുടെ ഭാരം പേറുന്ന മറ്റു ജീവികൾ
ജീവികളുടെയും സസ്യങ്ങളുടെയും ശാസ്ത്രീയ നാമങ്ങളിലും വിളിപ്പേരുകളിലും ഈ വംശീയതയുടെ ഭാരം കാണാനാകും. ലോകത്തുള്ള മിക്ക ശാസ്ത്രീയ നാമങ്ങളും ലാറ്റിൻ ഭാഷയിലാണ്. എന്നാൽ പ്രാദേശിക വിളിപ്പേരുകൾ എപ്പോഴും അതാത് മേഖലകളിലെ ഭാഷയുടെ അടിസ്ഥാനത്തിലുള്ളതാകും. ശാസ്ത്രീയ നാമങ്ങളേക്കാൾ കുറവ് പ്രശസ്തി മാത്രമാകും പ്രാദേശിക വിളിപ്പേരുകൾക്ക് ഉണ്ടാകുക. ചിലയിടങ്ങളിൽ പ്രാദേശിക നാമങ്ങൾ തന്നെയാണ് ശാസ്ത്രീയ നാമവും. ഇത്തരം സന്ദർഭങ്ങളിൽ വംശീയതയുടെ ഛായയുള്ള പേരുകൾക്ക് ഔദ്യോഗിക പദവി ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം വംശീയത തുളുമ്പുന്ന പേരുകൾ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിനെത്തന്നെ ചുരുക്കാനുള്ള സാധ്യതയുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വംശീയതയുടെ പേരിൽ പേര് മാറ്റിയതിന് ഉദാഹരണം രണ്ട് പ്രാണികളാണ്. ഒരു നിശാശലഭത്തിന്റെയും (Lymantria dispar) ഉറുമ്പിന്റെയും (Aphaenogaster araneoides) പേരിന്റെ കൂടെയുണ്ടായിരുന്ന ജിപ്സി എന്ന വാക്കാണ് ശാസ്ത്രലോകം നീക്കം ചെയ്തത്. റൊമാനിയൻ വംശജരെ കളിയാക്കാനായും അപമാനിക്കാനായും ഉപയോഗിക്കുന്ന വാക്കാണ് ജിപ്സി എന്നത്. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ഗവേഷകരാണ് ഇത്തരത്തിൽ പേരുമാറ്റത്തിന് മുൻകൈ എടുക്കുന്നത്. സമാനമായ രീതിയിൽ എൺപതോളം ജീവജാലങ്ങളുടെ വംശീയ ചുവയുള്ള പേര് മാറ്റാനായി ഇതിനകം ഇവിടുത്തെ ഗവേഷകർ നീക്കം നടത്തുന്നുണ്ട്.
ആഫ്രിക്കയിലെ വംശീയത
അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല ആഫ്രിക്കയിലും ഇതിന് ഉദാഹരണങ്ങളുണ്ട്. ലേബൽ ഹോട്ടൻനോട്ട് എന്ന പേര് ചേർത്തുള്ള പക്ഷികളും മത്സ്യങ്ങളും ചെടികളും തേളുകളും എല്ലാം ആഫ്രിക്കയിലുണ്ട്. തെക്കേ ആഫ്രിക്കയിലുള്ള ഖോയ് ഖോയ് എന്ന പ്രാദേശിക ജനവിഭാഗത്തെ അധിക്ഷേപിക്കാനായി ഉപയോഗിച്ച പേരാണ് ലേബൽ ഹോട്ടൻ നോട്ട് എന്നത്. അതുകൊണ്ടുതന്നെ ഈ ജീവികൾ ഇന്നും അധിക്ഷേപത്തിന്റെ ഓർമപ്പെടുത്തലുകളായി ശേഷിക്കുകയാണ്.
പടിഞ്ഞാറൻ ആഫ്രിക്കയിലെ മരങ്ങളായ ഡിഗ്ഗർ പൈൻ ട്രീ ക്ക് പേര് നൽകിയത് പൈയൂട്ട് എന്ന പ്രാദേശിക ജനവിഭാഗത്തെ അധിക്ഷേപിക്കാനായി വെള്ളക്കാർ ഉപയോഗിച്ച വാക്കിൽ നിന്നാണ്. തെക്കേ അമേരിക്കയിൽ മാത്രം ഏതാണ്ട് 142 പക്ഷികൾക്ക് ഈ വംശവെറിയുടെ അടയാളങ്ങളായ പേരുകളുണ്ട്, ഇതിൽ പല പേരുകളും അമേരിക്കൻ ഭൂഖണ്ഡത്തിലെ വംശഹത്യക്ക് നേതൃത്വം നൽകിയ യൂറോപ്യൻ പട്ടാള മേധാവികളുടെ പേരുകളുമായി ബന്ധപ്പെട്ടതാണ്. കൂടാതെ അടിമത്തത്തെ പിന്തുണച്ച യൂറോപ്യൻ ഭരണാധികാരികളുടെ പേര് പേറുന്ന പക്ഷികളും ഉണ്ട്. വംശവെറിക്ക് ഇപ്പോഴും ഇരയായിക്കൊണ്ടിരിക്കുന്ന ആഫ്രിക്കൻ വംശജർക്കും പ്രാദേശിക അമേരിക്കൻ ജനതയ്ക്കും ഈ പേരുകൾ നോവിക്കുന്ന ഓർമകളാണ്.
പേര് മാറ്റാനുള്ള നീക്കം
2020 മുതലാണ് ഇത്തരം പേരുകൾ മാറ്റാനുള്ള നീക്കം സജീവമായത്. പക്ഷികൾക്ക് പക്ഷികളുടെ പേര് നൽകുക എന്നതാണ് ഈ മാറ്റം ആവശ്യപ്പെട്ടുള്ള നീക്കത്തിനെ വിശേഷിപ്പിക്കുന്നത്. ജീവികളുടെ പേര് മാറ്റാനുള്ള നീക്കം നൂറ്റാണ്ടുകളായുള്ള മുറിവുകളെ ഉണക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ്. അമേരിക്കയിലാണ് ഈ നീക്കം സജീവമായി നിലനിൽക്കുന്നത്. അമേരിക്കയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലുള്ള ഗവേഷകർ ഇപ്പോൾ സമാനമായ, വംശവെറി പേരുകൾ ഉള്ള പക്ഷികൾക്കായി ബദൽ പേരുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.