അന്റാർട്ടിക്കയിലും മാരക പക്ഷിപ്പനി; പ്രതിസന്ധിയിലായി പെൻഗ്വിൻ പക്ഷിക്കൂട്ടം
Mail This Article
മാരകമായ പക്ഷിപ്പനി അന്റാർട്ടിക്ക വൻകരയിലും സ്ഥിരീകരിച്ചു. അന്റാർട്ടിക്കയുമായി കടലതിർത്തി പങ്കിടുന്ന തെക്കൻ അമേരിക്കൻ രാഷ്ട്രമായ അർജന്റീനയിലെ ഹയർ കൗൺസിൽ ഫോർ സയന്റിഫിക് ഇൻവെസ്റ്റിഗേഷനാണ് അന്റാർട്ടിക്കയിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. വൻകരയുടെ തെക്കൻ ഭാഗങ്ങളിൽ താമസിക്കുന്ന പെൻഗ്വിൻ പക്ഷികൾക്ക് പ്രതിസന്ധിയുണ്ടാക്കുമോയെന്ന് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നു.
ഫെബ്രുവരി 24ന്, അന്റാർട്ടിക്കയിൽ കണ്ടെത്തിയ ചില ചത്ത സ്‌കുവ കടൽപ്പക്ഷികളുടെ ശരീരത്തിൽ നിന്നു ശേഖരിച്ച സാംപിളുകളിൽ നിന്നാണ് വൈറസ് ബാധ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്. എച്ച്5എൻ1 വിഭാഗത്തിലുള്ള പക്ഷിപ്പനിയാണിതെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അടുത്തകാലത്തായി ലോകത്ത് പല ഭാഗങ്ങളിലും ഈ പക്ഷിപ്പനിയുടെ വൈറസ് വ്യാപകമായി പറവകളെ കൊന്നൊടുക്കിയിരുന്നു.
മേഖലയിലെ വലിയ പെൻഗ്വിൻ പക്ഷിക്കൂട്ടങ്ങളെ വൈറസ് ആക്രമിക്കുമോയെന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞർ. അന്റാർട്ടിക്കയിലും സമീപദ്വീപുകളിലുമായി വലിയ തോതിലുള്ള പെൻഗ്വിൻ കൂട്ടങ്ങളാണ് വരുന്നത്. വൈറസ് പെട്ടെന്നു പകരാനിടയാക്കുന്ന സംഭവങ്ങളുണ്ടായാൽ ഇവ ബാധിക്കപ്പെടാം.
Read Also: വെള്ളത്തിനടിയിൽ വലകെട്ടുന്ന ഒരേയൊരു ചിലന്തി! താമസിക്കുന്നത് സ്വയംനിർമിച്ച വായു കുമിളയിൽ
അന്റാർട്ടിക്കയിൽ 62 സ്പീഷീസുകളിലുള്ള പക്ഷികളുണ്ട്. ആൽബട്രോസ്, പെട്രെൽസ്, താറാവുകൾ, വാത്തകൾ, അരയന്നങ്ങൾ, സ്‌കുവ, തുടങ്ങി അനേകം പക്ഷികളെ ഈ മഞ്ഞുഭൂഖണ്ഡത്തിൽ കാണാം. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്നത് പെൻഗ്വിനുകളെയാണ്. ഇവരിൽ നാലടി വരെ നീളം വയ്ക്കുന്ന എംപറർ പെൻഗ്വിനുകൾ ലോകത്തെ ഏറ്റവും വലിയ പെൻഗ്വിൻ സ്പീഷീസാണ്. 22 മുതൽ 45 കിലോ വരെ തൂക്കമുണ്ടാകും. താപനിലെ പൂജ്യത്തിനു താഴെയായാലും ചെറുത്തുജീവിക്കാൻ ഇവർക്കാകും.