ADVERTISEMENT

മനുഷ്യർ തമ്മിൽ ഇത്രമേൽ അടുപ്പമുണ്ടായതിനു പിന്നിൽ പുത്തൻ ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കു കാര്യമായ പങ്കുണ്ടെന്നതിൽ സംശയമില്ല. ഭൂമിയിലെ വൈവിധ്യമാർന്ന ജീവജാതികളും മനുഷ്യനുമായുള്ള സഹവർത്തിത്വം കൂടുതൽ ഊഷ്മളമാക്കാനും വന്യജീവി സംരക്ഷണത്തിൽ പുത്തൻ മാർഗങ്ങൾ തുറക്കാനും ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്കു കഴിയുമെന്ന സന്ദേശമാണ് ഇക്കൊല്ലത്തെ ലോക വന്യജീവി സംരക്ഷണ ദിനത്തിൽ മുൻപോട്ടു വയ്ക്കപ്പെടുന്ന മുഖ്യ ആശയം (Connecting People and Planet:Exploring Digital Innovation in Wildlife Conservation). വനങ്ങളെയും വന്യജീവികളെയും പരിപാലിക്കാനുള്ള മനുഷ്യന്റെ നൈതികമായ ദൗത്യത്തിൽ അവനെ സഹായിക്കുന്ന പുത്തൻ സാങ്കേതിക വിദ്യകളിൽ ആദ്യത്തെ മൂന്നിലാണ് നിർമിത ബുദ്ധിയുടെ (എഐ) സ്ഥാനമെന്നാണ് വൈൽഡ്‌ലാബ്സിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. സയൻസ് ഫിക്‌ഷൻ സിനിമകളിൽ മനുഷ്യന്റെ അന്തകനായി പലപ്പോഴും ചിത്രീകരിക്കപ്പെടുന്ന (സ്റ്റീഫൻ ഹോക്കിങ്സ് പോലും ഒരിക്കൽ പറഞ്ഞിട്ടുണ്ടത്രേ!) കൃത്രിമബുദ്ധിയെ നിലനിൽപ്പിനു ഭീഷണി നേരിടുന്ന ജീവജാതികളുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്.

ഇന്ത്യൻ റെയിൽവേയുടെ ‘ഗജരാജ്’

ഇന്ത്യയിൽ ആനകളുടെ അസ്വാഭാവിക മരണത്തിന്റെ രണ്ടു പ്രധാന കാരണങ്ങൾ വൈദ്യുതാഘാതവും ട്രെയിനിടിച്ചുള്ള അപകടങ്ങളുമാണ്. റെയിൽപാതകളിൽ ആനകളുടെ ജീവൻ പൊലിയുന്നതു തടയാനായി ഇന്ത്യൻ റെയിൽവേ എഐയുടെ സഹായം തേടിയിരിക്കുന്നു. ഗജരാജ് (Gajraj) എന്ന പേരിട്ടിരിക്കുന്ന ഈ നിരീക്ഷണ സംവിധാനം വനപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന 700 കിലോമീറ്റർ പാതകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. അസം, ബംഗാൾ, ഒഡീഷ, കേരളം, ജാർഖണ്ഡ്, ഛത്തീസ്ഗഡിന്റെ ഭാഗങ്ങൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഈ നിരീക്ഷണവലയിലുള്ളത്.181 കോടി രൂപ മുതൽമുടക്കിൽ സ്റ്റാർട്ടപ് കമ്പനികളുമായി സഹകരിച്ചാണ് പ്രോജക്ട് നടപ്പിലാക്കുന്നത്. റെയിൽവേ ട്രാക്കിൽ ആനകൾ പ്രവേശിച്ചാലുടൻ ഇതു സംബന്ധിച്ച സന്ദേശം ലോക്കോ പൈലറ്റുമാർക്ക് എത്തും; അതും 99.5 ശതമാനം കൃത്യതയോടെ.

elephant-train-1
റെയിൽവേ ട്രാക്കിലൂടെ പോകുന്ന കാട്ടാനകൾ. ഫയൽചിത്രം ∙ മനോരമ

സാംബിയയിൽ അനധികൃത മീൻപിടുത്തം തടയുന്ന എഐ

22,400 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന, 6,600 ആഫ്രിക്കൻ ആനകൾക്ക് താമസമൊരുക്കുന്ന സാംബിയയിലെ കാഫുവേ (Kafue) ദേശീയോദ്യാനത്തിന്റെ പ്രശ്നം ആനവേട്ടയും അനധികൃത മത്സ്യബന്ധനവുമാണ്. ഉദ്യാനത്തിന്റെ അതിർത്തിയിലുള്ള തടാകത്തിൽ (Itezhi - Tezhi) മീൻ പിടിക്കാനെന്ന വ്യാജേനയാണ് വേട്ടക്കാർ പലപ്പോഴും എത്തുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ സാംബിയയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് നാഷനൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫും ഗെയിം റേഞ്ചേഴ്സ് ഇന്റർനാഷനൽ എന്ന പരിരക്ഷണ പദ്ധതിയും ചേർന്ന് എഐയുടെ സഹായത്തോടെ 19 കിലോമീറ്റർ നീളത്തിൽ ഒരു ‘വിർച്വൽ വേലി’  സ്ഥാപിച്ചു. എഐ സംവിധാനമുള്ള ഫോർവേഡ് ലുക്കിങ് ഇൻഫ്രാറെഡ് ക്യാമറകളുള്ള ഈ ‘'വേലി’യുടെ സഹായത്തോടെ, തടാകത്തിലേക്ക് വരികയും പോവുകയും ചെയ്യുന്ന ബോട്ടുകളുടെ വിവരം റെക്കോർഡ് ചെയ്യുന്നു. ആദ്യമൊക്കെ ക്യാമറയുടെ നിരീക്ഷണം മനുഷ്യർ തന്നെ ചെയ്തിരുന്നെങ്കിൽ ഇപ്പോഴത് എഐ സംവിധാനമാണ് കൃത്യതയോടെ കൈകാര്യം ചെയ്യുന്നത്. സംരക്ഷിത പ്രദേശങ്ങളിൽ അനധികൃത കടന്നുകയറ്റങ്ങൾ കൃത്യമായി അറിയിക്കാൻ ഈ സങ്കേതം ഇന്ന് സജ്ജമാണ്.

Declining catch worries fishers in Kerala

ബ്രസീലിൽ വരൾച്ചാ മുന്നറിയിപ്പു നൽകിയത് മെഷീൻ ലേണിങ്

ജലലഭ്യതയുമായി ബന്ധപ്പെട്ട് ബ്രസീൽ നേരിടുന്ന വലിയൊരു പ്രതിസന്ധിയുടെ ആഴത്തെക്കുറിച്ച് ആദ്യമായി കൃത്യമായ മുന്നറിയിപ്പ് നൽകിയത് മെഷീൻ ലേണിങ്ങും എഐ സംവിധാനവുമായിരുന്നു. കഴിഞ്ഞ 30 വർഷം കൊണ്ട് ഭൂതലജലസമ്പത്തിന്റെ 15 ശതമാനത്തോളം നഷ്ടപ്പെട്ട രാജ്യമാണ് ബ്രസീൽ. വികസനവും ജനസംഖ്യയിലെ വളർച്ചയും വനനശീകരണവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഇതിന്റെ കാരണമാണ്. രാജ്യത്തെ നദികളും തടാകങ്ങളും തണ്ണീർത്തടങ്ങളും നേരിടുന്ന നാശത്തിന്റെ വ്യാപ്തി എത്രയാണെന്ന് ബ്രസീലിനു മനസ്സിലാക്കിക്കൊടുക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം വേണ്ടി വന്നുവെന്നതാണ് വസ്തുത. നാസയുടെ ലാൻഡ്സാറ്റ് 5, 7, 8 എന്നീ സാറ്റലൈറ്റുകൾ 1985 നും 2020 നും ഇടയിൽ 8.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു നിന്നു നൽകിയ 150,000 ചിത്രങ്ങൾ മെഷീൻ ലേണിങ് ഉപയോഗിച്ച് പരിശോധിച്ച ‘ദ് മാപ്പ് ബയോമാസ് വാട്ടർ പ്രോജക്ടാ’ണ് ഈ വിവരം പുറത്തു കൊണ്ടുവന്നത്. ഇത്രയും കൃത്യമായി ജല പ്രതിസന്ധിയുടെ ആഴം പരിശോധിക്കാൻ എഐ സംവിധാനത്തിനേ സാധിക്കുമായിരുന്നുള്ളൂ. ആമസോൺ നദിയുടെ മുഖ്യ ശാഖയായ നെഗ്രോയ്ക്ക് അതിന്റെ ഉപരിതല ജലത്തിന്റെ 22 ശതമാനം നഷ്ടപ്പെട്ടിരിക്കുന്നുവത്രേ!. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തണ്ണീർത്തടമായ പാന്റനലിന് നഷ്ടപ്പെട്ടത് ജലത്തിന്റെ 74 ശതമാനവും. ഇവിടെ ജീവിക്കുന്ന നാലായിരത്തോളം സസ്യജന്തുജാലങ്ങളുടെ (ജഗ്വാറുകളും അനക്കോണ്ടകളും ഉൾപ്പെടെ) നിലനിൽപ് ഭീഷണിയിലാകാൻ വേറെന്തു വേണം. ഇത്തരമൊരു ദുരവസ്ഥ പുറത്തു കൊണ്ടുവന്നത് മെഷീൻ ലേണിങ്ങും എഐ സാങ്കേതിക വിദ്യയുമായിരുന്നു.

ആമസോൺ മഴക്കാട് (Photo Contributor: worldclassphoto/ Shutterstock)
ആമസോൺ മഴക്കാട് (Photo Contributor: worldclassphoto/ Shutterstock)

എവിടെ തിമിംഗലങ്ങൾ?: പാട്ടു കേട്ട് കണ്ടുപിടിക്കും എഐ

വിശാലമായ സമുദ്രത്തിൽ എവിടെയാണ് തിമിംഗലങ്ങൾ, പ്രത്യേകിച്ച് കൂനൻ തിമിംഗലങ്ങൾ (humpback whales) എന്ന് കണ്ടുപിടിക്കുക ഏറെ ദുഷ്ക്കരമാണ്. എന്നാൽ അവരുടെ പ്രത്യേകതയായ ശബ്ദം (സംഗീതമാണോ?) നൂറുകണക്കിന് മൈൽ ദൂരത്തിൽ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്നു. ഈ ശബ്ദത്തിന്റെ റെക്കോർഡിങ്ങാണ് പലപ്പോഴും ഇവർ എവിടെ ഉണ്ടെന്ന സൂചന ഗവേഷകർക്ക് നൽകാറുള്ളത്. പക്ഷേ ഈ ശബ്ദം തിരിച്ചറിയാൻ മനുഷ്യൻ ശ്രമിക്കുമ്പോൾ നീണ്ട കാലതാമസം ഉണ്ടാകാറുണ്ടത്രേ! 2018 ൽ പസിഫിക് ദ്വീപിലെ നാഷനൽ ഓഷ്യാനിക് ആൻഡ് അക്കാസ്റ്റിക് അസോസിയേഷൻ, ഗൂഗിൾ എഐ ഫോർ സോഷ്യൽ ഗുഡ്സിന്റെ ബയോ അക്കസ്സിക്സ് സംഘവുമായി ചേർന്ന് ഒരു മെഷീൻ ലേണിങ് മാതൃകയുണ്ടാക്കി. കൂനൻ തിമിംഗലങ്ങളുടെ പാട്ട് തിരിച്ചറിയാൻ സാധിക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം രൂപപ്പെടുത്തുകയും ചെയ്തു. ഇപ്രകാരം, തിമിംഗലങ്ങൾ ഇല്ലെന്നു കരുതിയ പ്രദേശങ്ങളിൽ നിന്നു പോലും അവയെ കണ്ടെത്താനും സംരക്ഷണം നൽകാനും സാധിക്കുന്നു.

Image Credit : Anne Powell/shutterstock
Image Credit : Anne Powell/shutterstock

ഓസ്ട്രേലിയയിൽ കോലകളുടെ എണ്ണമെത്ര?

ഓസ്ട്രേലിയക്കാരായ കോലകളുടെ (Koala) എണ്ണത്തിലുണ്ടാകുന്ന കുറവ് വന്യജീവി സംരക്ഷണത്തിലേർപ്പെട്ടിരിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിരുന്നു. അവരെ സംരക്ഷിക്കാനുള്ള ആദ്യ പടി അവർ എത്രയെണ്ണം ഉണ്ടെന്നു കണക്കാക്കലാണ്. ക്വീൻസ് ലാൻഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഇതിനായി നിർമിത ബുദ്ധിയുടെ സഹായം തേടി. ഡ്രോണുകളും ഇൻഫ്രാറെഡ് ഇമേജിങ്ങും ഉപയോഗിക്കുന്ന ഒരു എഐ അൽഗോരിതത്തിന് ദ്രുത വേഗത്തിൽ ഇൻഫ്രാറെഡ് ചിത്രങ്ങൾ അപഗ്രഥിച്ച് കോലയുടെ തനതായ ഹീറ്റ് സിഗ്നേച്ചർ കണ്ടുപിടിക്കാനും അവയുടെ അവശേഷിക്കുന്ന എണ്ണം കണ്ടു പിടിക്കാനും സാധിക്കുന്നു.

Read Also: ബഹിരാകാശത്തെത്തി, കൊടുംവികിരണങ്ങളേറ്റു; എന്നിട്ടും പോറൽപോലുമില്ലാതെ തിരിച്ചെത്തി!

കോംഗോ ബേസിനിൽ എത്ര ജീവജാതികളുണ്ട്?

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മഴക്കാടുകളാണ് കോംഗോ ബേസിൻ. ജൈവവൈവിധ്യത്താൽ സമൃദ്ധവും വൈവിധ്യ നഷ്ടത്തിന്റെ കുപ്രസിദ്ധിയും പേറുന്ന ഇവിടുത്തെ ജീവജാതികൾ എത്രയെന്നു കണ്ടു പിടിക്കാൻ സഹായിച്ചതും എംബാസ എഐ ഇമേജ് ക്ലാസിഫിക്കേഷൻ ആൽഗോരിതം ഉപയോഗിച്ചാണ്. 7000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്തെ 200 ക്യാമറ ട്രാപ്പുകളിൽനിന്നു ലഭിച്ച 50,000 ൽ പരം ചിത്രങ്ങൾ വിശകലനം ചെയ്തു പരിശീലനം നേടിയ എംബാസയ്ക്ക് മണിക്കൂറിൽ 3000 ഇമേജുകൾ 96 ശതമാനം കൃത്യതയോടെ തിരിച്ചറിയാൻ കഴിയുന്നു.

English Summary:

How AI Innovations are Transforming Wildlife Conservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com