മലകളിൽ കാണപ്പെടുന്ന വരയാട് തൃശൂർ വന്യജീവി സങ്കേതത്തിൽ
Mail This Article
സമുദ്രനിരപ്പിൽ നിന്നു ശരാശരി 1500 മീറ്റർ ഉയരത്തിൽ ചെങ്കുത്തായ മലകളിൽ കാണപ്പെടുന്ന വരയാടിനെ തൃശൂർ ചിമ്മിനി ജലസംഭരണിക്കരികെ കണ്ടെത്തി. സമുദ്ര നിരപ്പിൽ നിന്ന് 60 മീറ്റർ മാത്രം ഉയരത്തിലാണ് ഈ സ്ഥലം. ചിമ്മിനി വന്യജീവി സങ്കേതത്തിൽ ആദ്യമായാണു വരയാടിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. 3 ആടുകളുള്ള കൂട്ടമാണ് എത്തിയിട്ടുള്ളതെന്നു സൂചനയുണ്ട്. ഇവ പറമ്പിക്കുളം വനാതിർത്തിക്കു സമീപം പുണ്ടമല ഭാഗത്തു നിന്ന് എത്തിയതായിരിക്കാമെന്നു സംശയിക്കുന്നതായി ചിമ്മിനി അസി. വൈൽഡ് ലൈഫ് വാർഡൻ കെ.എം. മുഹമ്മദ് റാഫി പറഞ്ഞു.
സമുദ്രനിരപ്പിൽ ഇത്രയും താഴേക്കു വരയാടുകൾ എത്തുന്നത് അത്യപൂർവമാണെന്നും കാലാവസ്ഥാമാറ്റം അടക്കമുള്ള കാരണങ്ങൾ ഇതിനു പിന്നിലുണ്ടോയെന്ന കാര്യത്തിൽ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2000 ൽ താഴെ വരയാടുകൾ മാത്രമേ ഭൂമിയിൽ ശേഷിക്കുന്നുള്ളൂ. ഇതിൽ എണ്ണൂറിലേറെ മൂന്നാർ ഇരവികുളം ദേശീയ ഉദ്യാനത്തിലാണ്.