ADVERTISEMENT

നമ്മുടെ നാട്ടിൽ സുലഭമായുള്ളതും എന്നാൽ അങ്ങനെ പെട്ടെന്ന് കണ്ണിൽപ്പെടാത്തതുമായ മൃഗമാണ് മരപ്പട്ടി. കോമൺ പാം സിവറ്റ്, ടോഡി കാറ്റ്, മുസാങ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ ജീവികൾ തെക്കനേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. മരപ്പട്ടി എന്നു പേരൊക്കെയുണ്ടെങ്കിലും നായ്ക്കളുമായി ഇതിനു യാതൊരു ബന്ധവുമില്ല.

മരപ്പട്ടിയെ ഉപയോഗിച്ച് വിലയേറിയ ഒരു കാപ്പിപ്പൊടി തയാർ ചെയ്യുന്നുണ്ട്. അതിന്റെ പേരാണ് കോപ്പി ലുവാക്. സിവറ്റ് കോഫി എന്ന പേരിലും ഇതു വിദേശങ്ങളിൽ അറിയപ്പെടുന്നു. വളരെ വിലയേറിയ കാപ്പിപ്പൊടി ഇനങ്ങളിൽ ഒന്നാണ് കോപ്പി ലുവാക്. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി തയാർ ചെയ്യുന്ന രീതിയുടെ തുടക്കം. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂർ തുടങ്ങിയ ദ്വീപുകളിലും ഫിലിപ്പീൻസിലുമൊക്കെ ഈ രീതിയുണ്ട്.

കോപ്പി ലുവാക്ക് (Photo: X/ @mima_sah)
കോപ്പി ലുവാക്ക് (Photo: X/ @mima_sah)

മികവും രുചിയുമുള്ള കാപ്പിക്കുരുക്കൾ മരപ്പട്ടികൾക്ക് ഭക്ഷിക്കാൻ കൊടുക്കുന്നതാണ് ആദ്യഘട്ടം. മരപ്പട്ടിയുടെ ദഹനവ്യവസ്ഥ ഭാഗികമായി ഈ കാപ്പിക്കുരുക്കളെ ദഹിപ്പിക്കുകയും പുറന്തള്ളുകയും ചെയ്യും. മരപ്പട്ടിയുടെ വിസർജ്യത്തിനൊപ്പം പുറത്തുവരുന്ന ഈ പകുതി ദഹിച്ച കാപ്പിക്കുരുക്കൾ ശുചിയാക്കിയ ശേഷം പ്രത്യക രീതിയിൽ ഉണക്കിപ്പൊടിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. കിലോയ്ക്ക് 100 ഡോളർ മുതൽ 1300 ഡോളർ വരെ വില വരുന്ന കോപ്പി ലുവാക് വകഭേദങ്ങളുണ്ട്.

Read Also: അഞ്ച് നൂറ്റാണ്ട് ജീവിച്ച അദ്ഭുതജീവി! കണ്ടെത്തിയത് ഉത്തരധ്രുവ മേഖലയിൽ നിന്ന്

മരപ്പട്ടി (Photo: X/ @pulitzercenter)
മരപ്പട്ടി (Photo: X/ @pulitzercenter)

എന്നാൽ പരിസ്ഥിതി, മൃഗചൂഷണ വിഷയങ്ങളും ഈ കാപ്പിയുടെ നിർമാണത്തിനു പിന്നിൽ ആരോപിക്കപ്പെടുന്നുണ്ട്. ആദ്യകാലങ്ങളിൽ ആളുകൾ മരപ്പട്ടി വിസർജിക്കുന്ന കാപ്പിക്കുരുക്കൾക്കായി കാട്ടിൽ തേടിയലഞ്ഞു ശേഖരിച്ചു തയാർ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ കാപ്പിയുടെ ഡിമാൻഡ് തിരിച്ചറിഞ്ഞതോടെ ഈ രീതി വാണിജ്യവത്കരിക്കപ്പെട്ടു.

മരപ്പട്ടികളെ കൂട്ടിലാക്കി ഇവയെ നിർബന്ധിതമായി കാപ്പിക്കുരു ഭക്ഷണമായി നൽകിയുള്ള കാപ്പിയുത്പാദന രീതി തുടങ്ങി. ഇത് മൃഗചൂഷണമാണെന്ന് പല ആക്ടിവിസ്റ്റുകളും അഭിപ്രായപ്പെടുന്നു. ഇന്തൊനീഷ്യയെ കോളനിയാക്കിയ ഡച്ചുകാരാണ് ഇവിടെ യെമനിൽ നിന്നും മറ്റുമായി കാപ്പിക്കുരുക്കൾ എത്തിച്ച് ഫാമിങ് തുടങ്ങിയത്. പത്തൊൻപതാം നൂറ്റാണ്ടിലാണ് കോപ്പി ലുവാക്കിന്റെ നിർമാണം തദ്ദേശീയർ വികസിപ്പിച്ചെടുത്തത്. എന്നാൽ ഈ കാപ്പിയുടെ രുചിയുടെ കാര്യത്തിൽ വിരുദ്ധാഭിപ്രായങ്ങളുണ്ട്.

ഇന്തൊനീഷ്യയിൽ കോപ്പി ലുവാക്കിന്റെ തട്ടിപ്പ് വകഭേദങ്ങളും പുറത്തിറങ്ങുന്നുണ്ട്. കോപ്പി ലുവാക്ക് ഹോളിവുഡിൽ് ഉൾപ്പെടെ പല ചിത്രങ്ങളിലും അവതരിപ്പിക്കപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com