ADVERTISEMENT

വിയറ്റ്നാമിലെ ഒരു നദിയാണ് ഹുറോങ്. പെർഫ്യൂം നദി എന്നാണ് ഹുറോങ് എന്ന പേരിനർഥം. പേരു സൂചിപ്പിക്കുന്നതു പോലെ ശരത്കാലത്ത് ഈ നദിയിലെ ജലത്തിനു പെർഫ്യൂം പോലെ സുഗന്ധമുണ്ടാകും. ഇതിനൊരു കാരണമുണ്ട്; ആ നദി കടന്നുവരുന്ന പൊക്കമുള്ള പ്രദേശങ്ങളിലെ കാടുകളിൽ പൂത്തുനിൽക്കുന്ന ചില മരങ്ങൾ.

80 കിലോമീറ്ററോളം നീളമുള്ള ഹുറോങ് നദി ഒഴുകുന്നത് വിയറ്റ്നാമിലെ മധ്യ പ്രവിശ്യയായ തുര തിൻഹ്യൂവിലൂടെയാണ്. ഈ രണ്ട് മലനിരകളിലായി രണ്ടു സ്രോതസ്സുകളാണ് ഈ നദിക്ക്. പല കാടുകളിൽ നിന്നുള്ള പൂക്കൾ ഈ നദിക്കു സുഗന്ധം നൽകുന്നു. നദീതീരത്തെ ഒരു പട്ടണമായ അങ്ങനെ ഹ്യുവിലുള്ളവരാണ് ഈ നദിക്ക് ഹുറോങ് അഥവാ പെർഫ്യൂം നദിയെന്നു പേരു നൽകിയത്.

ഇന്ന് ലോക ജലദിനം. ലോകത്തെ മറ്റു ചില ജലവിശേഷങ്ങൾ അറിഞ്ഞാലോ.

കാനഡയിലെ, ഒൺടാരിയോയിൽ സ്ഥിതി ചെയ്യുന്ന ഖനിയാണു കിഡ്സ് ക്രീക്ക്. 1963 ലാണ് ഇതു  പ്രവർത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ആഴമുള്ള ചെമ്പ്–സിങ്ക് ഖനിയാണ് കിഡ്സ് ക്രീക്ക്. ഈ ഖനിയിൽ നിന്നാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജലം 2009 ൽ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ബാർബറ ലോളർ എന്ന, ടൊറന്റോ സർവകലാശാലയിലെ ഭൗമശാസ്ത്രജ്ഞയാണു ജലം കണ്ടെത്തിയത്. 1992 മുതൽ കിഡ് ക്രീക്കിൽ ഇവർ സന്ദർശനം നടത്തിയിരുന്നു. എന്നാൽ 17 വർഷങ്ങൾക്കിപ്പുറം നടത്തിയ സന്ദർശനത്തിൽ ഈ ജലം ലോളറുടെ ശ്രദ്ധയിൽ പെട്ടു. ഖനിയിൽ ഭൗമനിരപ്പിൽ നിന്നു മൂന്നു കിലോമീറ്ററോളം താഴ്ചയിലായിരുന്നു ഇതു സ്ഥിതി ചെയ്തത്. മൂക്കിനെ എരിച്ചുകളയുന്ന മട്ടിൽ ദുർഗന്ധമുള്ള ജലത്തിന്റെ സാംപിളുകൾ ലാബുകളിലേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഇതിന്റെ പ്രായം കണക്കാക്കപ്പെട്ടത്. 150 മുതൽ 260 വരെ കോടി വർഷം പഴക്കമുള്ളതാണ് ഈ ജലം

യൂറോപ്യൻ രാജ്യമായ ഇറ്റലിയുടെ ഭാഗമായ സിസിലിയിൽ സ്ഥിതി ചെയ്യുന്ന ഹൈബ്ലെയ്ൻ പർവതനിരകൾക്കടിയിൽ 60 ലക്ഷം പഴക്കമുള്ള ജലം സ്ഥിതി ചെയ്യുന്നെന്ന് ഗവേഷകർ ഈ വർഷം കണ്ടെത്തിയിരുന്നു.

മദ്യഗന്ധമുള്ള വൈപിയോ അരുവി (Photo: X/ @ApiWenuwen)
മദ്യഗന്ധമുള്ള വൈപിയോ അരുവി (Photo: X/ @ApiWenuwen)

ഇനി മദ്യം ഒഴുകിയ ഒരു അരുവിയെക്കുറിച്ചറിയാം. ഹവായിയിലെ ഒരു ദ്വീപായ ഓഹുവിൽ ഒരു അരുവിയുണ്ട്. വൈപിയോ എന്ന ചെറുനദിയിലേക്ക് ചെന്നു ലയിക്കുന്ന ഈ അരുവിയിൽ നിന്നുണ്ടായ മദ്യഗന്ധം നാട്ടുകാർ ശ്രദ്ധിക്കുകയും അധികാരികളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിൽ അരുവിയിലെ ജലത്തിൽ ആൽക്കഹോളിന്റെ അളവ് 1.2 ശതമാനമാണെന്നു കണ്ടെത്തി. .04 ശതമാനം പഞ്ചസാരയും അരുവിയിലെ ജലത്തിൽ അടങ്ങിയിട്ടുണ്ട്.

എങ്ങനെയാണ് ഈ അരുവിയിൽ മദ്യസാന്നിധ്യം ഉണ്ടായതെന്ന അധികൃതരുടെ അന്വേഷണം അരുവിക്കു സമീപമുള്ള ഒരു ഡിസ്റ്റിലറിയിലാണ് എത്തി നിന്നത്. ഹവായിയിലെ ഏറ്റവും വലിയ മദ്യനി‍ർമാതാക്കളാണ് ഈ കമ്പനി. ഇവിടെ നിന്നുള്ള മാലിന്യങ്ങളും മലിനജലവും വഹിക്കുന്ന ഒരു പൈപ്പ് പൊട്ടി അരുവിയിൽ കലർന്നതാണ് വിചിത്രപ്രതിഭാസങ്ങൾക്കു വഴിവച്ചത്.

(Photo: Twitter/@shonajjenkins)
(Photo: Twitter/@shonajjenkins)

ആഫ്രിക്കൻ രാജ്യം കോംഗോയിലെ (ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) കോംഗോ നദിയുടെ കൈവഴിയായ റുക്കി നദി ലോകത്തിലെ ഏറ്റവും ഇരുണ്ട ജലാശയങ്ങളിൽ ഒന്നാണ്. നദിയെക്കുറിച്ചുള്ള ആദ്യത്തെ ശാസ്ത്രീയ പഠനത്തിൽ, സ്വിറ്റ്സർലൻഡിലെ ഇടിഎച്ച് സൂറിച്ച് സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ വെള്ളമെന്താണ് ഇത്രയും കടുക്കുന്നതെന്ന് കണ്ടെത്തി. ചുറ്റുമുള്ള മഴക്കാടുകളിൽ നിന്ന് ഉയർന്ന അളവിൽ അലിഞ്ഞുചേരുന്ന ജൈവവസ്തുക്കളിൽ നിന്നാണ് റുക്കിക്ക് നിറം ലഭിക്കുന്നതെന്നാണ് പഠനഫലം പറയുന്നത്. കട്ടൻചായ പോലെയുള്ള വെള്ളമെന്നാണ് റുക്കിയുടെ ജലത്തെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.

ഭൂമിയുടെ പുറന്തോടിനുള്ളിൽ ഒരു സമുദ്രമുണ്ടെന്നു കഴിഞ്ഞ വർഷം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നു 400 മൈൽ താഴെ സ്ഥിതി ചെയ്യുന്ന ഇത് റിങ്വുഡൈറ്റ് എന്ന പാറക്കെട്ടുകൾക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

English Summary:

Discover the Aromatic Secrets of Vietnam's Perfume River - Unveiling the Huong's Enchanting Scent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com