15 അടി നീളമുള്ള മുതലയുടെ ആക്രമണം, കൂട്ടിന് മറ്റൊരു മുതലയും; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്
Mail This Article
ദക്ഷിണാഫ്രിക്കയിൽ 15 അടി നീളമുള്ള മുതലയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൃഗശാല ജീവനക്കാരൻ. ക്വാ സുലു നടാലിലെ ബലിറ്റോയിലുള്ള ക്രൊക്കോഡിൽ ക്രീക്ക് തീം പാർക്കിൽ സന്ദർശകർ നോക്കി നിൽക്കെയാണ് സംഭവം.
ലോകത്ത് ഏറ്റവും മാരകമായി കടിച്ചാക്രമിക്കുന്ന നൈൽ മുതലകളാണ് പാർക്കിലുണ്ടായിരുന്നത്. ജീവനക്കാരൻ ഒരു വടികൊണ്ട് മുതലയുടെ മുഖത്ത് തലോടുന്നത് കാണാം. കണ്ണടച്ച് ആസ്വദിക്കുന്നതിനിടയിൽ പെട്ടെന്ന് യുവാവിനെ ആക്രമിക്കാൻ തിരിഞ്ഞു. യുവാവ് മാറിനിന്നെങ്കിലും മുതല വസ്ത്രത്തിൽ കടിച്ചുപിടിച്ചു. രക്ഷപ്പെടാനായി വടി മുതലയുടെ വായിലേക്ക് വച്ചുകൊടുത്തു. ഈ സമയമത്രയും കാണികൾ ബഹളംവയ്ക്കുകയും മറ്റ് ജീവനക്കാരെ സഹായത്തിനായി വിളിക്കുകയുമായിരുന്നു.
Read Also: കാണാൻ മുള്ളൻപന്നിയെ പോലെ; കശ്മീരിൽ നീളൻ ചെവിയൻ ഹെഡ്ജ്ഹോഗിനെ കണ്ടെത്തി.
മുതലയുടെ ആക്രമണത്തിനിടെ യുവാവ് തറയിലേക്ക് വീഴുന്നതും വിഡിയോയിൽ കാണാം. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു മുതലയും യുവാവിനെ ആക്രമിക്കാൻ അടുത്തെത്തി. എന്നാൽ തലനാരിഴയ്ക്ക് ഇരുവരുടെയും ഇടയിൽനിന്ന് യുവാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.