പക്ഷികളെ ‘കിഡ്നാപ്’ ചെയ്ത് തടവിലാക്കുന്ന ഭീകരൻ പക്ഷി! കൗതുകമായി എലനോറാസ് ഫാൽക്കൻ
Mail This Article
പക്ഷിലോകം സമ്പന്നമാണ്. എത്രയോ തരം പക്ഷികൾ. ഉയരങ്ങളിൽ കൂടുകൂട്ടുന്നവ, ഉയരെപ്പറക്കുന്നവ, വെള്ളത്തിൽ നീന്തുന്നവ, പറക്കാത്തവ,. അങ്ങനെ ഏതെല്ലാം തരം.
ആഫ്രിക്കയുടെ പല ഭാഗങ്ങളിലും കാണപ്പെടുന്ന പക്ഷിയാണ് എലനോറാസ് ഫാൽക്കൻ. മെഡിറ്ററേനിയൻ തീരത്തും ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തും പ്രജനനം നടത്തുന്ന ഇവ ശരത്കാലത്ത് ആഫ്രിക്കൻ ദ്വീപായ മഡഗാസ്‌കറിലെത്തും. കീടങ്ങളെയും വവ്വാലുകളെയും ചെറിയ പക്ഷികളെയുമൊക്കെയാണ് ഇവ ഭക്ഷിക്കുന്നത്.
എന്നാൽ അത്യന്തം കൗതുകമായ ഒരു വേട്ടരീതി ഇവയ്ക്കുണ്ട്. എലനോറാസ് ഫാൽക്കനെപ്പറ്റി അടുത്തിടെ പുറത്തുവന്ന പഠനത്തിലാണ് ഈ വിവരമുള്ളത്. ചെറുപക്ഷികളെ പിടികൂടി അവയുടെ തൂവലുകൾ പറിച്ചുകളഞ്ഞശേഷം പാറകളിലും മലകളിലുമുള്ള വിടവുകളിലും ദ്വാരങ്ങളിലുമൊക്കെ അവയെ തടവിലാക്കുകയാണ് എലനോറാസ് ഫാൽക്കൻ ചെയ്യുന്നത്. അങ്ങനെ കുടുങ്ങുന്ന പക്ഷികൾക്ക് തൂവലുകളില്ലാത്തതിനാൽ പറക്കാനാവില്ല.
എലനോറാസ് ഫാൽക്കണുകളിലെ മോഗഡോർ എന്ന പ്രത്യേകയിനം പക്ഷികളാണ് ഈ ‘കിഡ്നാപ്പർമാർ.’
പഞ്ഞകാലത്ത് ഭക്ഷണം കിട്ടാനായാണ് ഇവ ഇങ്ങനെ പക്ഷികളെ തടവിലാക്കുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു. സോങ്‌ബേഡുകൾ എന്ന കിളികളാണ് ഇവയുടെ പ്രധാന ഇരകൾ. സ്വിഫ്റ്റ്‌സ്, ഹൂപോസ്, വേഡേഴ്‌സ് എന്നയിനം പക്ഷികളെയും ഇവ ഇങ്ങനെ പിടികൂടി സൂക്ഷിക്കാറുണ്ട്.