‘പൊട്ടിച്ച് ഉള്ളിലെ മധുരം ആസ്വദിക്കാനുള്ളതല്ല ഈ മുട്ടകൾ, വിരിയിക്കൂ...’; പെൻഗ്വിനുകളെ സംരക്ഷിക്കാൻ സംഘടന
Mail This Article
പത്തുലക്ഷത്തിലധികം പെൻഗ്വിനുകളുണ്ടായിരുന്ന നാടായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാലിപ്പോൾ പതിനായിരത്തോളം മാത്രമാണുള്ളത്. എന്തുചെയ്യുമെന്ന് ആശങ്കപ്പെട്ടിരുന്നപ്പോഴാണ് ഈ വർഷം ആദ്യം പെൻഗ്വിനുകളുടെ 200 മുട്ടകൾ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. ഇതോടെ ഇവയെ വിരിയിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അതിനായി കൺസർവേഷൻ ഓഫ് കോസ്റ്റൽ ബേർഡ്സ് (Conservation of Coastal Birds (SANCCOB)) എന്ന സംഘടന ‘ഏറ്റെടുക്കൂ ഒരു മുട്ട’ എന്ന പ്രചരണത്തിന് തുടക്കമിട്ടു. പൊട്ടിച്ച് ഉള്ളിലെ മധുരം ആസ്വദിക്കുന്നതിനു പകരം അവയെ വിരിയിച്ച് വംശനാശ ഭീഷണിയൊഴുവാക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. മുട്ടയേറ്റെടുക്കുന്നവർ തന്നെ അവയുടെ ചെലവുകളും വഹിക്കേണ്ടി വരും.
ആഫ്രിക്കൻ പെൻഗ്വിനുകളുടെ ഇഷ്ടമീനുകളെ വാണിജ്യ ആവശ്യങ്ങൾക്കായി പിടികൂടിയതോടെ ഇവയുടെ നിലനിൽപ് ഭീഷണിയിലായി. മലിനീകരണവും പെൻഗ്വിനുകളുടെ ആവാസവ്യവസ്ഥ തകർത്തു. ഈ സ്ഥിതി തുടരുകയാണെങ്കിൽ 11 വർഷത്തിനകം പെൻഗ്വിനുകൾക്ക് വംശനാശം സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ആഫ്രിക്കൻ പെൻഗ്വിൻ
ആഫ്രിക്കയുടെ തെക്ക്-പടിഞ്ഞാറൻ തീരത്തായാണ് ആഫ്രിക്കൻ പെൻഗ്വിൻ (Spheniscus demersus) കാണപ്പെടുന്നത്. ബ്ലാക്ക്-ഫൂട്ട്, ജാക്കസ് പെൻഗ്വിൻ എന്ന പേരിലും ഇവ അറിയപ്പെടുന്നു. നമീബിയയ്ക്കും ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്തിന് സമീപമുള്ള അൽഗോവ ഉൾക്കടലിനും ഇടയിലുള്ള 24 ദ്വീപുകളിലെ കോളനികളിലാണ് ഇവ താമസിക്കുന്നത്. ക്ലെയിൻബായ്ക്ക് സമീപമുള്ള ഡയർ ദ്വീപാണ് ഇവരുടെ വലിയ കോളനി. ആഫ്രിക്കൻ പെൻഗ്വിനുകൾക്ക് 65 സെന്റീമീറ്റർ വരെ ഉയരവും 3 കിലോ വരെ തൂക്കവുമുണ്ട്. 20 വർഷം വരെ ഇവയ്ക്ക് ജീവിക്കാനാകും. 38 ദിവസമാണ് പ്രജനന സമയം.