അമേരിക്കയിൽ എലികളുടെ ‘ആഭ്യന്തര യുദ്ധം’; കൗതുക വിവരങ്ങളുമായി പുതിയൊരു പഠനം
Mail This Article
അമേരിക്കയിലെ ആഭ്യന്തരയുദ്ധം അഥവാ സിവിൽവാർ വളരെ പ്രസിദ്ധമാണ്. കോൺഫഡറേറ്റ് സ്റ്റേറ്റുകളും യൂണിയൻ സ്റ്റേറ്റുകളും തമ്മിൽ നടന്ന ആ യുദ്ധത്തിന്റെ ഗതി ഒരു പുരോഗമന രാഷ്ട്രമായുള്ള അമേരിക്കയുടെ വളർച്ചയെ സ്വാധീനിച്ച ഒരു സംഘർഷമാണ്. ആധുനിക ലോകചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഏടുകളിലൊന്നുമാണ് അമേരിക്കൻ സിവിൽവാർ എന്നറിയപ്പെടുന്ന ഈ സംഘർഷം.
എന്നാൽ ഈ ആഭ്യന്തരയുദ്ധം നടക്കുന്നതിനു മുൻപ് തന്നെ എലികളുടെ ഒരു ആഭ്യന്തരയുദ്ധം നടന്നത്രേ. കൗതുകകരമായ ഈ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങളുമായി പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. യുഎസിൽ താവളമുറപ്പിച്ച കറുത്ത എലികളും ബ്രൗൺ എലികളും തമ്മിലായിരുന്നു ഈ കിടമത്സരം. അമേരിക്ക ബ്രിട്ടനിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് പതിറ്റാണ്ടുകൾ മുൻപാണത്രേ ഇതു നടന്നത്. കപ്പലുകളുടെ അവശിഷ്ടങ്ങളും എലികളുടെ ശേഷിപ്പുകളുമൊക്കെ വിലയിരുത്തിയാണ് ഗവേഷകർ പഠനം നടത്തിയത്.
യുഎസിലേക്ക് കറുത്ത എലികൾ എത്തുന്നത് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം തൊട്ട് പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലയളവിലാണ്. ഇങ്ങോട്ടേക്ക് എത്തിയ യൂറോപ്യൻ കൊളോണിയൽ ശക്തികളുടെ കപ്പലേറിയായിരുന്നു ഇവയുടെയും വരവ്. ഇവർ പതിയെ അമേരിക്കയിൽ വ്യാപിച്ചു. ഏകദേശം 1740 ആയപ്പോഴേക്കും ബ്രൗൺ എലികളും യുഎസിലെത്തി. കറുത്ത എലികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചാണ് ഇവർ എത്തിയത്. ഭക്ഷണസ്രോതസ്സുകളിൽ പതിയെ ഇവ കുത്തകാവകാശം നേടി. കറുത്ത എലികൾ തീരദേശ നഗരങ്ങളിൽ നിന്നു പിൻവാങ്ങിത്തുടങ്ങി. ഇന്നും ഇവ അമേരിക്കയിൽ അവിടെ ഇവിടെയുണ്ട്. എന്നാൽ പഴയ പ്രാബല്യം പൂർണമായി നഷ്ടമായി.
പതിനെട്ടാം നൂറ്റാണ്ടായപ്പോഴേക്കും കറുത്ത എലികളുടെ എണ്ണം തീരെക്കുറഞ്ഞെന്ന് ഗവേഷകർ പറയുന്നു. കറുത്ത എലികളും ബ്രൗൺ എലികളും തമ്മിൽ ജനിതകപരമായി കാതലായ വ്യത്യാസങ്ങളില്ല. എന്നാൽ ബ്രൗൺ എലികൾ വലുപ്പമേറിയവയും കൂടുതൽ അക്രമണോത്സുകത പുലർത്തുന്നവയുമാണ്. ഭക്ഷണസ്രോതസ്സുകളിൽ ആധിപത്യം നേടാൻ ഇവയെ പ്രാപ്തമാക്കിയത് ഈ സവിശേഷതകളാണ്. ബ്രൗൺ എലികൾ കറുത്ത എലികളെ ആക്രമിക്കുകയും അവയുടെ മേൽ വിജയം നേടുകയും ചെയ്തിരുന്നെന്നും ഗവേഷകർ പറയുന്നു.