വാതിൽക്കൽ കൂട്ടംകൂടി നിന്ന ജിറാഫുകൾ; രാത്രിയെന്ന മട്ടിൽ മറ്റുചിലർ; സൂര്യഗ്രഹണ സമയം മൃഗങ്ങളില് കണ്ടത് അസാധാരണമാറ്റം
Mail This Article
പ്രകൃതിയിലെ ഓരോ മാറ്റങ്ങളും മനുഷ്യനെക്കാൾ വേഗതയിൽ തിരിച്ചറിയാൻ മറ്റു ജീവജാലങ്ങൾക്ക് സാധിക്കും. ഇത് തെളിയിക്കുന്ന പല വിഡിയോകളും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി പുറത്തുവന്നിട്ടുമുണ്ട്. ഭൂകമ്പം ഉണ്ടാകുന്നതിനു തൊട്ടുമുമ്പ് പക്ഷികൾ കൂട്ടത്തോടെ ശബ്ദമുണ്ടാക്കുന്നതും നായകളും പൂച്ചകളും വെപ്രാളത്തോടെ ഓടിനടക്കുന്നതുമെല്ലാം ഇതിൽ പെടും. എന്നാൽ വലിയ ദുരന്തങ്ങൾ മാത്രമല്ല പ്രകൃതിയിലെ ചെറിയ മാറ്റങ്ങളോടു പോലും മൃഗങ്ങൾ പ്രതികരിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. കഴിഞ്ഞദിവസം സൂര്യഗ്രഹണം നടന്ന സമയത്ത് അമേരിക്കയിലെ ഫോർട്ട് വർത്ത് മൃഗശാലയിലെ ജീവജാലങ്ങളുടെ വിചിത്രമായ പെരുമാറ്റം നിരീക്ഷിച്ചു കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
ഫ്ലെമിംഗോകൾ, മക്കാവോകൾ, സിംഹങ്ങൾ, ജിറാഫുകൾ, ഗോറില്ലകൾ തുടങ്ങിയ ജീവജാലങ്ങളെല്ലാം കൂടുതൽ ജാഗ്രത പുലർത്തുന്നതായി കാണപ്പെട്ടു. ഗ്രഹണം നടന്ന സമയത്ത് ആമകളും ആനകളും രാത്രി സമയമായി എന്ന തോന്നലിൽ ഉറങ്ങാനായി കൂടുകളിലേക്ക് മടങ്ങി പോയിരുന്നു. ജിറാഫുകളാകട്ടെ അവയെ പാർപ്പിച്ചിരിക്കുന്ന കൂടിന്റെ വാതിലിനു സമീപത്തായി കൂട്ടംകൂടി നിന്നു. സിൽവർബാക്ക് ഗോറില്ലയായ എൽമോ അസാധാരണമാം വിധത്തിൽ കോട്ടുവായ ഇടുന്നതായാണ് കണ്ടെത്തിയത്. രാത്രികാലങ്ങളിൽ എന്നപോലെയുള്ള പെരുമാറ്റമാണ് മിക്ക മൃഗങ്ങളിൽ നിന്നും ഉണ്ടായത്.
അതേസമയം മൂങ്ങകൾ അടക്കമുള്ള നിശാ സഞ്ചാരികളായ ജീവജാലങ്ങൾ ഉറക്കത്തിന് ഇടവേള നൽകി ഗ്രഹണ സമയത്ത് ഉണർന്നിരുന്നു. ചില ഫ്ലെമിംഗോകൾ അസ്വാഭാവികമായ എന്തോ സംഭവിക്കുന്ന മട്ടിൽ മുൻപിലേക്കും പുറകിലേക്കും പല ആവർത്തി നോക്കുന്നതായി കണ്ടെത്തി. എന്നാൽ ഈ ആസ്വാഭാവികതകളിൽ ജീവജാലങ്ങൾക്ക് ഉത്കണ്ഠയോ സമ്മർദ്ദമോ ഉള്ളതായി തോന്നിയിട്ടില്ല എന്നും ഗവേഷകർ പറയുന്നു.
ഡാലസ് മൃഗശാലയിൽ ജിറാഫുകളും സീബ്രകളും പെട്ടെന്ന് കൂടുകൾക്കുള്ളിൽ ഓടുകയായിരുന്നു. മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന ഒരു ഒട്ടകപ്പക്ഷി ഗ്രഹണ സമയത്ത് ഒരു മുട്ടയും ഇട്ടിരുന്നു. ഇന്ത്യാനോപോലിസ് മൃഗശാലയിലെ പക്ഷികൾ ഗ്രഹണസമയത്ത് പൂർണ നിശബ്ദതയിലായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിപരീതമായി ഫിലഡൽഫിയ മൃഗശാലയിലെ മൃഗങ്ങളെ ഗ്രഹണം ഒരുതരത്തിലും ബാധിച്ചിരുന്നില്ല. അവയുടെ പെരുമാറ്റത്തിൽ നേരിയ വ്യത്യാസം പോലും ഗവേഷകർക്ക് കണ്ടെത്താനായില്ല.
2017ൽ സൂര്യഗ്രഹണം നടന്ന സമയത്തും മൃഗങ്ങളുടെ പെരുമാറ്റ രീതികൾ ഗവേഷകർ നിരീക്ഷിച്ചിരുന്നു. പഠനത്തിൽ ഉൾപ്പെടുത്തിയ മൃഗങ്ങളിൽ 75 ശതമാനവും രാത്രികാലങ്ങളിൽ എന്നപോലെ പെരുമാറുന്നതാണ് അന്ന് കണ്ടെത്തിയത്. ഇതിന് സമാനമായ പെരുമാറ്റമാണ് ഇത്തവണയും നിരീക്ഷിക്കാനായത്. എന്നാൽ 2017ലെ ഗ്രഹണ സമയത്ത് ധാരാളം മൃഗങ്ങൾ ഭയന്ന രീതിയിൽ പെരുമാറിയിരുന്നു. ഇത്തവണ അത്തരം സംഭവങ്ങൾ അധികമായി കണ്ടെത്താനായിട്ടില്ല.
ഗ്രഹണ സമയത്ത് ഇരുട്ട് പരക്കുന്നതു മൂലം രാത്രിയായതായി തെറ്റിദ്ധരിച്ചാണ് ജീവജാലങ്ങളിൽ ഭൂരിഭാഗവും പെരുമാറുന്നത് എന്ന് ഗവേഷകർ വ്യക്തമാക്കുന്നു. തേനീച്ചകൾ ജോലി മതിയാക്കി തിരികെ കൂടുകളിലേക്ക് മടങ്ങുന്നതും ചിലന്തികൾ വലകളിൽ അകപ്പെട്ട ഇരയെ ഭക്ഷിക്കാൻ അടുക്കുന്നതും നിശാ സഞ്ചാരികളായ പക്ഷികൾ ഇരുട്ടിൽ പറക്കുന്നതുമെല്ലാം ഗ്രഹണസമയത്തെ പതിവു കാഴ്ചകളാണ്. സൂര്യഗ്രഹണം ഭൂമിയിലെ ജീവജാലങ്ങളെ എത്തരത്തിൽ ബാധിക്കുമെന്ന് കണ്ടെത്തുന്നതിനായി നാസ എക്ലിപ്സ് സൗണ്ട്സ്കേപ്സ് പ്രോജക്ട് എന്നൊരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ഗ്രഹണ സമയത്ത് മൃഗങ്ങളിൽ ഉണ്ടാകുന്ന അസ്വാഭാവിക പെരുമാറ്റങ്ങൾ പകർത്തി വിദഗ്ധരുടെ വിശകലനത്തിനായി സമർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ആവാസവ്യവസ്ഥയിൽ സൂര്യഗ്രഹണം മൂലം ഉണ്ടാകുന്ന മാറ്റങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഇത് സഹായകമാകുമെന്നാണ് നാസയുടെ പ്രതീക്ഷ.