വടക്കൻ ജില്ലകളിലും മഴയ്ക്ക് സാധ്യത; എൽനിനോ അവസാനിച്ചോ? വിദേശ ഏജൻസികൾ പറയുന്നതെന്ത്
Mail This Article
പസഫിക്ക് സമുദ്രത്തിൽ എൽ നിനോ-സതേൺ ഓസിലേഷൻ (ENSO) ന്യൂട്രൽ സ്ഥിതിയിലേക്ക് മടങ്ങിയതായി ഓസ്ട്രേലിയൻ കാലാവസ്ഥ വകുപ്പ്. 2024 ജൂലൈവരെ നിലവിലെ ന്യൂട്രൽ സ്ഥിതിയിൽ തുടരാൻ സാധ്യതയെന്ന് വിവിധ കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നു. നിലവിൽ ന്യൂട്രൽ സ്ഥിയിലുള്ള ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD)പോസിറ്റീവ് ഫേസിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. രണ്ടും കാലവർഷത്തിനു അനുകൂലമായ സാഹചര്യമാണ്.
‘ലാ നിനയുടെ വരവിനെക്കുറിച്ച് പല കാലാവസ്ഥാ ഏജൻസികളും പലരീതിയിലാണ് പറയുന്നത്. ഇപ്പോഴും കൃത്യമായ ധാരണ എത്തിയിട്ടില്ല. എൽനിനോയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം എൽ നിനോ മോഡറേറ്റ് സ്ഥിതിയിലാണെന്നാണ് പറയുന്നത്. ഓസ്ട്രേലിയയാകട്ടെ എൽ നിനോ ന്യൂട്രൽ ആയെന്നും ജൂലൈയിൽ ലാ നിന എത്തുമെന്നും പറയുന്നു.’– കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.
തെക്കൻജില്ലകളിൽ വേനൽ മഴ ലഭിക്കുന്നുണ്ട്. ഏപ്രിൽ 18 മുതൽ രണ്ടു ദിവസം വടക്കൻ ജില്ലകൾ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിൽ ഇടി മിന്നലോടു കൂടിയ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കണ്ണൂരിലും തൃശൂരിലുമാണ്. കണ്ണൂർ എയർപോർട്ടിലും തൃശൂർ വെള്ളനിക്കരയിലും 39.7°c ആണ് രേഖപ്പെടുത്തിയത്. പാലക്കാട് 39.2, നെടുമ്പാശേരി 37.9, കോട്ടയം 37.6, കോഴിക്കോട് 37.1 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.