മുഖംമുഴുവൻ രോമമുള്ള ഉറുമ്പുകൾ! പുതിയ സ്പീഷീസിന് ഹാരി പോട്ടർ കഥാപാത്രത്തിന്റെ പേര്
Mail This Article
വിചിത്രമായ ഒരു ഉറുമ്പ് വംശത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. ഇവയെ പുതിയ സ്പീഷീസായി അംഗീകരിച്ചു. പേടിപ്പെടുത്തുന്ന രൂപഭാവങ്ങളുള്ള ഈ ഉറുമ്പുകൾ ഭൂമിക്കടിയിലെ മേഖലകളിൽ ഇരുട്ടിൽ കഴിയുന്നവയാണ്. ഹാരി പോട്ടർ കഥാപരമ്പരയിലെ പ്രധാന വില്ലൻമാരിലൊരാളായ വോൾഡിമോർട്ട് പ്രഭുവിന്റെ പേരിൽ ഉറുമ്പുകളെ നാമകരണം ചെയ്തു. ലെപ്റ്റാനില്ല വോൾഡിമോർട്ട് എന്നാണ് ഈ ഉറുമ്പുകളുടെ ശാസ്ത്രനാമം.
മങ്ങിയ നിറവും മെലിഞ്ഞ ശരീരവുമുള്ളവയാണ് ഇവ. വടക്കുപടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പിൽബാറയിലാണ് വിചിത്രമായ ഈ ഉറുമ്പുകളെ കണ്ടെത്തിയിരിക്കുന്നത്. അപൂർവമായ രീതികളും ശാരീരിക സവിശേഷതകളും ഈ പുതിയ ഉറുമ്പുവംശത്തെക്കുറിച്ച് പല ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ട്. എന്നാൽ ഈ ഉറുമ്പുകൾ ഇരുട്ടിലെ ഭീകരൻമാരായ വേട്ടക്കാരാണെന്ന് ഉറപ്പാണെന്ന് ഇവയുടെ കണ്ടെത്തലിനു നേതൃത്വം വഹിച്ച ഗവേഷകനായ ഡോ. മാർക് വോങ് പറയുന്നു.
തങ്ങളെക്കാൾ വലുപ്പമേറിയ ശരീരമുള്ള വിരകളെയും അട്ടകളെയുമൊക്കെയാണ് ഈ ഉറുമ്പുകൾ വേട്ടയാടുന്നത്. കടുപ്പമേറിയ തങ്ങളുടെ വായ കൊണ്ട് ഇരയെ കടിച്ചാണ് ഇവ വേട്ടയാടുന്നത്. മറ്റ് ഉറുമ്പുകളെ അപേക്ഷിച്ച് സവിശേഷമായ വേട്ടയാടൽ രീതികളും ഇവയ്ക്കുണ്ട്. വിരകളെയും അട്ടകളെയും മാത്രമല്ല ഇവ വേട്ടയാടുന്നതെന്ന് ഗവേഷകർ പറയുന്നു. ചിലയിനം വണ്ടുകളെയും ഈച്ചകളെയും പ്രാണികളെയും ഇവ ആഹരിക്കാറുണ്ടെന്ന് ഇവയവുടെ ആവാസവ്യവസ്ഥയിൽ നിന്നു ശേഖരിച്ച ശേഷിപ്പുകൾ വെളിവാക്കുന്നു.
ഈ ഉറുമ്പുകൾ അടങ്ങുന്ന ലെപ്റ്റാനില കുടുംബത്തിൽ അറുപതോളം സ്പീഷീസുകളിലുള്ള ഉറുമ്പുകളുണ്ട്. ചെറിയ കോളനികളും കൂടുകളും ഉണ്ടാക്കി ഭൂമിക്കടിയിൽ കഴിയുന്ന ഇവയെ ശേഖരിക്കുന്നതും പഠിക്കുന്നതും അപൂർവമാണ്. അതിനാൽ തന്നെ ഇവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ശാസ്ത്രജ്ഞരുടെ പക്കലില്ല. 1932ൽ ഈ കുടുംബത്തിൽപെട്ട ലെപ്റ്റാനില സ്വാനി എന്നയിനം ഉറുമ്പുകളെ കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഇവയെ അപൂർവമായി മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.