ADVERTISEMENT

ഇന്ന് ഭൗമദിനം. 1970ൽ യുഎസിലാണ് ഭൗമദിനാചരണം തുടങ്ങിയത്. ഇന്നിത് ലോകം മുഴുവൻ ആചരിക്കുന്നു. ഗെയ്‌ലോഡ് നെൽസൻ എന്ന യുഎസ് സെനറ്റ് അംഗവും ഡെനിസ് ഹെയ്‌സ് എന്ന ഹാർവഡ് ബിരുദവിദ്യാർഥിയുമാണ് ഈ ആചരണത്തിനു പിന്നിൽ. ഇരുവരെയും അതിലേക്കു നയിച്ചത് യുഎസ് പരിസ്ഥിതി രംഗത്തുണ്ടായ ശ്രദ്ധേയമായ ഒരു സംഭവമാണ്. തെക്കൻ കലിഫോർണിയയിലെ സാന്റ ബാർബറയിൽ കടലിലുണ്ടായ എണ്ണച്ചോർച്ചയായിരുന്നു ഇത്.

1969 ജനുവരി 28ന് ആണ് സംഭവം. തെക്കൻ കലിഫോർണിയയിൽ എണ്ണയ്ക്കായുള്ള ഓഫ്‌ഷോർ ഡ്രില്ലിങ് തകൃതിയായിരുന്നു. എന്നാൽ യൂണിയൻ ഓയിൽ കമ്പനി ആയിടെ സ്ഥാപിച്ച അഞ്ചാമത്തെ എണ്ണക്കിണറിൽ മുൻപുള്ള നാല് എണ്ണക്കിണറുകളിലുള്ള സുരക്ഷാ നിഷ്‌കർഷ പാലിക്കപ്പെട്ടില്ല. മുൻപത്തെ എണ്ണക്കിണറുകളിൽ 300 അടി താഴ്ചയിൽ സ്റ്റീൽ സംരക്ഷണപാളി വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതുപ്രകാരമാണ് അവയെല്ലാം സ്ഥാപിച്ചതും.

(Photo:X/@protectVIP_ph)
(Photo:X/@protectVIP_ph)

എന്നാൽ അഞ്ചാമത്തെ കിണറിന്റെ കാര്യത്തിൽ യുഎസ് സർക്കാർ കമ്പനിക്ക് ഇളവ് നൽകി. ഇതുപ്രകാരം 300നു പകരം 239 അടി വരെ താഴ്ചയിലേ സംരക്ഷണപാളി സ്ഥാപിച്ചുള്ളൂ. എന്നാൽ ഡ്രില്ലിങ് തുടങ്ങി 14ാം ദിനം കനത്ത സമ്മർദ്ദമുടലെടുക്കുകയും സമുദ്രാടിത്തറയിൽ വിള്ളലുണ്ടായി അവയിലുടെ എണ്ണയും പ്രകൃതിവാതകവും പുറത്തേക്കു തെറിക്കാൻ ഇടയാക്കുകയും ചെയ്തു. മണിക്കൂറിൽ 9000 ഗാലനുകൾ എന്ന ഉയർന്ന അളവിലാണ് എണ്ണ പുറത്തേക്കു തെറിച്ചത്. യൂണിയൻ ഓയിൽ കമ്പനി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. അതവർക്കു സാധിച്ചപ്പോഴേക്കും ഏകദേശം മുപ്പത് ലക്ഷം ഗാലൻ എണ്ണ പുറത്തേക്കു പോയിരുന്നു. ഏകദേശം അഞ്ചോളം സ്വിമ്മിങ് പൂളുകൾ നിറയാനുള്ള എണ്ണയുണ്ടായിരുന്നു അത്. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണചോർച്ചയായിരുന്നു അത്.

താമസിയാതെ ബീച്ചുകളിലേക്ക് എണ്ണയെത്തി. കറുത്ത എണ്ണയുടെ വലിയ പാടകൾ ബീച്ചുകളിൽ രൂപപ്പെട്ടു. മാസങ്ങളോളം എണ്ണ ബീച്ചിൽ തങ്ങി. എങ്ങനെ ഇതു ഫലപ്രദമായി നീക്കം ചെയ്യണമെന്ന് അധികൃതർക്ക് അറിവില്ലായിരുന്നു. വൈക്കോലും മറ്റും ഇറക്കി അത് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ പോലും അവർ നടത്തി. മൂവായിരത്തഞ്ഞൂറിലധികം കടൽപ്പക്ഷികൾ ചത്തു. അനേകം സമുദ്രജീവികൾക്കും എണ്ണച്ചോർച്ച പ്രതിസന്ധി സൃഷ്ടിച്ചു. എണ്ണയിൽ മുങ്ങിയ നിലയിൽ പക്ഷികളെ സന്നദ്ധപ്രവർത്തകരും മൃഗശാല അധികൃതരും വൃത്തിയാക്കി.

സമാനതകളില്ലാത്ത ഈ എണ്ണച്ചോർച്ച പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾ ഊർജിതമാക്കി. ആളുകൾ ഇതിനായി സംഘടിച്ചു. കനത്ത സമ്മർദ്ദത്തിലായ യുഎസ് സർക്കാർ ഒടുവിൽ ഓഫ്‌ഷോർ ഡ്രില്ലിങ്ങിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പരിസ്ഥിതി രംഗത്തെ വർത്തമാന കാല പോരാട്ടങ്ങളുടെ ചരിത്രത്തിൽ വലിയ സ്ഥാനം തേടിയ ഒരു സംഭവം കൂടിയായിരുന്നു ഇത്.

English Summary:

Remembering Earth Day's Origins: How a Catastrophic Oil Spill Sparked Global Environmental Movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com