ADVERTISEMENT

നാമെത്ര ചെറുവിരലനക്കിയാലും ഭൂമിയുടെ ചൂട് കുറയില്ല. അത്യുഷ്ണത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ  കുടയുമായി നിന്നിരുന്ന അന്തരീക്ഷ പാളിമുഴുവനും കനത്ത കരിപ്പുക കൊണ്ടു മൂടി. യാതൊരു ചിന്തയുമില്ലാതെ പിന്നെയും പിന്നെയും കാർബൺ കയറ്റുകയാണ് നാമേവരും. ഭൂമി നമ്മുടേതല്ല എന്ന വാശിയോടെ. കാർബൺ കുമിഞ്ഞു കൂടുന്നത് പ്രധാനമായും പെട്രോളിയം, കൽക്കരി ഇവ കത്തുമ്പോഴാണ്.  വൈദ്യുതി ഉൽപാദനം, ഗതാഗതം, നിർമാണം, വ്യവസായം എന്നിവയ്ക്കായാണ് ഇവ കത്തിക്കേണ്ടി വരുന്നത്. അതുകൊണ്ടാണ് നാം ചെയ്യുന്ന ഓരോ കാര്യത്തിനും ഉപയോഗിക്കുന്ന ഓരോ വസ്തുവിനും കാർബൺ കാൽപാടുകൾ അവശേഷിക്കുന്നുണ്ടെന്നു പറയുന്നത്. നമുക്കിനി ജീവിതമാകെ മാറ്റാൻ കഴിയില്ല. വൈദ്യുതി ഇല്ലാതെയും വാഹനമില്ലാതെയും ജീവിക്കാൻ കഴിയില്ല.  നാം കുടിക്കുന്ന വെള്ളം പോലും വ്യാവസായിക ഉൽപന്നമാണ്. നമ്മുടെ ആരോഗ്യം നിലനിർത്താനും സാമൂഹ്യജീവിതം മെച്ചപ്പെടുത്താനുമൊക്കെ കാർബൺ പുറന്തള്ളിയാലേ കഴിയൂ. കാർബൺ അന്തരീക്ഷത്തിൽ കയറ്റുന്ന അളവു കുറയ്ക്കാൻ ബോധപൂർവമായ ഒരു ശ്രമവും നടക്കുന്നില്ല. 

വൈദ്യുതി ഉൽപാദനം മൂലമാണ് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളേണ്ടി വരുന്നത്. 74 ശതമാനം കാർബണും അന്തരീക്ഷത്തിൽ കടക്കുന്നത് വൈദ്യുതി ഉണ്ടാക്കുന്നതിനും  മറ്റാവശ്യങ്ങൾക്കും പെട്രോളും കൽക്കരിയും കത്തിച്ച്  ഊർജമെടുക്കുന്നതിനാലാണ്. ഏതാണ്ട് 47 ശതമാനവും കാർബൺ കയറുന്നത് നേരിട്ട് വൈദ്യുതി ഉപയോഗിക്കുന്നതിനാലാണ്. വീടും വ്യവസായവും ആരോഗ്യ സാമൂഹ്യ മേഖലകളും വൈദ്യുതിയുടെ ഉപഭോക്താക്കളാണ്. 

വാഹനം ഉണ്ടാക്കുന്ന കാർബണാണ് അടുത്ത വലിയ ഇനം. വിമാനയാത്രയുടെ ടിക്കറ്റിൽ പ്രസ്തുത യാത്ര മൂലം ഒരാൾ പുറന്തള്ളിയ കാർബണിന്റെ അളവും ഇപ്പോൾ രേഖപ്പെടുത്തുന്നുണ്ട്. വിമാനം റോക്കറ്റ് ഇവ അമിതമായ അളവിലാണ് കാർബൺ തള്ളുന്നതെങ്കിലും മറ്റു വാഹനങ്ങളേക്കാൾ എണ്ണത്തിൽ കുറവായതുകൊണ്ട് മൊത്തത്തിൽ അവയുടെ ബാധ്യത കുറവാണ്. 

ഡോ. ജോർജ് വർഗീസ് (വലത്)
ഡോ. ജോർജ് വർഗീസ് (വലത്)

കോവിഡുമൂലം കാർബൺ അളവ് 5 ശതമാനം കുറവുണ്ടായതായിരുന്നു. പക്ഷേ കോവിഡാനന്തര കുതിപ്പിൽ 2020 നേക്കാൾ 6 ശതമാനം കൂടി. 

എന്നാൽ നമ്മുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം വരുത്തിയാൽ കാർബണിന്റെ അളവ് കുറയ്ക്കാൻ കഴിയുമെന്ന് കോവിഡ് നമ്മെ പഠിപ്പിച്ചു. അതിനായി 

ചില പ്രായോഗിക നിർദേശങ്ങൾ വയ്ക്കട്ടെ.

1. വൈദ്യുതി ഉപഭോഗം താഴ്ത്തുക. ഓരോ വീടും സ്ഥാപനവും. കഴിഞ്ഞ വർഷം ഉപയോഗിച്ചതിനേക്കാൾ 5 ശതമാനം വൈദ്യുതി കുറയ്ക്കുക. സൗരവൈദ്യുതി പരമാവധി ഉണ്ടാക്കി ഉപയോഗിക്കുക 

2. വാഹനം ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുക. ഒരു കിലോമീറ്ററിൽ കുറഞ്ഞ ദൂരം കഴിയുമെങ്കിൽ നടന്നു പോകുക ഡീസൽ വൈദ്യുത ജനറേറ്റർ നിർബന്ധമായും ഉപേക്ഷിക്കുക. 

3. പുതിയ നിർമാണം നടത്തുന്നതിനു മുമ്പായി എല്ലാവശങ്ങളും പര്യാലോചിച്ച് ഊർജ്ജ ഉപഭോഗം കുറയ്ക്കാനുള്ള വഴികൾ ആലോചിക്കുക. 

4. ഏതു വ്യവസായിക ഉൽപ്പന്നം എടുക്കുമ്പോഴും ഒഴിവാക്കാൻ കഴിയുമോ അല്ലെങ്കിൽ മാറ്റി വയ്ക്കാൻ സാധിക്കമോ എന്നു ചിന്തിക്കുക. ഉണ്ടാക്കാനും ഉപയോഗിക്കാനും സംസ്കരിക്കാനും വൈദ്യുതിയോ പെട്രോളോ വേണ്ട വസ്തുക്കളുടെ ഉപഭോഗം കർശനമായും നിയന്ത്രിക്കുക. 

5. ആഹാരം വസ്ത്രം ആഘോഷം എന്നിവയിലെല്ലാം മിതത്വം പാലിക്കുക

6. ആരാധനാസ്ഥലങ്ങളിൽ വെളിച്ചം ശബ്ദം അലങ്കാരം ഇവ സോളാർ വൈദ്യുതി കൊണ്ടു നടത്തുക. പകൽ വെളിച്ചത്തിനായി വൈദ്യുത വിളക്കുകൾ തെളിക്കരുത്. 

7. വിമാനയാത്ര അത്യാവശ്യ സന്ദർഭങ്ങളിലാക്കിയിട്ട് ട്രെയിനിൽ ദീർഘയാത്ര ചെയ്യുക

8. ഭുമിയിൽ ചെടികൾ കൂടുതൽ വളർത്തുക. 

9. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ പാഴാക്കാതെ ഉപയോഗിക്കുക

10. മാലിന്യ സംസ്കരണം ഇന്ധനം ചെലവാകുന്ന പരിപാടിയായതുകൊണ്ട് മാലിന്യം കുറയ്ക്കുക. 

എല്ലാവരും ഈ രക്ഷാപദ്ധതിയിൽ ചേർന്നെങ്കിലേ ഇനി ജീവിതം തുടരാൻ കഴിയൂ. 

(ലേഖകൻ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ ഡയറക്ടറാണ്) 

English Summary:

Unveiling the Carbon Crisis: How Even the Smallest Actions Impact Earth's Climatic Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com