വരണ്ടുണങ്ങിയ മരുഭൂമിക്ക് താഴെ ബാക്ടീരിയകളുടെ സാമ്രാജ്യം കണ്ടെത്തി
Mail This Article
ലോകത്തിലെ ഏറ്റവും വരണ്ട ധ്രുവേതര മരുഭൂമിയെന്നാണ് ചിലെയിലെ അറ്റക്കാമ അറിയപ്പെടുന്നത്. ഇവിടെ മരുഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 4 മീറ്റർ താഴെവരെ സൂക്ഷ്മജീവികളുടെ ഒരു സാമ്രാജ്യം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. വികസിത ജീവികൾ ഇവിടെ തീരെ ഇല്ലെങ്കിലും ബാക്ടീരിയകളുടെ സാന്നിധ്യം ഇവിടെയുള്ളത് ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. വലിയ രീതിയിൽ വരണ്ടതും ഉപ്പും സൾഫറും നിറഞ്ഞതുമായ പ്രതികൂല അവസ്ഥകളാണ് ഇവിടത്തെ മണ്ണിലുള്ളത്.
ഈ മരുഭൂമിയിലെ തന്നെ യുംഗയ് മേഖലയിൽ മുൻപ് നടത്തിയ ഗവേഷണത്തിലും ഉപരിതലത്തിൽ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന സൂക്ഷ്മ ജീവികളെ കണ്ടെത്തിയിരുന്നു. ഇത് ഉപരിതലത്തിലായിരുന്നു. മണ്ണിൽ സൂക്ഷ്മജീവികളുടെ സാന്നിധ്യം മുൻപേ തിരിച്ചറിഞ്ഞിരുന്നെങ്കിലും മണ്ണിനു കീഴിൽ അറിയുന്നത് ഇപ്പോഴാണ്. മരുഭൂമിയിൽ ഏകദേശം 14 അടിയോളം കുഴിച്ചാണ് ശാസ്ത്രജ്ഞർ സാംപിളുകൾ ശേഖരിച്ചത്.
മുകളിൽ നിന്ന് 80 സെന്റിമീറ്റർ വരെ താഴ്ചയിൽ ലാക്ടോബാസില്ലസ്, എന്ററോകോക്കസ് എന്നീ ബാക്ടീരിയകളാണ് കണ്ടെത്തപ്പെട്ടത്. എന്നാൽ ആഴം കൂടുന്നതിനനുസരിച്ച് ഇവയുടെ എണ്ണം കുറഞ്ഞുവന്നു. 80 മുതൽ 200 സെന്റിമീറ്റർ വരെയുള്ള മേഖലയിൽ സൂക്ഷ്മജീവികളുടെ എണ്ണം തീരെ ഇല്ലാതായെന്നു തന്നെ പറയാം. എന്നാൽ 200 സെന്‌റിമീറ്ററിനു താഴെ ഇവ വീണ്ടും ഉയർന്നു വന്നു, എന്നാൽ ഇവിടെയുള്ള ബാക്ടീരിയകൾ വ്യത്യസ്തമായിരുന്നു. ആക്ടിനോബാക്ടീരിയ എന്ന ഗ്രൂപ്പിൽപെട്ട ബാക്ടീരിയകളായിരുന്നു ഇവിടെ.ഏകദേശം 19000 വർഷം മുൻപു തന്നെ ഇവർ ഇവിടെ താമസമുറപ്പിച്ചെന്നാണ് ഗവേഷകർ പറയുന്നത്. ഇവിടെയുള്ള ധാതുക്കളായിരുന്നു ഇവയുടെ പ്രധാന ഊർജസ്രോതസ്സ്.
അതീവ പ്രതികൂലമായ സാഹചര്യത്തിൽ സൂക്ഷ്മതലത്തിലാണെങ്കിലും ജീവൻ കണ്ടെത്തിയത് വലിയ സാധ്യതകൾക്ക് വഴി തുറന്നിടുന്നെന്നാണ് ഗവേഷകർ പറയുന്നത്. ഇതുപോലെ പ്രതികൂല അവസ്ഥകളുള്ള ചൊവ്വ പോലെയുള്ള ഗ്രഹങ്ങളിൽ ജീവനെക്കുറിച്ച് അന്വേഷിക്കാൻ ഇതു സഹായകമാകുമെന്ന് അവർ അഭിപ്രായപ്പെടുന്നു.