ADVERTISEMENT

കോക്കസസ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഏഷ്യൻ രാജ്യമാണ് അർമേനിയ. മികച്ച പ്രകൃതി ദൃശ്യചാരുതയും ജൈവ വൈവിധ്യവും പുലർത്തുന്ന ഈ രാജ്യം ഒരുകാലത്ത് കടുത്ത പരിസ്ഥിതി പ്രതിസന്ധി നേരിട്ടിരുന്നു. കൺസർവേഷൻ ഇന്റർനാഷനൽ എന്ന രാജ്യാന്തരസംഘടനയുടെ ലോകത്തെ ഏറ്റവും പ്രതിസന്ധി നേരിടുന്ന 25 രാജ്യങ്ങളുടെ പട്ടികയിലും അർമേനിയ ഉൾപ്പെട്ടിരുന്നു. എന്നാൽ കാലം കടന്നുപോകെ പ്രകൃതി സംരക്ഷണത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് ആ രാജ്യത്തെ ആളുകൾ വിവിധ സംരക്ഷണ പദ്ധതികളുമായി മുന്നിട്ടിറങ്ങി. ഇക്കൂട്ടത്തിൽ പ്രശസ്തമായ സംഭവമാണ് അർമേനിയ ട്രീ പ്രോജക്ട്.

1994ൽ കാരലിൻ മ്യൂഗർ എന്ന പരിസ്ഥിതി പ്രവർത്തകയാണ് അർമേനിയ ട്രീ പ്രോജക്ടിന് തുടക്കമിട്ടത്. ലോകശ്രദ്ധ നേടിയ ഈ പദ്ധതി ഇപ്പോൾ 30ാം വാർഷികത്തിലേക്കു കടക്കുകയാണ്. ഇന്ധന ലഭ്യതയിലെ കുറവ് കാരണം അർമേനിയയിലെ കുടുംബങ്ങൾ വിറകിനുവേണ്ടി വ്യാപകമായി മരങ്ങൾ വെട്ടിയത് വൃക്ഷനാശത്തിലേക്കു നയിച്ചു. ഈ പ്രതിസന്ധി വിലയിരുത്തിയാണ് കാരലിൻ മ്യൂഗറും സംഘവും വൃക്ഷസംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചത്. കാരിൻ, കച്ച്പാർ എന്നീ ഗ്രാമങ്ങളിലാണ് സംഘടന ആദ്യമായി മരങ്ങൾ നട്ടത്. പിന്നീട് ഇത് രാജ്യമാകെ വ്യാപിച്ചു.

കാരലിൻ മുഗാർ (Photo: X/@ArmeniaTree)
കാരലിൻ മുഗാർ (Photo: X/@ArmeniaTree)

80 ലക്ഷം മരങ്ങളാണ് നാളിതുവരെ അർമേനിയ ട്രീ പ്രോജക്ട് വച്ചത്. ഇവർ സ്ഥാപിച്ച ട്രീ നഴ്‌സറികൾ പരിസ്ഥിതി പരിപാലനം മാത്രമല്ല, അർമേനിയയുടെ സാമ്പത്തിക വ്യവസ്ഥയെയും പോസിറ്റാവായ രീതിയിൽ സ്വാധീനിച്ചു. ധാരാളം തൊഴിലവസരങ്ങൾ ഈ സന്നദ്ധ സംഘടന അർമേനിയക്കാർക്കായി തുറന്നു. കഴിഞ്ഞവർഷം മാത്രം 470 തൊഴിലവസരങ്ങളാണ് അർമേനിയ ട്രീ പ്രോജക്ട് വഴി എത്തിയത്.

പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ സ്‌കൂൾ പഠനത്തിൽ ഉൾപ്പെടുത്തുന്നതിലും സംഘടന വിജയിച്ചു. 2004ൽ ആയിരുന്നു ഇത്. 2023ൽ 198 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 11000 വിദ്യാർഥികളിലേക്ക് പ്രോഗ്രാം കടന്നുചെന്നു. കുടുംബങ്ങൾക്കായി ബാക്ക് യാഡ് നഴ്‌സറി പ്രോഗ്രാം എന്ന പദ്ധതിയും ഇവർ ആവിഷ്‌കരിച്ചു. വീട്ടുപറമ്പുകളിൽ വിത്തുകളിട്ട് മരങ്ങളുടെ തൈ കിളിർപ്പിച്ച ശേഷം ഇവ നിശ്ചിത വളർച്ചയെത്തുമ്പോൾ തിരികെ വാങ്ങുന്ന പദ്ധതിയാണ് ഇത്. ഇതുവഴി അർമേനിയൻ കുടുംബങ്ങൾക്ക് ഒരു വരുമാന സ്രോതസ്സ് കൂടിയാണ് തുറന്നുകിട്ടിയത്.

(Photo: X/@ArmeniaPic)
(Photo: X/@ArmeniaPic)

അർമേനിയൻ ട്രീ പ്രോജക്ട് ലോകമെമ്പാടുമുള്ള വൃക്ഷസംരക്ഷണ യജ്ഞങ്ങളെ വലിയരീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. 2050ഓടെ തങ്ങളുടെ രാജ്യത്തെ മരങ്ങളുടെ എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കുമെന്ന് അവിടത്തെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Celebrating 30 Years of Green Growth: The Armenia Tree Project's Lasting Legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com