അഗ്നിപർവതത്തിന് മുകളിൽ നിന്ന് ഫോട്ടോ; കാൽവഴുതി യുവതി താഴേക്ക്: ജീവനെടുത്തത് ‘ഇജൻ’
Mail This Article
ഏതാണ്ട് 130 ഓളം സജീവ അഗ്നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തൊനീഷ്യ. ഇതിൽ പല അഗ്നിപർവതങ്ങളും വിനോദസഞ്ചാരമേഖലയാക്കി മാറ്റിയിട്ടുണ്ട്. അത്തരത്തിൽ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന അഗ്നിപർവതമാണ് ഇജൻ. നീലവെളിച്ചത്തിൽ (Blue Fire) കാണപ്പെടുന്നതിനാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇജൻ അതിവേഗം മാറുകയായിരുന്നു. അഗ്നിപര്‍വതത്തിനുള്ളില്‍ നിന്നും സള്‍ഫ്യൂരിക് ആസിഡ് പോലുള്ള രാസപദാർഥങ്ങളുടെ പ്രവര്‍ത്തനഫലമായാണ് ഈ നീലവെളിച്ചം ദൃശ്യമാകുന്നത്.
2018ല്‍ ഇജന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് പ്രദേശത്ത് ഭീതിസൃഷ്ടിച്ചിരുന്നു. പുറന്തള്ളപ്പെട്ട പുക ശ്വസിച്ച് പ്രദേശവാസികളെല്ലാം ആശുപത്രിയിലായി. ഇന്നും ചെറിയ അളവിൽ വിഷാംശമുള്ള പുക അന്തരീക്ഷത്തിൽ കലരുന്നുണ്ടെങ്കിലും സഞ്ചാരികൾക്കായി പ്രദേശം തുറന്നുകൊടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇജനു മുകളിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കാൽവഴുതി താഴേക്ക് വീണ് യുവതി മരിച്ചിരുന്നു. ചൈനക്കാരിയായ ഹുവാങ് ലിഹോങ് എന്ന 31കാരിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പമായിരുന്നു ഹുവാങ് പര്‍വത മുകളിലെത്തിയത്. ഒരു ടൂറിസ്റ്റ് ഗൈഡിനൊപ്പം അതിരാവിലെ സൂര്യോദയം കാണാനായി എത്തിയ യുവതി അഗ്നിപർവതത്തിന്റെ അഗ്രഭാഗത്തുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. പിന്നിലേക്ക് നടന്ന് ചിത്രങ്ങള്‍ എടുക്കുന്നതിനിടെ വസ്ത്രത്തില്‍ കാലുടക്കി അഗ്നിപര്‍വതത്തിലേക്ക് വീഴുകയായിരുന്നുവെന്നും ഗൈഡ് വ്യക്തമാക്കി. 75 അടിയോളം താഴ്ചയിലേക്കാണ് വീണത്. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷാസേന ഹുവാങിന്റെ മൃതദേഹം പുറത്തെടുത്തു.