മാളമെന്ന് കരുതി ഇറങ്ങി; കണ്ടത് ഭൂമിക്കടിയിലെ അദ്ഭുതലോകം; 250 അടി താഴ്ച്ചയിൽ വെള്ളച്ചാട്ടം
Mail This Article
മഞ്ഞുമൽ ബോയ്സ് സിനിമ പുറത്തിറങ്ങിയ ശേഷമാണ് ഗുണ കേവിലെ നിഗൂഢ ഗുഹകളെക്കുറിച്ച് ജനങ്ങൾക്ക് അവബോധമുണ്ടായത്. ചെറിയ കുഴികളിൽ തെന്നിവീഴാതിരിക്കാൻ ഗ്രിൽ ഇട്ടതാണെന്നായിരുന്നു പലരുടെയും ചിന്ത. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ കുഴികളിൽ പതിഞ്ഞിരിക്കുന്ന അപകടം വ്യക്തമായി. ഇതുപോലെ ലോകത്ത് പലയിടത്തും അറിയപ്പെടാത്ത ചതിക്കുഴികൾ ഉണ്ടാവാം. അത്തരത്തിൽ ഒരു ഭൂഗർഭ ഗുഹ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. ചെറിയ മാളം ആണെന്ന് ആദ്യം കരുതിയെങ്കിലും മറ്റൊരു ലോകമാണ് താഴെയുള്ളതെന്ന് പുറത്തുവിട്ട വിഡിയോ വെളിപ്പെടുത്തുന്നു.
ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ കയറിൽപിടിച്ച് താഴെയിറങ്ങിയ സഞ്ചാരി അകത്ത് കണ്ടത് അതിവിശാലമായ ഒരു പ്രദേശമായിരുന്നു. താഴെ നിറയെ വെള്ളം കണ്ടു. പാറകളിൽ തട്ടി ചെറിയ ഒഴുക്കിൽ വെള്ളം പലയിടത്തായി പോകുന്നു. അവർ വെള്ളത്തിന്റെ വഴിയേ നടന്നപ്പോഴാണ് ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 250 അടി താഴ്ചയിൽ വെള്ളം വീഴുന്നത് കണ്ടത്. നൂറ്റാണ്ടുകളായി വെള്ളം ഒഴുകിയതിന്റെ ഫലമായി പാറകളെല്ലാം മിനുസപ്പെട്ടിരിക്കുന്നു. ഗുഹയ്ക്കകത്ത് തന്നെ ചെറിയ ഗുഹകളും കാണാൻ കഴിഞ്ഞു.
പല്ലികൾക്ക് സമാനമായ ചില ജീവികളെയും പ്രദേശത്ത് കാണാം. വെള്ളച്ചാട്ടത്തിന്റെ ഉറവിടം താഴെനിന്നും നോക്കിയെങ്കിലും കാണാനായില്ല. മണിക്കൂറുകൾ ചെലവഴിച്ചശേഷം സഞ്ചാരികൾ മുകളിലേക്ക് കയറിയത്. കുത്തനെയുള്ള ഗുഹയായതിനാൽ എളുപ്പത്തിൽ ഇറങ്ങാനും കയറാനും അവർക്ക് കഴിഞ്ഞു. സംഭവത്തിന്റെ വിഡിയോ നിരവധിപ്പേരാണ് കണ്ടത്. ഗുഹ എവിടെയാണെന്ന് സഞ്ചാരികൾ വിഡിയോയിൽ വ്യക്തമാക്കുന്നില്ല.