ജലാശയങ്ങൾ വറ്റുന്നു, ഊട്ടിയിൽ 73 വർഷത്തെ ഉയർന്ന താപനില: തമിഴ്‌നാട്ടിൽ ചൂട് 40 ഡിഗ്രിക്ക് മുകളിൽ
Mail This Article
ഊട്ടിയിൽ 73 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില, 29 ഡിഗ്രി ഇന്നലെ രേഖപ്പെടുത്തി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ താപനിലയെക്കാൾ 5.2 ഡിഗ്രി കൂടുതലാണിത്. 1993, 1995, 1996 വർഷങ്ങളിൽ 28.5 ഡിഗ്രി വരെ ഉയർന്നിരുന്നു. ഊട്ടി സസ്യോദ്യാനത്തിലെ ഇന്നലത്തെ കൂടിയ ചൂട് 28.3 ഡിഗ്രിയാണ്.
1951 നു ശേഷം ആദ്യമായാണ് ഊട്ടിയിൽ ഇത്ര ചൂട് അനുഭവപ്പെടുന്നത്. നീലഗിരിയിലെ ജലാശയങ്ങൾ വറ്റുകയാണ്. കാരറ്റ്, മുള്ളങ്കി, ഉരുളക്കിഴങ്ങ്, കാബേജ്, തേയില തുടങ്ങിയവയെ ചൂട് ബാധിച്ചു തുടങ്ങി. മറ്റു സ്ഥലങ്ങളിൽ ചൂടു കൂടിയതിനാൽ ഊട്ടിയിൽ സഞ്ചാരികളുടെ തിരക്കുണ്ട്.
അതേസമയം, തമിഴ്‌നാട്ടിൽ ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിന് അടുത്ത 5 ദിവസത്തേക്ക് ശമനമുണ്ടാകില്ലെന്നാണ് മേഖലാ കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. ഉൾനാടൻ ജില്ലകളിൽ പലയിടത്തും സാധാരണ താപനിലയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ് ചൂട്. 7 സ്ഥലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് താപനില. ഈറോഡ് (42), തിരുപ്പത്തൂർ (41.4), ധർമപുരി (41.2), വെല്ലൂർ (41.1), തിരുത്തണി (40.6), കരൂർ പരമത്തി (40.2), സേലം (40.1) എന്നിങ്ങനെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. മീനമ്പാക്കത്ത് 38.6 ഡിഗ്രി സെൽഷ്യസും നുങ്കമ്പാക്കത്ത് 36 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
പരിസ്ഥിതി നാശം; ഇ–പാസ് നിർബന്ധം
ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്ക് മേയ് 7 മുതൽ ഇ– പാസ് ഏർപ്പെടുത്താൻ നീലഗിരി, ഡിണ്ടിഗൽ കലക്ടർമാരോടു മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ജൂൺ 30 വരെ ഇ–പാസുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടാവൂ. 2 വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്താണു നടപടി. ഊട്ടിയിൽ ദിവസേന 1,300 വലിയ വാഹനങ്ങൾ ഉൾപ്പെടെ 20,000 വാഹനങ്ങൾ എത്തുന്നതു പരിസ്ഥിതിക്കും പ്രദേശവാസികൾക്കും മൃഗങ്ങൾക്കും ദോഷകരമാണെന്നു കോടതി നിരീക്ഷിച്ചു. ഏതു തരം വാഹനം, യാത്രക്കാരുടെ എണ്ണം, എത്ര ദിവസത്തെ താമസം എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ ഇ പാസ് ലഭിക്കാൻ രേഖപ്പെടുത്തണം. പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ദേശീയ തലത്തിൽ പരസ്യങ്ങൾ നൽകണമെന്നും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേ ജസ്റ്റിസുമാരായ സതീഷ് കുമാർ, ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഐഐടി മദ്രാസ്, ഐഐഎം ബാംഗ്ലൂർ എന്നിവയുടെ പഠനറിപ്പോർട്ട് സമർപ്പിക്കുന്നതു വരെയുള്ള ഇടക്കാല നടപടികളുടെ ഭാഗമായാണു നിയന്ത്രണം ഏർപ്പെടുത്തുന്നത്. കോവിഡ് കാലത്തു നടപ്പാക്കിയ ഇ–പാസ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരാണു സാങ്കേതിക സഹായം നൽകേണ്ടത്. പ്രദേശവാസികളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണമെന്നു നിർദേശിച്ച കോടതി കേസ് ജൂലൈ 5ലേക്കു മാറ്റി.