മാളത്തിനുള്ളിൽ പൊരിഞ്ഞ പോര്; മുഖത്ത് രണ്ടുതവണ കടിയേറ്റു, പാമ്പിന്റെ തല കാലിനടിയിലാക്കി കീരി
Mail This Article
കീരിയും പാമ്പും തമ്മിലുള്ള ശത്രുത ലോകപ്രശസ്തമാണ്. തമ്മിൽ കണ്ടാൽ ഒന്ന് മറ്റൊന്നിനെ തോൽപ്പിക്കാനായി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യും. അത്തരത്തിൽ ഒരു പൊരിഞ്ഞ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ഒരു ചെറിയ മാളത്തിനുള്ളിൽ കിടന്നാണ് ഇരു ജീവികളുടെയും അടിപിടി. പരസ്പരം വിട്ടുകൊടുക്കാൻ തയ്യാറാവാതെയുള്ള ഈ വഴക്കിന്റെ ദൃശ്യങ്ങൾ ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.
അതീവ അപകടകാരിയായ ഒരു മൂർഖൻ പാമ്പിനെയാണ് കീരി നേരിടുന്നത്. രണ്ടു ജീവികളും കുഴിയിലായതിനാൽ അവയ്ക്ക് ഓടി രക്ഷപ്പെടാനും സാധിക്കില്ല. പത്തി വിടർത്തി നിൽക്കുന്ന പാമ്പ് തുടക്കത്തിൽ തന്നെ കീരിയെ കൊത്താൻ ആഞ്ഞു. രണ്ട് തവണ കൊത്തിയെങ്കിലും അടുത്ത തവണ സർവശക്തിയും സംഭരിച്ച് പ്രത്യാക്രമണം നടത്താനായിരുന്നു കീരിയുടെ പുറപ്പാട്. അത് പാമ്പിന്റെ നേർക്ക് തിരിഞ്ഞ് പത്തിയിൽ തന്നെ കടിച്ചു. പിന്നീട് മുൻകാലുകൾ ഉപയോഗിച്ച് പാമ്പിന്റെ തലഭാഗം പിടിച്ചമർത്തി.
കയ്യൊന്ന് അയച്ചാൽ പാമ്പ് വീണ്ടും ആക്രമിക്കുമെന്ന് മനസ്സിലാക്കിയതോടെ കീരി മിനിറ്റുകളോളം അതേ നിലയിൽ ഇരിപ്പ് തുടരുകയും ചെയ്യുന്നുണ്ട്. മൂർഖനാകട്ടെ തിരിച്ച് ആക്രമിക്കാനാവാതെ തറപറ്റി കിടന്നു. എന്നാൽ ഈ വഴക്കിന്റെ അവസാനം ആരാണ് ജയിച്ചതെന്ന കാര്യം ദൃശ്യങ്ങളിൽ വ്യക്തമല്ല. ആദ്യ കാഴ്ചയിൽ തന്നെ ഭയം തോന്നുന്ന മൂർഖൻ പാമ്പിനെ സധൈര്യം നേരിടുന്ന കീരിയുടെ സാഹസം എക്സിലൂടെ ഇതിനോടകം 1.8 കോടി ആളുകളാണ് കണ്ടത്.