പെരുമഴയിൽ മുങ്ങി ബ്രസീൽ; പൊലിഞ്ഞത് നൂറിലധികം ജീവനുകൾ; കിടപ്പാടമില്ലാതെ ഒരുലക്ഷം പേർ
Mail This Article
ബ്രസീലിനെ ദുരിതത്തിലാക്കി കനത്ത മഴയും വെള്ളപ്പൊക്കവും. നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരുലക്ഷത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു. വീടുകളും പാലങ്ങളുമെല്ലാം പ്രളയത്തിൽ തകർന്നടിഞ്ഞു. പലഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ബ്രസീലിന്റെ തെക്കൻ മേഖലയായ റിയോ ഗ്രാൻഡെ ഡോ സുളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉറുഗ്വ–അർജന്റീന അതിർത്തിയിലാണ് ഈ പ്രദേശം. ഏപ്രിൽ 29 മുതലാണ് അതിശക്തമായ മഴയ്ക്ക് നഗരം സാക്ഷ്യം വഹിച്ചത്.
ജലനിരപ്പ് കുതിച്ചുയരുന്നത് അണക്കെട്ടുകൾ ഭീഷണിയായി വരികയാണ്. ഇതേതുടർന്ന് പോർട്ടോ അലെഗ്രെ നഗരം കടുത്ത ആശങ്കയിലാണ്. സ്ഥലത്ത് ഗവർണർ എഡ്വാർഡോ ലെയ്റ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ഏറ്റവും മോശപ്പെട്ട ദുരന്തമാണ് ബ്രസീൽ നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ കണക്കനുസരിച്ച് 497 നഗരങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. താഴ്ന്ന മേഖലകളെല്ലാം വെള്ളത്തിനടിയിലാണ്. റോഡുകൾ തകർന്നു, വിമാനത്താവളം മുങ്ങി. പലയിടത്തും ശുദ്ധജലമോ വൈദ്യുതിയോ ലഭ്യമല്ല. പത്ത് ലക്ഷം ആളുകൾ പ്രളയത്തിനുപിന്നാലെ ദുരിതമനുഭവിക്കുന്നതായി ബ്രസീലിലെ പ്രതിരോധ സേന പറയുന്നു.
ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ പ്രളയബാധിത പ്രദേശം സന്ദർശിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് അപ്രതീക്ഷിത ദുരന്തത്തിനുപിന്നിലെന്ന് വിദഗ്ധർ പറയുന്നു.