ഏഴുനിറങ്ങളിൽ കാണുന്ന മഴവിൽ മല! ഭൂമിയിലെ മഹാദ്ഭുതം
Mail This Article
തെക്കേ അമേരിക്കയിലെ പ്രശസ്തമായ പർവതനിരയാണ് ആൻഡിസ്. പെറുവിലെ ആൻഡിസ് മേഖലയിൽ ഉൾപ്പെട്ടതാണ് ഔസൻഗേറ്റ് മലനിരകൾ. വ്യത്യസ്തമായ നിറങ്ങളുള്ള മലകളാണ് ഇവയെ പ്രശ്‌സതമാക്കിയത്. ചിലത് ടെറകോട്ട നിറത്തിൽ, ചിലത് ലാവൻഡർ നിറത്തിൽ. അങ്ങനെയങ്ങനെ അദ്ഭുതകരമായ നിറങ്ങളും രൂപങ്ങളുമുള്ള മലകൾ ഔസൻഗേറ്റിൽ കാണാം. മേഖലയിലെ ധാതുക്കളും അന്തരീക്ഷവുമാണ് ഇത്തരമൊരു നിറക്കൂട്ട് ഔസൻഗേറ്റിൽ ഒരുക്കിയത്.
എന്നാൽ ഈ മേഖലയിലെ മലകളിൽ ഒന്ന് മറ്റെല്ലാത്തിനെക്കാൾ കൂടുതൽ പ്രശസ്തമാണ്. വിനികുൻക എന്നാണ് ഈ മലയുടെ പേര്. മഴവിൽ മലയെന്നും അറിയപ്പെടുന്നു. പേരുസൂചിപ്പിക്കുന്നതുപോലെ മഴവിൽനിറങ്ങളിൽ പല വർണങ്ങൾ വിനികുൻകയിൽ കാണുന്നു. പണ്ടുകാലത്ത് ഈ മല കണ്ടെത്താൻ ധാരാളം കഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇന്ന് പെറുവിലെ കുസ്‌കോയിൽ നിന്ന് ഇങ്ങോട്ടേക്ക് ടൂറിസ്റ്റ് സർവീസുകളൊക്കെ ധാരാളമുണ്ട്. ഇന്ന് പെറുവിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന രണ്ടാമത്തെ സ്ഥലമാണ് വിനികുൻക. പ്രതിദിനം നാലായിരത്തോളം പേർ സീസണിൽ ഇവിടെയെത്തുന്നെന്നാണ് കണക്ക്. ഒരു മണിക്കൂറിലധികം നടക്കേണ്ടതുമുണ്ട് ഇവിടെയെത്താൻ. മൊണ്ടാന ഡി സീറ്റേ കളേർസ്, മോണ്ടാന ഡി കളേർസ്, മോണ്ടാന ആർകോയിറിസ് തുടങ്ങിയ പല പേരുകളിൽ വിനികുൻക അറിയപ്പെടുന്നുണ്ട്. 17000 അടിയിലാണ് ഇതിന്റെ കൊടുമുടി സ്ഥിതി ചെയ്യുന്നത്.
വിനികുൻക എത്താനായി അധികം വിനോദസഞ്ചാരികളും ഓഗസ്റ്റാണ് തിരഞ്ഞെടുക്കാറുള്ളത്. വരണ്ട കാലമായതിനാൽ മനോഹരമായ കാഴ്ച ലഭിക്കുന്നതിനാലാണിത്.
ഈ മലയ്ക്ക് ഏഴുനിറങ്ങൾ കിട്ടിയത് അതിന്‌റെ ധാതു ഘടന കൊണ്ടാണ്. കളിമണ്ണും ചെളിയും പിങ്ക് നിറത്തിലും, ക്വാർട്ടോസും സാൻഡ്‌സ്റ്റോണും വെളുത്തനിറവും ഇരുമ്പടങ്ങിയ കല്ലുകൾ ചുവപ്പ് നിറമും, ഫൈലൈറ്റ് ധാതുക്കൾ പച്ചനിറവും മഗ്നീഷ്യമുൾപ്പെടെ അടങ്ങിയ ചില പാറകൾ ബ്രൗൺ നിറമും കാൽകാരിയസ് സാൻഡ്‌സ്റ്റോൺ ധാതുക്കൾ മഞ്ഞനിറവും നൽകുന്നു.
ഈ മേഖലയിൽ ധാതുഖനനത്തിന് പെറു സർക്കാർ ഇടയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനെത്തുടർന്ന് വലിയ പ്രതിഷേധം ഉയർന്നു. കേസുകളിലും കോടതി വ്യവഹാരങ്ങളിലും കുടുങ്ങിക്കിടക്കുകയാണ് ഇതുസംബന്ധിച്ച തർക്കങ്ങൾ.