ഇങ്ങനെയുമുണ്ട് ഒരു ആടുജീവിതം! മൊറോക്കോയിലെ മരംകയറി ആടുകൾ
Mail This Article
ആടുകൾ മനുഷ്യർക്ക് സുപരിചിതരായ ജീവികളാണ്. സസ്യാഹാരികളായ ഇവ താഴ്ന്ന കൊമ്പുകളിൽ നിന്നും മറ്റുമൊക്കെ ഇലകൾ പറിക്കാനായി കുതിച്ചുചാടുന്ന കാഴ്ചയൊക്കെ നാം സാധാരണയായി കാണുന്ന കാഴ്ചയാണ്. എന്നാൽ മരം കയറുന്ന ആടുകളെക്കുറിച്ചു കേട്ടിട്ടുണ്ടോ?
ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലാണ് ഈ അദ്ഭുത കാഴ്ചയുള്ളത്. മൊറോക്കോയിൽ വളരുന്ന ആർഗൻ മരങ്ങളിലെ പഴം കഴിക്കാനായാണ് ഈ ആടുകൾ മരത്തിനു മുകളിൽ കയറുന്നത്. ശരാശരി 30 അടിയിലധികം പൊക്കത്തിൽ ആടുകൾ ഇങ്ങനെ കയറാറുണ്ട്. ആടുകൾ ഇങ്ങനെ മരത്തിൽ കയറുന്നത് തദ്ദേശീയർക്കും സന്തോഷമുള്ള കാര്യമാണ്. പഴം കഴിച്ചുകഴിയുന്ന ആടുകൾ ഉമിനീർ പുറത്തുവിടുമ്പോഴും വിസർജിക്കുമ്പോഴും ആർഗൻ പഴത്തിന്റെ കുരുക്കളും പുറത്തുവരും. ഈ കുരുക്കൾക്ക് നല്ല മൂല്യമുണ്ട്. ആർഗൻ ഓയിൽ ഉത്പാദിപ്പിക്കാനായി ഇവ ഉപയോഗിക്കും. മെക്‌സിക്കോയ്ക്ക് വിദേശ വിപണിയിൽ നല്ല പണം നേടിക്കൊടുക്കുന്ന ഒരു കയറ്റുമതി ഉത്പന്നമാണ് ആർഗൻ ഓയിൽ.
പൊതുവെ സ്മാർട്ടായ ജീവികളായ ആടുകൾ വളരെ സജീവമായി ഓടുകയും ചാടുകയുമൊക്കെ ചെയ്യുമെങ്കിലും മരംകയറുന്നത് ഇവയ്ക്ക് അൽപം പണിയുള്ള കാര്യമാണ്. വളരെ പതുക്കെ കയറിയാണ് ആടുകൾ ആർഗൻ മരങ്ങളുടെ മുകളിലെത്തുന്നത്. ചില ഉടമകൾ ആടുകൾ സുഗമമായി കയറാനായി മരക്കമ്പുകൾ സൗകര്യത്തിനു കോതിയും മുറിച്ചുമൊക്കെ കൊടുക്കും. ആടുകൾ ആർഗൻ കുരുക്കൾ തുപ്പുന്നത് എണ്ണവിപണിക്കു മാത്രമല്ല സഹായകമാകുന്നത്. ഈ കുരുക്കൾ വിവിധ മേഖലകളിലെത്താനും അവിടെയെല്ലാം ആർഗൻ മരങ്ങൾ വളരാനും ആടുകളുടെ ഈ രീതി സഹായകമാണ്.
എന്നാൽ ചില കർഷകർ ആടുകളെ നിർബന്ധപൂർവം മരം കയറ്റുന്നെന്ന ആരോപണവുമുണ്ട്. മരം കയറുന്ന ആടുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ധാരാളം വിനോദസഞ്ചാരികൾ ഈ കാഴ്ച നേരിട്ടു കാണാൻ ഇങ്ങോട്ടേക്ക് എത്താറുണ്ട്. ഇവരെ കബളിപ്പിക്കാൻ ആടുകളെ ബോധപൂർവം മരത്തിൽ കയറ്റുന്നെന്നാണ് ആേേരാപണം
ആടുകളുടെ അമിതമായ മരത്തിൽകയറ്റം ആർഗൻ മരങ്ങളെ നശിപ്പിക്കുന്നെന്നും ആരോപണമുണ്ട്. ഒരുകാലത്ത് ഉത്തര ആഫ്രിക്കയിൽ ധാരാളമുണ്ടായിരുന്ന മരങ്ങളാണ് ആർഗൻ. എന്നാൽ ഇന്ന് ഇവയുടെ എണ്ണം വളരെ കുറയാനിടയായതിൽ ആടുകൾക്കും പങ്കുണ്ടെന്ന് വിദഗ്ധർ പറയുന്നു. ആർഗൻ മരങ്ങൾ വീണ്ടും വച്ചുപിടിപ്പിക്കാനായുള്ള ശ്രമങ്ങൾ ആഫ്രിക്കയിൽ തകൃതിയാണ്.