ആനയേയും കുട്ടിയേയും രക്ഷിക്കാൻ 3500 കിലോമീറ്റർ യാത്ര; വൻതാര സംഘത്തിനു നന്ദി...
Mail This Article
ആനയേയും കുഞ്ഞിനെയും രക്ഷിക്കാൻ അനന്ത് അംബാനിയുടെ വൻതാര സംഘം 24 മണിക്കൂറിനുള്ളിൽ യാത്ര ചെയ്തത് 3500 കിലോമീറ്റർ. ശനിയാഴ്ച ജാംനഗറിൽ നിന്നും ത്രിപുരയിലേക്കാണ് സംഘം അടിയന്തിരമായി യാത്ര ചെയ്തത്. മുകേഷ് അംബാനിയുടെ ഇളയപുത്രൻ അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വൻതാര ഫൗണ്ടേഷനിലേക്ക് വന്ന ഒരു ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം ഇടപെടൽ നടത്തിയത്.
ആനയും കുഞ്ഞും അടിയന്തിര സഹായം തേടുന്നുവെന്ന അറിയിപ്പിനു പിന്നാലെ ഒരു സംഘം ഡോക്ടർമാർ ജാംനഗറിൽ നിന്നും ത്രിപുരയിലെ ഉനകോട്ടി ജില്ലയിലേക്കാണ് പോയത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ത്രിപുരയിൽ എത്തിയ ഉടൻ അവർ ദുരിതത്തിലായ ആനയ്ക്കും കുട്ടിക്കും അടിയന്തിര പരിചരണം നൽകി. ഇതിന്റെ വിഡിയോ പകർത്തുകയും ചെയ്തിരുന്നു.
ഈ ദൃശ്യങ്ങൾ ഉള്ള വിഡിയോയിൽ ഒരു സ്ത്രീ അനന്ത് അംബാനിക്കും വൻതാര സംഘത്തിനും നന്ദി പറയുന്നത് കേൾക്കാം. കൃത്യമായ ഇടപെടലിലൂടെ ആനയെയും കുഞ്ഞിനെയും രക്ഷിച്ച കാര്യവും എങ്ങനെയാണ് സംഘം 24 മണിക്കൂറിനുള്ളിൽ സ്ഥലത്ത് എത്തിയതെന്നും പറയുന്നു. ഒരു ദിവസം മുൻപാണ് വൻതാര സംഘത്തിനു ഇമെയിൽ അയച്ചത്. തൊട്ടടുത്ത ദിവസം അവർ ഇവിടെ എത്തി. എല്ലാവരോടും ഹൃദയത്തിൽ നിന്നും നന്ദി പറയുന്നുവെന്നും സ്ത്രീ വ്യക്തമാക്കി.
എന്താണ് വൻതാര?
മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും നടത്തുന്ന പുനരധിവാസ പദ്ധതിയാണ് വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്). ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി. ഗുജറാത്തിലെ റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്നതാണ് വൻതാര ആഗോളതലത്തിലെ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ലക്ഷ്യം. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും മുൻനിര വിദഗ്ധരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, വൻതാര 3000 ഏക്കർ വിസ്തൃതിയുള്ള സ്ഥലം ഒരു വനമാക്കി മാറ്റുകയായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. അത്യാധുനിക ആരോഗ്യ സംരക്ഷണം, ആശുപത്രികൾ, ഗവേഷണം, അക്കാദമിക് കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ മികച്ച ഇൻ-ക്ലാസ് മൃഗസംരക്ഷണവും പരിചരണ രീതികളും സൃഷ്ടിക്കുന്നതിൽ വൻതാര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ), വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യുഡബ്ല്യുഎഫ്) തുടങ്ങിയ പ്രശസ്ത രാജ്യാന്തര സർവകലാശാലകളുമായും സംഘടനകളുമായും വൻതാര സഹകരിക്കുന്നു.