ADVERTISEMENT

വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കാട്ടാനകളുടെ സംസ്ഥാനാന്തര കണക്കെടുപ്പ് നടത്തുന്നു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ സംയുക്തമായിട്ടാണ് സംസ്ഥാനാന്തര ഏകീകൃത കണക്കെടുപ്പ് നടത്തുന്നത്. വന്യജീവി പ്രശ്നം ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിന് രൂപീകരിച്ച സംസ്ഥാനാന്തര കോ–ഓർഡിനേഷൻ കമ്മിറ്റി തീരുമാന പ്രകാരമാണ് ഇത്.

കേരളത്തിലെ കാട്ടാനകളുടെ എണ്ണം തിട്ടപ്പെടുത്താൻ വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ 23 മുതൽ 25 വരെ കണക്കെടുപ്പ് നടത്തും. തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ വനം വകുപ്പും ഇതേ ദിവസം തന്നെ അവരുടെ പരിധിയിലെ വനമേഖലകളിൽ കാട്ടാനകളുടെ എണ്ണമെടുക്കും. കണക്കെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥർക്കായി പാലക്കാട്, കോട്ടയം, പറമ്പിക്കുളം എന്നിവിടങ്ങളിൽ പരിശീലനം ആരംഭിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് അറിയിച്ചു.

കണക്കെടുപ്പ് മൂന്നു രീതിയിൽ

മൂന്ന് വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് കാട്ടാനകളുടെ കണക്കെടുപ്പ്. 23ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലും 24ന് പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് രീതിയിലും (ആനപ്പിണ്ഡത്തിന്റെ എണ്ണം കണക്കാക്കി), 25ന് വാട്ടർഹോൾ അല്ലെങ്കിൽ ഓപ്പൺ ഏരിയ കൗണ്ട് രീതിയിലുമാണ് കാട്ടാനകളുടെ എണ്ണം പരിശോധിക്കുക. വിവരങ്ങൾ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കി അടുത്ത മാസം 23ന് കരട് റിപ്പോർട്ട് തയാറാക്കും അന്തിമ റിപ്പോർട്ട് ജൂലൈ 9ന് സമർപ്പിക്കും. കഴിഞ്ഞ വർഷം വനം വകുപ്പ് നടത്തിയ കണക്കെടുപ്പിൽ (ബ്ലോക്ക് കൗണ്ട് ) 1920 ആനകൾ ഉള്ളതായാണ് കണ്ടെത്തിയത്. 1382 വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ പങ്കാളികളായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com