ADVERTISEMENT

ചരിത്രം ഉറങ്ങുന്ന രാജ്യമാണ് ഈജിപ്ത്. സുവ്യക്തമായ രാജവംശങ്ങൾ കാലങ്ങളോളം ഭരിച്ച ഇടം. പൗരാണിക ഈജിപ്തിന്റെ കൊടിയടയാളമാണ് രാജ്യത്തു കാണപ്പെടുന്ന അനേകം പിരമിഡുകൾ. ഗിസയിലെ പിരമിഡുകൾ മുതൽ അനേകം പിരമിഡുകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. പുരാവസ്തുഗവേഷകരെയും ചരിത്രകാരൻമാരെയും അന്നും ഇന്നും പിരമിഡുകൾ ആകർഷിക്കുന്നു.

ഈജിപ്തിൽ കുറച്ചധികം പിരമിഡുകൾ വരണ്ട, ജലസാമീപ്യം ഇല്ലാത്ത മേഖലകളിലാണ് കാണപ്പെടുന്നത്. ഗിസ, ലിഷ്ട് എന്നീ മേഖലകൾക്കിടയിൽ 30 പിരമിഡുകളാണ് ഇങ്ങനെ സ്ഥിതി ചെയ്യുന്നത്. സഹാറ മരുഭൂമിയുടെ ഭാഗമായ പടിഞ്ഞാറൻ മരുഭൂമിയിൽ. ഇക്കൂട്ടത്തിൽ ഗിസയിലെ ഗ്രേറ്റ് പിരമിഡും ഉൾപ്പെടും. പ്രാചീന കാലത്തെ ഏഴ് മഹാദ്ഭുതങ്ങളിൽ (സെവൻ വണ്ടേഴ്സ് ഓഫ് ദ ഏൻഷ്യന്റ് വേൾഡ്) ഉൾപ്പെട്ടതാണ് ഗിസയിലെ പിരമിഡ്.

ഈജിപ്തിന്റെ ജീവനാഡിയായ നൈൽ നദിക്ക് അകലെ മാറിയാണ് ഇവ സ്ഥിതി ചെയ്യുന്നത്. എന്തുകൊണ്ടാകാം ഇവ ഇങ്ങനെ കാണപ്പെടുന്നതെന്ന് വിദഗ്ധരെ ചിന്തിപ്പിച്ച ഒരു കാര്യമാണ്. ഇപ്പോൾ ഇതിന് പുതിയ ഒരു സാധ്യത മുന്നോട്ടുവച്ചിരിക്കുകയാണ് ഗവേഷകർ. ഈ പിരമിഡുകളുടെ മാത്രം രഹസ്യമല്ല, മറിച്ച് ഈജിപ്തിലെ പിരമിഡുകൾ എങ്ങനെ നിർമിക്കപ്പെട്ടു എന്നതു സംബന്ധിച്ചുള്ള ഒരു സാധ്യതയും കൂടിയാണ് പുതിയ പഠനത്തിലൂടെ വെളിവാക്കപ്പെടുന്നത്.

പിരമിഡുകളുടെ നിർമാണം ചരിത്രത്തിലെ വലിയ ചർച്ചകൾക്കുള്ള വിഷയമായിരുന്നു. ഏകദേശം 4500 വർഷങ്ങൾ മുൻപൊക്കെ ഇത്രയും വലിയ മഹാസൃഷ്ടികൾ സാധ്യമാക്കാൻ എങ്ങനെ ഈജിപ്തുകാർക്ക് സാധിച്ചു എന്നുള്ളതായിരുന്നു ഒരു പ്രധാനചോദ്യം.

പ്രാചീന കാലഘട്ടത്തിൽ നൈൽനദി ഈ പിരമിഡുകൾക്ക് സമീപത്തായി ഒഴുകിയിരുന്നെന്ന സാധ്യതയാണ് പുതിയ ഗവേഷണത്തിലൂടെ ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്. നദി പിന്നീട് ഗതി മാറ്റിയിരിക്കാം, അല്ലെങ്കിൽ ഇതുവഴി ഒഴുകിയിരുന്ന നൈലിന്റെ ഏതോ കൈവഴി പിന്നീട് വറ്റിപ്പോയിരിക്കാം എന്ന സാധ്യതകളുണ്ടായിരുന്നു.

Representative image. Photo Credits: givaga/ Shutterstock.com
Representative image. Photo Credits: givaga/ Shutterstock.com

ഉപഗ്രഹചിത്രങ്ങളും ഭൗമസർവേകളും ഉപയോഗിച്ച് പഠനം നടത്തിയ ഗവേഷകർ നൈലിന്റെ ഒരു കൈവഴി ഇതുവഴി ഒഴുകിയിരുന്നെന്നും ഇതു പിന്നീട് വറ്റിമറഞ്ഞെന്നും കണ്ടെത്തി. ഏകദേശം 64 കിലോമീറ്റർ നീളമുള്ളതായിരുന്നത്രേ ഈ നദി. അഹ്റാമത് എന്നാണ് ഈ പ്രാചീനനദിക്ക് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. പിരമിഡ് എന്നാണ് അറബിഭാഷയിൽ ഇതിനർഥം.

നീളം മാത്രമല്ല, നല്ല വീതിയുമുള്ളതായിരുന്നു ഈ നദി. അരക്കിലോമീറ്ററോളം നീളമുണ്ടായിരുന്നു ഇതിനെന്ന് ഗവേഷകർ പറയുന്നു. 4200 വർഷങ്ങൾക്കു മുൻപാണ് ഈ നദി വറ്റാൻ തുടങ്ങിയത്. പിന്നീട് വീശിയടിച്ച മഞ്ഞുകാറ്റ് നദിയുടെ വിടവ് നികത്തി. പിരമിഡുകൾ നിർമിക്കാനാവശ്യമായിരുന്ന വസ്തുക്കളെയും അസംഖ്യം ജോലിക്കാരെയുമൊക്കെ ഈ നദി വഴിയാകാം കൊണ്ടുവന്നതെന്നും ഗവേഷകർ പറയുന്നു.

English Summary:

Unveiling the Mysteries of Egypt's Ancient Wonders: How Were the Great Pyramids Built

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com