ഹൃദ്രോഗം മാറ്റാനായി നായയിൽ സുഷിര ശസ്ത്രക്രിയ; ഇന്ത്യയിൽ ആദ്യം
Mail This Article
ശരീരത്തിൽ വളരെക്കുറച്ചുമാത്രം ആഘാതം സൃഷ്ടിക്കുന്ന ശസ്ത്രക്രിയാരീതി ഹൃദ്രോഗം മാറ്റാനായി നായയിൽ പരീക്ഷിച്ച് മൃഗഡോക്ടർമാര്‍. ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജൂലിയറ്റ് എന്ന നായയിൽ ഇത്തരം ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇത്തരമൊരു ശസ്ത്രക്രിയ ആദ്യമാണെന്ന് മൃഗഡോക്ടർമാർ പറയുന്നു.
ബീഗിൾ ഇനത്തിൽപെട്ട നായയാണ് ജൂലിയറ്റ്. മിട്രാൽ വാൽവ് ഡിസീസ് എന്ന രോഗം 2 വർഷമായി ജൂലിയറ്റിനെ വേട്ടയാടുന്നുണ്ടായിരുന്നു. ഹൃദയത്തിലെ രക്തചംക്രമണത്തിനു തടസ്സം സൃഷ്ടിക്കുന്നതും ശ്വാസകോശത്തിലും മറ്റും ദ്രാവകങ്ങൾ നിറയുന്നതിനും വഴിവയ്ക്കുന്ന അസുഖമാണ് ഇത്. ഓപ്പൺ ഹാർട്ട് സർജറി അല്ലാതെ ട്രാൻസ് കത്തീറ്റർ എഡ്ജ് ടു എഡ്ജ് റിപ്പയർ(ടിഇഇആർ) എന്ന രീതിയിലുള്ള ശസ്ത്രക്രിയയാണ് നായയിൽ നടത്തിയത്. നായയെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
നായ്ക്കളിൽ വ്യാപകമായി ബാധിക്കപ്പെടുന്ന ഒരു അസുഖമാണ് മിട്രാൽ വാൽവ് ഡിസീസ്. ലോകമെമ്പാടുമുള്ള നായ്ക്കളിലെ ഹൃദ്രോഗത്തിൽ 80 ശതമാനവും ഈ രോഗമാണ്. മരുന്ന് നൽകുകയാണ് ഇതിന് സ്ഥിരം അവലംബിക്കാറുള്ള ചികിത്സ. ഓപ്പൺ ഹാർട്ട് സർജറി വളരെ അപൂർവമാണ്. പ്രത്യേക ദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന മെഡിക്കൽ പ്രക്രിയയാണ് ടിഇഇആർ. ഈസോഫാഗൽ ഫോർഡി ഇക്കോ കാർഡിയോഗ്രഫി, ഫ്ലൂറോസ്കോപി എന്നിവ ഉപയോഗിച്ച് ശസ്ത്രക്രിയാസമയത്ത് സൂക്ഷ്മമായി വീക്ഷിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
നെഞ്ചിലൂടെ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ വാൽവ് തകരാർ പരിഹരിക്കുകയാണ് ചെയ്തത്.ന്യൂഡൽഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള സ്വകാര്യ മൃഗാശുപത്രിയിലെ ഡോക്ടർമാരായ ഭാനുദേവ് ശർമയും സംഘവുമാണ് ഇതിനു പിന്നിൽ. ഇതെപ്പറ്റി പഠിക്കാനായി ഇവർ ഷാങ്ഹായി സന്ദർശിച്ചിരുന്നു.
വേട്ടയ്ക്കായിട്ടാണ് ബീഗിൾ നായ്ക്കളെ വളർത്തിയിരുന്നത്. എന്നാൽ ചെറിയ ശരീരവും മികച്ച പെരുമാറ്റ സവിശേഷതകളുമുള്ള ബീഗിൾ പിന്നീട് പ്രിയപ്പെട്ട അരുമമൃഗമായി മാറുകയായിരുന്നു. ഇംഗ്ലണ്ടിലാണ് ഇവയുടെ ഇന്നത്തെ വകഭേദത്തെ ആദ്യം ബ്രീഡ് ചെയ്തത്.1830ൽ ആയിരുന്നു ഇത്.