നൂറിലേറെ വർഷം പഴക്കം; ഈ വമ്പൻ മരത്തിനടിയിലൂടെ നിങ്ങൾക്ക് കാറോടിക്കാം
Mail This Article
അവന്യു ഓഫ് ദ ജയന്റ്സ് എന്ന ദേശീയപാത കലിഫോർണിയയിലെ വലിയൊരു വിനോദസഞ്ചാര ആകർഷണമാണ്. ഹംബോൾട്സ് റെഡ്‌വുഡ് പാർക്ക് എന്ന വനമേഖലയിലൂടെയാണ് ഇതു കടന്നുപോകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പൊക്കമുള്ളതും വലുപ്പമുള്ളതുമായ റെഡ്‌വുഡ് മരങ്ങൾ ധാരാളം നിൽക്കുന്ന മേഖലയാണ് ഇത്.
ഇവിടത്തെ ഒരു പ്രധാന താരമാണ് ഡ്രൈവ് ത്രൂ ട്രീ. നൂറിലേറെ വർഷങ്ങൾ പഴക്കമുള്ളതാണ് ഈ മരം. ഇതിന്റെ ചുവട്ടിൽ ഒരു ദ്വാരമുണ്ട്. ഇതിലൂടെ വിനോദസഞ്ചാരികൾക്ക് കാറോടിച്ചു പോകാം. ഈ മരത്തിനടിയിലൂടെ കാർ ഓടിച്ച് ചിത്രമെടുക്കുന്നത് ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വളരെ പ്രിയമുള്ള കാര്യമാണ്. 15 ഡോളർ ചെലവാക്കിയാൽ ഈ മരത്തിന് അടിയിലെ ദ്വാരത്തിലൂടെ കാർ ഓടിക്കാൻ അവസരം കിട്ടും.
എന്നാൽ എങ്ങനെയാണ് ഈ മരത്തിനടിയിൽ കാർ പോകുന്ന രീതിയിൽ ഒരു ദ്വാരമുണ്ടായത്. ഒരിക്കൽ ഒരു മിന്നൽ ഈ മരത്തിലടിച്ചെന്നും തുടർന്നുണ്ടായ അഗ്നിബാധയിൽ ഈ മരത്തിന്‌റെ താഴെയുള്ള വശത്തെ വലിയൊരു ഭാഗം നശിച്ചെന്നും ഇതാണ് ദ്വാരമായി മാറിയതെന്നുമാണ് പറയപ്പെടുന്നത്.
കലിഫോർണിയയിൽ വൻമരങ്ങൾ ധാരാളമുണ്ട്. വൻ സെക്കോയമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന സെക്കോയ നാഷനൽ പാർക്കും ഈ യുഎസ് സംസ്ഥാനത്താണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ മരവും 2700 വർഷത്തോളം പഴക്കം അവകാശപ്പെടുന്നതുമായ ജനറൽ ഷെർമാൻ എന്ന മരം നിൽക്കുന്നത്. ഏകദേശം മുപ്പതു നിലക്കെട്ടിടത്തിന്റെ പൊക്കവും, മൂന്ന് ടെന്നിസ് കോർട്ടുകളുടെ വീതിയുമുള്ള മരം അമൂല്യമായ ജൈവവിശേഷമാണ്.
ലോകത്തിലെ പ്രശസ്തമായ പല മരങ്ങളും സ്ഥിതി ചെയ്തത് കലിഫോർണിയയിലാണ്.1905ൽ മറിഞ്ഞു വീണ ലിൻഡ്‌സേ ക്രീക്ക് ട്രീയാണ് ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ മരം. വലുപ്പത്തിൽ രണ്ടാമനായ ക്രാനൽ ക്രീക്ക് ജയന്റ് എന്ന മരം 1940ൽ മരംവെട്ടുകാർ വെട്ടിനശിപ്പിച്ചു. തുടർന്നാണു ജനറൽ ഷെർമാൻ ലോകത്തിലെ ഏറ്റവും വലിയ മരമായി മാറിയത്.