കറുത്ത നിറമുള്ള ആപ്പിൾ! ടിബറ്റിൽ വളരുന്ന അപൂർവരുചിയുള്ള പഴവർഗം
Mail This Article
കണ്ണിന് പൊൻകണിയാണ് എന്നൊക്കെ നമ്മൾ പറയുന്നതു പോലെ ഇംഗ്ലിഷിലെ ചൊല്ല് കണ്ണിന് ആപ്പിൾ പോലെ എന്നാണ്. പഴവർഗങ്ങളിൽ ആപ്പിൾ വഹിക്കുന്ന സവിശേഷ സ്ഥാനം ഇതിൽ നിന്നുതന്നെ വ്യക്തം. ലോകത്ത് അന്റാർട്ടിക്ക ഒഴിച്ചുള്ള മറ്റു ഭൂഖണ്ഡങ്ങളിലെല്ലാം ആപ്പിൾ വളർത്തപ്പെടുന്നു. പല രാജ്യങ്ങളുടെയും സംസ്‌കാരവുമായും ആപ്പിൾ കെട്ടുപിണഞ്ഞു കിടക്കുന്നു. സാഹിത്യങ്ങളിലും എത്രയോ തവണ പരാമർശിക്കപ്പെട്ടിരിക്കുന്നു ആപ്പിൾ.
യൂറോപ്പിലും അമേരിക്കൻ വൻകരകളിലുമൊക്കെ വ്യാപകമായുള്ള ആപ്പിളിന്റെ യഥാർഥ ജന്മദേശം ഏഷ്യയാണ്. മധ്യേഷ്യയിലാണ് ആപ്പിൾ ആദ്യമായി വളർന്നത്.
മാലസ് സീവെർസി എന്ന കാട്ടുമരത്തിൽ നിന്നാണ് ആപ്പിൾ ഉണ്ടായതെന്ന് ഇന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു. കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, വടക്കുപടിഞ്ഞാറൻ ചൈന എന്നിവിടങ്ങളിലാണ് ഈ മരം വളരുന്നത്.
ആപ്പിളുകൾ പല രുചിയിലും വലുപ്പത്തിലുമുണ്ട്. ഇക്കൂട്ടത്തിലെ ഒരു വ്യത്യസ്ത പഴവർഗമാണ് ബ്ലാക് ഡയമണ്ട് ആപ്പിൾ. ടിബറ്റിൽ വളരുന്ന ഈ ആപ്പിളിന് പേരു സൂചിപ്പിക്കുന്നതു പോലെ കറുപ്പ് നിറമെന്നു തോന്നിപ്പിക്കുന്ന നിറമാണ്. യഥാർഥത്തിൽ ഈ ആപ്പിളിന് കടുത്ത പർപ്പിൾ നിറമാണ്. ഇത് കറുപ്പ് നിറമായി കണ്ണിന് അനുഭവപ്പെടുന്നതാണ്. മധുരവും പുളിയും കൂടിച്ചേർന്നുള്ള പ്രത്യേക രുചി ഇവയെ ജനപ്രിയമാക്കുന്നു. ടിബറ്റിലെ നിങ്ചി എന്ന പർവത പ്രദേശത്താണ് ഇവ വളരുന്നത്. വ്യത്യസ്തതയുള്ളതിനാൽ വിലയും കൂടുതൽ. ഒരു ആപ്പിളിന് തന്നെ 500 രൂപയൊക്കെ വിലവരും.ഇവ മാർക്കറ്റിൽ അത്ര സുലഭവുമല്ല. ധാരാളം പോഷകമൂല്യങ്ങളും ഈ ആപ്പിളിനുണ്ട്.
ഇത്തരം ആപ്പിളുകൾ ടിബറ്റിൽ മാത്രമാണ് വളരുന്നത്. മറ്റുമേഖലകളിൽ ഇതേ സാഹചര്യങ്ങളും കാലാവസ്ഥയുമുണ്ടെങ്കിലേ ഇവ വളരൂ. മലനിരകളിലുള്ള ഈ കൃഷി ബുദ്ധിമുട്ടും വലിയ അധ്വാനവും വേണ്ടതാണ്. ഈ ആപ്പിളുകൾ മൂത്തു പാകമായി പഴുക്കാനും ധാരാളം സമയമെടുക്കും.