എഴുപതാം വയസ്സിൽ ആദ്യമായി മുട്ടയിട്ട് ഗെർട്രൂഡ്; സന്തോഷിക്കാനാകില്ലെന്ന് അധികൃതർ
Mail This Article
എഴുപതാം വയസിൽ ജീവിതത്തിൽ ആദ്യമായി മുട്ടയിട്ട് ഫ്ലെമിംഗോ പക്ഷി. യുകെയിലെ നോർഫോക്കിലെ പെൻസ്തോർപ്പ് നേച്ചർ റിസർവിലെ അന്തേവാസിയായ ഗെർട്രൂഡ് എന്ന ഫ്ലെമിംഗോയാണ് മുട്ടയിട്ടത്. പ്രണയിച്ചു നടന്നിരുന്ന ഗെർട്രൂഡ് യൗവ്വനം കഴിഞ്ഞശേഷമാണ് മുട്ടയിടുന്നതെന്ന് റിസർവ് മാനേജിങ് ഡയറക്ടർ ബെൻ മാർഷൽ വ്യക്തമാക്കി.
65ലധികം ഫ്ലെമിംഗോകളാണ് സംരക്ഷണ കേന്ദ്രത്തിലുള്ളത്. സാധാരണ 40 വയസുവരെയാണ് ഫ്ലെമിംഗോ ജീവിച്ചിരിക്കുക. കാലംതെറ്റിയിട്ട മുട്ട ഒരിക്കലും വിരിയില്ല. എങ്കിലും മാതൃത്വ പ്രകടനം ഗെർട്രൂഡ് നടത്തിയിരുന്നുവെന്ന് ബെൻ മാർഷൽ പറഞ്ഞു. 37 വയസുള്ള ഗിൽ ആണ് ഗെർട്രൂഡിന്റെ പങ്കാളി. സ്വന്തം കുഞ്ഞ് ജനിച്ചില്ലെങ്കിലും മറ്റ് ഫ്ലെമിംഗോകളുടെ കുഞ്ഞുങ്ങളെ താലോലിക്കാൻ ഗെർട്രൂഡിന് കഴിയുമെന്ന് ബെൻ പറഞ്ഞു.
ആറ് വയസ്സാകുമ്പോൾ തന്നെ ഫ്ലെമിംഗോകൾ ഇണകളെ കണ്ടെത്തും. ചിറക് വിടർത്തി മനോഹരമായി നൃത്തം ചെയ്താണ് ഇവ ഇണകളെ ആകർഷിക്കുന്നത്. ദ്വീപുകളിലും തീരപ്രദേശങ്ങളിലുമാണ് ഫ്ലെമിംഗോകൾ കൂടുതലായി കാണപ്പെടുന്നത്. ഇവയുടെ മുട്ട വിരിയാൻ ഏതാണ്ട് ആറ് ആഴ്ചവരെ വേണ്ടിവരും. മാതാപിതാക്കൾ ഇരുവരും മാറിമാറി അടയിരിക്കാറുണ്ട്. ഒരാൾ ഭക്ഷണം തേടാൻ പോകുമ്പോൾ മറ്റൊരാൾ അടയിരിക്കുന്നു.