‘ഓസ്കർ’ രഘു കുങ്കിയാകുന്നു; തെപ്പക്കാട്ടിൽ 55 വർഷത്തെ സൗഹൃദവുമായി ഭാമയും കാമാക്ഷിയും
Mail This Article
ഓസ്കർ നേടിയ ഹ്രസ്വചിത്രം എലിഫന്റ് വിസ്പറേഴ്സിലെ കഥാപാത്രം കുട്ടിക്കൊമ്പൻ രഘുവിനു കുങ്കിയാകാനുള്ള പരിശീലനം മുതുമല കടുവ സങ്കേതത്തിൽ നൽകിത്തുടങ്ങി. തെപ്പക്കാട്ടിൽ മറ്റുള്ള ആനകളുടെ കൂടെ രാവിലെ 7.30 മുതൽ 8.30 വരെയാണു പരിശീലനം. ഇവിടത്തെ സീനിയർ കുങ്കിയാനകളായ മുതുമല, ഇന്ദർ, അണ്ണാ തുടങ്ങിയവ വിരമിച്ച സാഹചര്യത്തിലാണു കുട്ടിയാനകൾക്കു കുങ്കിയാകാൻ പരിശീലനം നൽകുന്നത്.
എട്ടു വയസ്സായ രഘുവിന്റെ കൂടെ കൃഷ്ണ (13), ഗിരി (15), മസിനി (17) എന്നിവർക്കും പരിശീലനം നൽകി വരികയാണ്. നാലര വയസ്സുള്ള ബൊമ്മിക്കു പരിശീലനത്തിന്റെ ബാലപാഠങ്ങളും നൽകി വരികയാണ് പാപ്പാന്മാർ. (രഘുവിന്റെയും ബൊമ്മിയുടെയും അവരുടെ വളർത്തമ്മയായ ബെല്ലിയുടെയും വളർത്തഛൻ ബൊമ്മന്റെയും സ്നേഹത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററിയായിരുന്നു ഓസ്കർ അവാർഡ് നേടിയ ദി എലിഫന്റ് വിസ്പറേഴ്സ്.
ഇവയെക്കൂടാതെ വിജയ് (53), ഉദയൻ (26), ബൊമ്മൻ (23) എന്നീ കുങ്കിയാനകൾക്കും പാഠങ്ങൾ മറക്കാതിരിക്കാനുള്ള പരിശീലനവും നൽകുന്നുണ്ട്. തെപ്പക്കാട്ടിൽ രാവിലെയും വൈകിട്ടും നടക്കുന്ന ആനയൂട്ടിലെ പങ്കാളികളാണു രഘുവും ബൊമ്മിയും. ഇവരെക്കാണാൻ മാത്രം തെപ്പക്കാട്ടിലെ ആനയൂട്ടിന് എത്തുന്നവരേറെയാണ്.
ഭാമയുടെയും കാമാക്ഷിയുടെയും വിസ്മയ സൗഹൃദം
മുതുമല കടുവസങ്കേതത്തിലെ വിസ്മയമായ സുഹൃദ്ബന്ധത്തിനുടമകളാണു കാമാക്ഷിയും (65) ഭാമയും (75). 55 വർഷത്തെ സ്നേഹബന്ധത്തിന്റെ കഥയാണ് ഇരുവർക്കുമിടയിലുള്ളത്. തെപ്പക്കാട്ടിലെ ആനവളർത്തു കേന്ദ്രത്തിൽ വിശ്രമജീവിതം നയിച്ചു വരുന്ന പിടിയാനകളാണിവ. ഇരുവർക്കും ഒരേതരം ഭക്ഷണം ഒരേ സമയത്താണിവിടെ നൽകുന്നത്. ചങ്ങലകളിൽ ബന്ധിക്കാതെയാണിവരെ പരിപാലിച്ചു വരുന്നത്. പാപ്പാന്മാരുടെ ആജ്ഞ അനുസരിക്കാൻ ഇവർ മിടുക്കരാണ്. തെപ്പക്കാട്ടിലെ ആനയൂട്ടിന് ഇന്നലെയിവർ എത്തിയതും ഒരേ സമയത്താണ്. രണ്ടുപേരും മണ്ണിൽ കുളിച്ചായിരുന്നു വരവ്. ഭാമയ്ക്കു തന്റെ പാപ്പാനെ പുള്ളിപ്പുലിയിൽ നിന്നു രക്ഷിച്ച ചരിത്രമുണ്ട്. കാട്ടുകൊമ്പന്റെ കുത്തേറ്റ കാമാക്ഷിക്ക് അതു ഭേദമാവാൻ മാസങ്ങളുടെ ചികിത്സ വേണ്ടി വന്നു. പ്രായത്തിന്റെ ബുദ്ധിമുട്ട് അറിയിക്കാതെയാണു പാപ്പാന്മാർ ഈ ആനമുത്തശ്ശികളെ പരിപാലിച്ചു വരുന്നത്.