ജനിച്ച കുഞ്ഞുങ്ങളുടെ ചിത്രം പകർത്താൻ ശ്രമം; 70കാരനെ അമ്മ മൂസ് ആക്രമിച്ച് കൊലപ്പെടുത്തി
Mail This Article
സഫാരിക്കിടെ സഞ്ചാരികൾക്ക് മൃഗങ്ങളെ തൊടാനും അവർക്കൊപ്പം ഫോട്ടോയെടുക്കാനും അവസരം ലഭിക്കാറുണ്ട്. ഗൈഡ് നൽകുന്ന നിർദേശം അനുസരിച്ചായിരിക്കണം ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത്. ചിലർ മുന്നറിയിപ്പ് അവഗണിച്ച് കാടിനകത്ത് കയറുകയും അപകടത്തിൽപ്പെടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു ദാരുണസംഭവം യുഎസിലെ അലാസ്കയിൽ നടന്നു. ഹാമർ സിറ്റിയിലെ വനമേഖലയിലുള്ള മൂസ് (Moose) കുഞ്ഞുങ്ങളുടെ ചിത്രം പകർത്താൻ ശ്രമിച്ച 70കാരനെ അമ്മ മൂസ് കൊമ്പുകൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. ഡേൽ ചോർമാൻ എന്നയാളാണ് മരണത്തിനു കീഴടങ്ങിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അദ്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
മൂസിന്റെ കുട്ടികൾ ജനിച്ചതറിഞ്ഞ് ചോർമാനും സുഹൃത്തും കാട്ടിൽ പോവുകയായിരുന്നുവെന്ന് അലാസ്ക ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വക്താവ് ഓസ്റ്റിൻ മക്ഡാനിയൽ വ്യക്തമാക്കി. പ്രസവം കഴിഞ്ഞുനിൽക്കുന്ന പെൺമൂസുകൾ ഏറെ അപകടകാരികളാണ്. അവർ കുഞ്ഞിനെ സംരക്ഷിക്കാനായി നടത്തുന്ന ആക്രമണങ്ങൾ ശക്തമായിരിക്കുമെന്ന് ഓസ്റ്റിൻ പറഞ്ഞു.
മൂസുകളെ എൽക് (Elk) എന്നാണ് യൂറോപ്പിൽ വിളിക്കുന്നത്. പ്രായപൂർത്തിയായ ഒരു പെൺമൂസിന് ശരാശരി 800 പൗണ്ട് ഭാരവും (363 കി.ഗ്രാം) ആൺ മൂസിന് 1600 പൗണ്ടും (726 കി.ഗ്രാം) ഭാരവും ഉണ്ടാകും. ആറടിവരെ ഉയരമുള്ളവയാണിവ.