ADVERTISEMENT

പെഗസസ് എന്ന ചാരസോഫ്റ്റ്‌വെയർ ലോകമെങ്ങും കുപ്രസിദ്ധി നേടിയതാണ്. പല ഉന്നതരെയും നിരീക്ഷിക്കാനായി ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിനാലാണ് ഈ കുപ്രസിദ്ധി കൈവന്നത്. പെഗസസിനത്ര ഇല്ലെങ്കിലും ഒരു ചാരസോഫ്റ്റ്‌വെയർ ഉത്പന്നമാണ് കാൻഡിരുവും.

കാൻഡിരു എന്നത് യഥാർഥത്തിൽ, രക്തം കുടിച്ചുജീവിക്കുന്ന ഒരു ചെറിയ മീനിന്റെ പേരാണ്. ആമസോൺ മേഖലയിലാണ് ഈ മീനുകൾ പൊതുവെ കാണപ്പെടുന്നത്. മനുഷ്യരുടെ ശരീരത്തിലെ സുഷിരങ്ങളിലൂടെ പ്രവേശിച്ചതിനു ശേഷം രക്തം കുടിച്ചു വലുതായി മനുഷ്യരെ കൊല്ലുമെന്ന് ഈ മീനിനെപ്പറ്റി ഒരു തദ്ദേശീയ വിശ്വാസമുണ്ട് (ഇതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല). ഏതായാലും ഒളിച്ചു കയറി വിവരം ചോർത്തുന്നത് എന്ന അർഥത്തിലാകാം കാൻഡിരു സോഫ്റ്റ്‌വെയറിനും ഈ പേര് നൽകിയിരിക്കുന്നത്.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു മത്സ്യമാണ് കാൻഡിരുവെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ പറയുന്നു. നീന്തുന്നവരുടെയും മറ്റും ലിംഗസുഷിരത്തിലൂടെ കയറി മൂത്രനാളിയിൽ കയറുമെന്നും തന്റെ ചെകിളയിലെ മുള്ളുകുത്തിയിറക്കി അവിടെ സ്ഥിതി ചെയ്യുമെന്നായിരുന്നു വിശ്വാസം. ഇതു വളരെ വേദനാജനകമാണെന്നും പിന്നീട് ഈ മത്സ്യത്തെ അവിടെ നിന്നു മാറ്റാൻ പാടുപെടുമെന്നും ആമസോൺ മേഖലയിൽ വിശ്വാസമുണ്ടായിരുന്നു. പിന്നീട് കൂടുതൽ ഭയാനകമായ കഥകളിറങ്ങി. മൂത്രസ‍ഞ്ചിയിൽ മുട്ടകളിടു​മെന്നുവരെ പ്രചരിച്ചു.

എന്നാൽ ഈ കഥകളിലൊന്നും യാഥാർഥ്യമില്ലെന്ന് വിദഗ്ധർ പറയുന്നു. കാൻഡിരു അങ്ങനെ മനുഷ്യരെ ആക്രമിച്ച കേസുകളൊന്നും അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലത്രേ. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ് കാൻഡിരു കാണപ്പെടുന്നത്. വൻഡിലിയ സിറോസ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. പരമാവധി 7 ഇ‍ഞ്ച് വരെയൊക്കെയാണ് ഇവ വളരുന്നത്. മറ്റു മത്സ്യങ്ങളുടെ ചെകിളകളിൽ പറ്റിപ്പിടിച്ച് രക്തം കുടിച്ചാണ് കാൻഡിരു ഭക്ഷണം കണ്ടെത്തുന്നത്.

English Summary:

From Amazonian Rivers to Cyber Threats: Uncovering the Mysteries of Candiru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com