ലോകത്തെ ഏറ്റവും ഉയരമുള്ള കാള, വളർത്താൻ ചെലവേറെ; റോമിയോയ്ക്ക് ഗിന്നസ് റെക്കോർഡ്
Mail This Article
ലോകത്തിലെ ഏറ്റവും ഉയരമുള്ള കാള എന്ന പദവി സ്വന്തമാക്കി യുഎസിലെ റോമിയോ. ഒറിഗോണിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ വസിക്കുന്ന റോമിയോയ്ക്ക് 6 അടി 4 ഇഞ്ച് (1.94) ആണ് ഉയരം. ടോമിയോ എന്ന കാളയുടെ പദവിയാണ് ആറ് വയസുകാരനായ ഹോൾസ്റ്റീൻ ഇനത്തിൽപ്പെട്ട റോമിയോ തട്ടിയെടുത്തത്. ടോമിയോയേക്കാൾ മൂന്നിഞ്ച് കൂടുതലാണ് റോമിയോയ്ക്ക്.
മൃഗസംരക്ഷ കേന്ദ്രത്തിന്റെ ഉടമയായ മിസ്റ്റി മൂറിനൊപ്പമുള്ള റോമിയോയുടെ വിഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ആപ്പിളും വാഴപ്പഴവുമാണ് റോമിയോയുടെ ഇഷ്ടപ്പെട്ട ഇനങ്ങൾ. ഒരു ദിവസം 45 കിലോ ഗ്രാം പുല്ലും ധാന്യങ്ങളുമാണ് റോമിയോ കഴിക്കുന്നത്.
10 മാസം പ്രായമുള്ളപ്പോഴാണ് റോമിയോ മിസ്റ്റിയുടെ കൈയിലെത്തുന്നത്. ഒരു ഡയറി ഫാമിനടുത്ത് ജിവനുവേണ്ടി മല്ലടിച്ചിരുന്ന റോമിയോയെ ഒരാൾ രക്ഷിക്കുകയും അവർ മിസ്റ്റിയെ വിവരമറിയിക്കുകയുമായിരുന്നു. ഇറച്ചിക്ക് വേണ്ടി മാത്രം വളർത്തുന്ന ഇനമാണെങ്കിലും മിസ്റ്റി അവനെ പൊന്നുപോലെ വളർത്തി. റോമിയോയെപ്പോലുള്ള കാളകളെ വെറും കച്ചവട വസ്തുവായാണ് കണക്കാക്കുന്നത്. സ്നേഹം കൊണ്ടാണ് അവന് റോമിയോ എന്ന് പേരിട്ടത്. അവനെ വളർത്തുക എന്നത് ഏറെ ചെലവുള്ള കാര്യമാണെന്നും പണം കണ്ടെത്താനായി ധനസമാഹരണക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മിസ്റ്റി പറഞ്ഞു.