ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ ഗവേഷക സംഘം വിദൂര നിയന്ത്രിത വാഹനങ്ങൾ (സമുദ്ര റോബട്ടുകൾ) ഉപയോഗിച്ചു കേരള തീരത്തെ സമുദ്രവൈവിധ്യം രേഖപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയെന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അറിയിച്ചു. ശംഖുമുഖം, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ കടലിനടിയിലെ കപ്പൽ അവശിഷ്ടങ്ങളിൽ 212 ഇനം സമുദ്രജീവികളെയാണു കണ്ടെത്തിയത്. 1752ൽ അഞ്ചുതെങ്ങിൽ മുങ്ങിയ ഡച്ച് കപ്പൽ നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും 1968ൽ ശംഖുമുഖത്തു മുങ്ങിയ ഗ്രീക്ക് കപ്പൽ ഈ പദ്ധതിയിലൂടെ ആദ്യമായി ഫോട്ടോ ഡോക്യുമെന്റ് ചെയ്യപ്പെട്ടു.

അഞ്ചുതെങ്ങിലെ കപ്പൽ അവശിഷ്ടങ്ങൾ സമുദ്രജീവികളുടെ വലിയ പ്രജനന കേന്ദ്രമാണ്. മുള്ളൻ കടൽ കുതിര, ഓറഞ്ച് കപ്പ് പവിഴ ജീവി, സ്ക്വാറ്റ് ലോബസ്റ്റർ, ഒട്ടക ചെമ്മീൻ, റെഡ് വൈറ്റ് ക്ലീനർ ചെമ്മീൻ എന്നിവ ഉൾപ്പെടെ ഒട്ടേറെ ഇനങ്ങളെ കേരളത്തിൽ ആദ്യമായാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.

കേരള തീരത്ത് ആദ്യമായി ക്ലാത്തി മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളും പഠനത്തിൽ കണ്ടെത്തി. 40 മുതൽ 100 മീറ്റർ ആഴത്തിലാണ് കടലിൽ പഠനം നടത്തിയതെന്ന് റജിസ്ട്രാർ ഡോ.കെ.എസ്.അനിൽ കുമാർ പറഞ്ഞു.

കേരളത്തിന്റെ തീരക്കടലിലെ ജൈവ, പുരാവസ്തു പൈതൃകത്തിന്റെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ ഗവേഷണ പദ്ധതിക്കും സർവകലാശാലയ്ക്ക് അനുമതിയുണ്ടെന്നു ഗവേഷണത്തിനു നേതൃത്വം നൽകിയ അക്വാറ്റിക് ബയോളജി വകുപ്പ് മേധാവി പ്രഫ.എ.ബിജു കുമാർ അറിയിച്ചു. അദ്ദേഹവും സുവർണ എസ്.ദേവിയും ചേർന്ന് എഴുതിയ പുസ്തകം വിസി പ്രകാശനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com